ഭോപാല്‍: മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ രാംനവമി ഘോഷയാത്രക്ക് നേരെയുണ്ടായ കല്ലേറിനെ തുടര്‍ന്നുള്ള കലാപത്തില്‍ മസ്ലിങ്ങള്‍ ആക്രമിക്കപ്പെടുന്നതായുള്ള വ്യാജഫോട്ടോ ട്വീറ്റ് ചെയ്ത മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദ്വിഗ്വിജയ് സിങ്ങിനെതിരെ കേസെടുത്തു.
ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് പൊലീസ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153എ (വിവിധ സമുദായങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തല്‍), 295എ (ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്താനുദ്ദേശിച്ച് ബോധപൂര്‍വ്വം പ്രവര്‍ത്തിക്കല്‍), 465 (കള്ളരേഖചമയ്ക്കല്‍), 505 (രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്ന പ്രസ്താവന നടത്തല്‍) എന്നീ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് കേസെടുത്തിരിക്കുന്നത്.
മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ രാംനവമി ഘോഷയാത്രയോടനുബന്ധിച്ച് നടന്ന വര്‍ഗ്ഗീയകലാപത്തിന്റെ ഫോട്ടോ എന്ന നിലയിലാണ് ഇദ്ദേഹം ഒരു ഫോട്ടോ പങ്കുവെച്ച് ട്വീറ്റ് ചെയ്തത്. ഈ ഫോട്ടോയില്‍ ചില യുവാക്കള്‍ ഒരു മുസ്ലിം പള്ളിക്ക് മുകളിലേക്ക് വലിഞ്ഞു കയറി അവിടെ കാവിക്കൊടി ഉയര്ത്തുന്നതിന്റേതാണ്. ഇത് ബീഹാറില്‍ നിന്നുള്ള ഒരു പഴയ ചിത്രമായിരുന്നു. ഈ ചിത്രം ഇപ്പോള്‍ മധ്യപ്രദേശിലെ വര്‍ഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട് വീണ്ടും സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെടുന്നുണ്ട്.
ദിഗ്വിജയ് സിങ്ങ് ചെയ്ത വ്യാജ ഫോട്ടോയുള്ള വിവാദ ട്വീറ്റ്:
‘പള്ളിക്ക് മുകളില്‍ കാവിക്കൊടി ഉയര്‍ത്തുന്നത് ശരിയാണോ? ഈ ഘോഷയാത്രക്കാര്‍ക്ക് ആയുധം കൊണ്ടുപോകാന്‍ ഖാര്‍ഗോണ്‍ ഭരണകൂടമാണോ അനുവദിച്ചത്? മതം കണക്കിലെടുക്കാതെ കല്ലെറിഞ്ഞ എല്ലാവരുടെയും വീടുകള്‍ തകര്‍ക്കുമോ?’- എന്ന കുറിപ്പോടുകൂടിയാണ് ദിഗ്വിജയ് സിങ് ഈ വ്യാജ ഫോട്ടോ ട്വീറ്റ് ചെയ്തത്.
പക്ഷെ അബദ്ധം മനസ്സിലായതോടെ മണിക്കൂറുകള്‍ക്ക് ശേഷം ദ്വിഗ്വിജയ് സിങ്ങ് ഈ ട്വീറ്റ് പോജില്‍ നിന്നും നീക്കം ചെയ്തു. ദ്വിഗ്വിജയ് സിങ്ങിന്റെ ഈ ഫോട്ടോ ഫാക്ട് ചെക്ക് ചെയ്ത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന് ഇതിന് പിന്നിലെ സത്യാവസ്ഥ കണ്ടെത്തിയിരുന്നു. ‘ഇത് മതപരമായ കലാപം വളര്‍ത്താന്‍ വേണ്ടിയുള്ള ഗൂഢാലോചനയാണ്’- മുഖ്യമന്ത്രി ശിവരാജ് ചൗഹാന് ട്വീറ്റ് ചെയ്തു.
ദിഗ്വിജയ് സിങ്ങിന്റെ ഈ ട്വീറ്റിനെതിരെ ഗൗരവ് എന്ന വ്യക്തി പൊലീസില്‍ പരാതി നല്കി. ‘ദിഗ്വിജയ് സിങ്ങ് ചെയ്ത ട്വീറ്റ് ഞാന്‍ കണ്ടു. മധ്യപ്രദേശിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ഗൂഡാലോചനയാണിത്. മുഖ്യമന്ത്രി പക്ഷപാതപരമായി പെരുമാറി എന്ന ദിഗ്വിജയ് സിങ്ങിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഒരു ട്വീറ്റിലൂടെ വിശദീകരിച്ചിട്ടുണ്ട്.’- ഗൗരവ് പറഞ്ഞു.
‘ഇത് സംസ്ഥാനത്തും രാജ്യത്തും വിഭജനം ഉണ്ടാക്കാനുള്ള ശ്രമമാണ്. സത്യം പുറത്തായതോടെ ദിഗ്വിജയ് സിങ്ങ് ട്വീറ്റ് നീക്കം ചെയ്തു. പക്ഷെ അങ്ങിനെ ട്വീറ്റ് നീക്കം ചെയ്തതുകൊണ്ട് അദ്ദേഹം പങ്കുവെച്ച വാക്കുകള്‍ മാഞ്ഞുപോകുമോ? അതുകൊണ്ടാണ് ഞാന്‍ പൊലീസില്‍ പരാതി്പ്പെട്ടത്.’- ഗൗരവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: