ന്യൂദല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജന വഴി അടച്ചുറപ്പുള്ള വീട് ലഭിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് കത്തെഴുതിയ മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ സുധീര്‍ കുമാര്‍ ജെയിനിന് മോദിയുടെ സ്നേഹം നിറഞ്ഞ മറുപടി.
‘വീട് ഇഷ്ടികയും സിമന്റും കൊണ്ടുണ്ടാക്കിയ വെറും നിര്‍മിതിയല്ല, നമ്മുടെ വികാരങ്ങളും ആഗ്രഹങ്ങളും എല്ലാം അതിനോട് ചേര്‍ന്നിരിക്കുന്നു. വീടിന്റെ നാലു ചുവരുകള്‍ നമുക്ക് സുരക്ഷിതത്വം മാത്രമല്ല, നല്ലൊരു നാളെക്കുള്ള ആത്മവിശ്വാസവും നമുക്ക് പകരുന്നു. സ്വന്തമായി വീടും ലഭിച്ചതിന്റെ സന്തോഷം വിലമതിക്കാനാവാത്തതാണ്, അദ്ദേഹം തുടര്‍ന്നു.
ഈ നേട്ടത്തിലുള്ള സംതൃപ്തി കത്തിലെ വാക്കുകളില്‍നിന്ന് എനിക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ട്. വീട് കുടുംബത്തിന്റെ സുഖകരമായ ജീവിതത്തിനും കുട്ടികളുടെ മികച്ച ഭാവിക്കും പുതിയ അടിത്തറയാകും. പ്രധാനമന്ത്രി ആവാസ് യോജന വഴി കോടിക്കണക്കിന് പേര്‍ക്ക് ഉറപ്പുള്ള വീടുകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നിര്‍ധനരായ എല്ലാ കുടുംബങ്ങള്‍ക്കും വീട് എന്ന ലക്ഷ്യം നിറവേറ്റാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം അവിസ്മരണീയ നിമിഷങ്ങളാണ് രാജ്യസേവനത്തില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കാന്‍ പ്രചോദനവും ഊര്‍ജ്ജവും നല്‍കുന്നതെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രി ആവാസ് യോജന പാവപ്പെട്ട കുടുംബങ്ങള്‍ക്കുള്ള അനുഗ്രഹമാണെന്ന് വിശേഷിപ്പിച്ച സുധീര്‍ താന്‍ വാടക വീട്ടിലാണ് താമസിക്കുന്നതെന്നും ആറേഴു തവണയെങ്കിലും വീട് മാറിയിട്ടുണ്ടെന്നും കുറിച്ചു. കൂടെക്കൂടെ വീട് മാറുന്നതിന്റെ വേദനയും അദ്ദേഹം പങ്കുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: