ന്യൂദല്‍ഹി: ഇന്ത്യയും പാകിസ്താനും സമാധാനം ഉറപ്പാക്കണമെന്നും ജനങ്ങളുടെ സമൂഹിക-സാമ്പത്തിക വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുമായി സമാധാനപരമായ ബന്ധമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകള്‍ക്ക് നന്ദി. ഇന്ത്യയുമായി സമാധാനപൂര്‍ണവും സഹകരണത്തിലധിഷ്ഠിതവുമായ ബന്ധമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നത്. ജമ്മു കശ്മീര്‍ വിഷയത്തില്‍ ഉള്‍പ്പെടെ സമാധാനപൂര്‍ണമായ പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യമാണ്’ ഷഹബാസ് ഷരീഫ് ട്വീറ്റ് ചെയ്തു.
രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പാകിസ്താന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവേ ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് ഷെഹബാസ് ഷെരീഫ് പറഞ്ഞിരുന്നു. കശ്മീരിനുവേണ്ടി സാധ്യമായ എല്ലാ വേദികളിലും ശബ്ദിക്കുമെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു. അവര്‍ക്കായി എല്ലാ പിന്തുണയും നല്‍കും. ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍, കശ്മീര്‍വിഷയം പരിഹരിക്കാതെ അത് സാധ്യമാകില്ലെന്ന് ഷഹബാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: