മുംബൈ: ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് കൂട്ടത്തോടെ തീപിടിക്കുന്ന സംഭവം ഇന്ത്യയില്‍ ആവര്‍ത്തിക്കുന്നു. ഈയിടെ നാസിക്കിലെ ജിതേന്ദ്ര ഇലക്ട്രിക് വെഹിക്കിള്‍സില്‍ നിന്നുള്ള ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് തീപിടിച്ചതാണ് ഒടുവിലത്തെ സംഭവം.
കഴിഞ്ഞ ദിവസം ജിതേന്ദ്ര ഇലക്ട്രിക് വെഹിക്കിള്‍സില്‍ നിന്നുള്ള 40 ഇലക്ട്രിക് സ്കൂട്ടറുകള് കയറ്റുമ്പോള്‍ അതില്‍ 20 എണ്ണം കൂട്ടത്തോടെ കത്തിനശിച്ചു. ഏറ്റവും കൂടുതല്‍ സ്കൂട്ടറുകള് കത്തിനശിച്ച അപകടമായതിനാല്‍ ഏറ്റവും വലിയ അപകടമായാണ് ഇതിനെ കണക്കാക്കുന്നത്. ഇലക്ട്രിക് സ്കൂട്ടറുകള് ഫാക്ടറിയില്‍ നിന്നും ട്രക്കിലേക്ക് മാറ്റുമ്പോഴായിരുന്നു തീപിടിത്തം. എന്താണ് കാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇത്തരം തീപിടിത്തം നടക്കുന്ന ആറാമത്തെ സംഭവമാണിത്. നേരത്തെ പുണെ, വെല്ലൂര്‍, ട്രിച്ചി എന്നിവിടങ്ങളിലും ഇത്തരം തീപിടിത്തമുണ്ടായിട്ടുണ്ട്.
ഇന്ത്യയില്‍ ഇലക്ട്രിക് സ്കൂട്ടറുകളുടെ വില്പന അതിവേഗം ഉയരുകയാണ്. പ്രത്യേകിച്ച് ഇന്ധന വില ഉയര്‍ന്നതോടെ കൂടുതല്‍ പേര് ഇലക്ട്രിക് സ്കൂട്ടറുകളിലേക്ക് തിരിയുകയാണ്. ഇതോടെ ഇലക്ടിക് സൂട്ടറുകളുടെ സുരക്ഷ ഒരു വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ഇത്തരം തീപിടിത്തങ്ങള്‍ അടുത്തടുത്ത് നടന്നതോടെയാണ് കേന്ദ്രം അന്വേഷണത്തിന് ഉത്തരവിട്ടത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, എന്‍എസ്ടിഎല്‍ വിശാഖ്, സെന്റര്‍ ഫോര്‍ ഫയര്‍, എക്സ്പ്ലോസീവ് ആന്റ് എന്വിറോണ്മെന്റ് സേഫ്റ്റി എന്നിവരും നാസിക്കിലെ അന്വേഷണ സംഘത്തിന്റെ ഭാഗമായിരിക്കും. ഇതിന് പുറമെ ജിതേന്ദ്ര ഇലക്ട്രിക് വെഹിക്കിള്‍സും സ്വകാര്യ ഏജന്‍സികളെക്കൊണ്ട് അന്വേഷണം നടത്തുന്നുണ്ട്.
എന്തായാലും കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങളുടെ ആവാസവ്യവസ്ഥ സമഗ്രമായ പുനരവലോകനത്തിന് വിധേയമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഒകിനാവ, ഒല ഇലക്ടിക് സ്കൂട്ടര്‍ എന്നീ കമ്പനികളോട് വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങളെക്കുറിച്ച് അവതരണം നടത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടെസ്റ്റിംഗ്, ഉല്പാദനം, സംഭരണനിലവാരം, ചരക്ക് കൈമാറ്റം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇലക്ട്രിക് സ്കൂട്ടറുകള് നിര്‍മ്മിക്കുന്ന കമ്പനികളെ പുനരവലോകനം ചെയ്യുമെന്ന് സര്‍ക്കാര്‍ പറഞ്ഞു.
‘സുരക്ഷിതത്വമാണ് പ്രധാനം. തീപിടിത്തത്തിന്റെ അടിസ്ഥാന കാരണമാണ് കണ്ടെത്താന്‍ ശ്രമിക്കുന്നത്. കണ്ടെത്തലുകളുമായി ഉടന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും’- ജിതേന്ദ്ര ഇലക്ട്രിക് വെഹിക്കിളിന്റെ വക്താവ് പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ഈയിടെ ലോക്സഭയില്‍ കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് മന്ത്രി നിതിന്‍ ഗാഡ്കരി സുദീര്‍ഘമായി പ്രസംഗിച്ചിരുന്നു. ഇക്കാര്യത്തില്‍ ഫോറന്‍സിക് പരിശോധന കൂടി നടത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
വേനല്‍ക്കാലത്ത് ചൂട് കൂടുന്നതും ഇലക്ട്രിക് സ്കൂട്ടറുകള് തീപിടിക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. മോശപ്പെട്ട ബാറ്ററി ഡിസൈനും കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: