ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭയിലെ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഡോ. കഫീല്‍ ഖാന് തോല്‍വി.
ബിജെപിയുടെ രത്തന്‍ പാലാണ് ഡോ. കഫീല്‍ ഖാനെ തോല്‍പിച്ചത്. ദിയോറിയ-ഖുഷിനഗര്‍ എംഎല്‍സി സീറ്റിലായിരുന്നു ഇരുവരും ഏറ്റുമുട്ടിയത്. 3,251 വോട്ടുകള്‍ക്കാണ് രത്തന്‍ പാല്‍ ജയിച്ചു കയറിയത്. രത്തന്‍ പാലിന് 4,255 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഡോ. കഫീല്‍ ഖാന് ആകെ ലഭിച്ചത് 1,031 വോട്ടുകള്‍ മാത്രം.
അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ 2019 ഡിസംബര്‍ 10ന് പൗരത്വബില്ലിനെതിരായ സമരത്തിന്റെ ഭാഗമായി നടത്തിയ രാജ്യദ്രോഹപ്രസംഗത്തിന്റെ പേരില്‍ 2020 ജനവരിയില്‍ ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇദ്ദേഹത്തിനെതിരെ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) പ്രകാരം കേസെടുത്തു. എന്നാല്‍ 2020 സെപ്തംബര്‍ ഒന്നിന് അലഹബാദ് ഹൈക്കോടതി കഫീല്‍ഖാനെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടു.
എംഎല്‍സി തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കും യോഗിക്കും വന്‍ വിജയമായിരുന്നു. ആകെയുള്ള 36 സീറ്റുകളില്‍ 33ഉം ബിജെപി പിടിച്ചു. ഇതോടെ 100 സീറ്റുകളുള്ള ഉപരിസഭയായ എംഎല്‍സിയില്‍ ബിജെപിക്ക് 67 അംഗങ്ങളുണ്ടാകും. ഇതോടെ മറ്റൊരു റെക്കോഡ് കൂടി യോഗിയുടെ പേരിലാവുകയാണ്- ഭരണത്തിലിരിക്കുന്ന പാർട്ടി തന്നെ എംഎൽസിയിലും ഭൂരിപക്ഷം കൈയ്യാളുന്നത് പതിറ്റാണ്ടുകൾക്കിടെ ഇതാദ്യം.
ഭരണതുടർച്ച നേടി ചരിത്രം കുറിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സംബന്ധിച്ചിടത്തോളം ഇരട്ടിമധുരമാണ് എംഎൽസി തെരഞ്ഞെടുപ്പിലെ ഈ വിജയം.
പ്രതാപ്ഗഢ്, വാരണാസി, അസംഗഢ് എന്നീ എംഎൽസി സീറ്റുകൾ മാത്രമാണ് ബിജെപിക്ക് നഷ്ടമായത്. വാരണാസിയിൽ 1998 മുതൽ ഈ സീറ്റ് കൈവശം വെച്ചിരിക്കുന്ന മാഫിയ തലവൻ ബ്രിജേഷ് സിംഗിന്റെ ഭാര്യ വിജയിച്ചു. അസംഗഢ് മോയിലും പ്രതാപ്ഗഢിലും സ്വതന്ത്ര സ്ഥാനാർത്ഥികളാണ് വിജയിച്ചത്. മോദിയുടെ നേതൃത്വത്തില്‍ യുപിയിലെ ജനങ്ങള്‍ നല്ല ഭരണം, ദേശീയത, വളര്‍ച്ച എന്നിവയോടൊപ്പം നില്‍ക്കുകയാണെന്ന് യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം നടത്തിയ ട്വീറ്റില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: