Categories: Kerala

കോടതിയിലെ രഹസ്യ മൊഴി ചോര്‍ന്നു; എഡിജിപിയോട് വിശദീകരണം തേടി വിചാരണകോടതി, ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ക്രൈംബ്രാഞ്ചും നടപടി തുടങ്ങി

Published by

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ രഹസ്യമായി രേഖപ്പെടുത്തിയ മൊഴി ചോര്‍ന്നതില്‍ വിചാരണക്കോടതി വിശദീകരണം തേടി. കേസില്‍ നടി അടച്ചിട്ട കോടതിയില്‍ നല്‍കിയ വിവരങ്ങള്‍ ദിലീപിന് ലഭിച്ചതായി പ്രതികളില്‍ ഒരാളായ സൈബര്‍ വിദഗ്ധന്‍ സായി ശങ്കര്‍ അന്വേഷണ സംഘത്തിന് മുമ്പാകെ അറിയിച്ചിരുന്നു. കൂടാതെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വന്നതും ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി എഡിജിപിയോട് വിശദീകരണം തേടിയിരിക്കുന്നത്.  

ഈ മാസം 18ന് വിശദാംശങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് വിശദീകരണം നല്‍കിയെങ്കിലും ഇത് തൃപ്തികരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യവുമായി ക്രൈംബ്രാഞ്ച് നടപടികള്‍ നീക്കുന്നതിനിടെയാണ് വിചാരണക്കോടതിയുടെ ഈ നടപടി. സായ് ശങ്കറില്‍ നിന്ന് വാങ്ങിയ ലാപ്‌ടോപ് അടക്കമുളള ഡിജിറ്റല്‍ ഉപകരണങ്ങള്‍ അടിയന്തരമായി ഹാജരാക്കാന്‍ ദിലീപിന്റെ അഭിഭാഷകരോട് വധഗൂഡാലോചനാക്കേസിലെ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.  

ദിലീപ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ജാമ്യം റദ്ദാക്കി ജയിലിലടയ്‌ക്കണമെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. കേസിനെ സ്വാധീനിക്കാനോ അട്ടിമറിക്കാനോ ശ്രമിക്കരുതെന്ന കര്‍ശ്ശന ഉപധികളോടെയാണ് ദിലീപിന് ജാമ്യം നല്‍കിയിരുന്നത്. ഇതില്‍ ഏതെങ്കിലും ഒന്ന് ലംഘിക്കപ്പെട്ടാല്‍ കോടതിക്ക് ജാമ്യം റദ്ദാക്കാന്‍ സാധിക്കും. കേസില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലും തുടര്‍ അന്വേഷണം ആവശ്യമുണ്ടെന്നും വിസ്താരം നടന്നു വരികയാണ്. അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുകള്‍ കുറയ്‌ക്കുന്നതിനായി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം.  

അതിനിടെ ദീലിപിന്റെ ഫോണിലെ കേസില്‍ നിര്‍ണ്ണായകമായേക്കാവുന്ന വിവരങ്ങള്‍ നീക്കിയ സൈബര്‍ വിദഗ്ധന്‍ സായി ശങ്കര്‍ ഇന്ന് മൊഴി നല്‍കാന്‍ ഹാജരായില്ല. മൊഴിയെടുക്കുന്നത് മറ്റാരു ദിവസത്തേക്ക് മാറ്റണമെന്ന് സായ് ശങ്കര്‍ പ്രത്യേക അന്വേഷണ സംഘത്തിനോട് ആവശ്യപെട്ടിട്ടുണ്ട്. ദിലീപിന്റെ ഫോണിലെ രേഖകള്‍ താന്‍ നശിപ്പിച്ചതായി സായ് ശങ്കര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതില്‍കോടതിയില്‍ നിന്നുള്ള വിവരങ്ങള്‍ ഉണ്ടായിരുന്നെന്നും കേസിലെ മുഖ്യ രേഖകളാണ് ഇതെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് സായി ശങ്കറിന്റെ നേരത്തെ അറിയിച്ചിരുന്നത്. ഈ മൊഴിയില്‍ കൂടുതല്‍ വ്യക്തത വരുത്താനായിരുന്നു വീണ്ടും മൊഴിയെടുക്കുന്നത്.

കാവ്യ മാധവനെ നാളെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ചും തീരുമാമായിട്ടില്ല. പദ്മസരോവരം വീട്ടില്‍വെച്ച് ബുധനാഴ്ച ചോദ്യം ചെയ്യാമെന്നായിരുന്നു കാവ്യയുടെ നിലപാട്. എന്നാല്‍ ഇത് പറ്റില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിക്കുകയായിരുന്നു. കാവ്യ തയ്യാറല്ലെങ്കില്‍ സാക്ഷിയെന്ന രീതിയില്‍ മൊഴിയെടുക്കുന്നതിനുള്ള നോട്ടീസ് മാറ്റി നല്‍കാനാണ് ആലോചന.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക