കണ്ണൂര്‍: അഞ്ച് ദിവസമായി നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പതിവ് പോലെ ചൈനയെ പുകഴ്ത്തിയും ആദ്യം എതിര്‍ത്ത പദ്ധതികളെ അനുകൂലിച്ചും കേന്ദ്ര ഭരണത്തിനെതിരെ പ്രമേയം അവതരിപ്പിച്ചും അവസാനിച്ചു. ഒരു തീരുമാനവും എടുക്കാതെയാണ് സമ്മേളനം പിരിഞ്ഞത്. ദേശീയ രാഷ്ട്രീയത്തില്‍ ഇടത്കക്ഷികളുടെ പ്രസക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ട സാഹചര്യത്തില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തിലൊതുങ്ങി.
കേരളത്തില്‍ സിപിഎം സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയിലടക്കം വിദേശ നിക്ഷേപം സ്വീകരിക്കാനെടുത്ത തീരുമാനങ്ങള്‍ മുന്നിലിരിക്കുന്നതിനാല്‍ പാര്‍ട്ടി കാലങ്ങളായി വിളിച്ചിരുന്ന ആഗോള, സ്വകാര്യവത്കരണ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഇത്തവണ ഉണ്ടായില്ല.
ബിജെപിയെ തോല്പിക്കലായിരുന്നു ഏകവിഷയം. കോണ്‍ഗ്രസുമായി ഏത് തരത്തിലുളള ബന്ധമാണ് വേണ്ടത്, സില്‍വര്‍ ലൈന്‍ നിലപാട് എന്നിവയായിരുന്നു ചര്‍ച്ച. രണ്ടിലും തീരുമാനമായില്ല. ദേശീയതയെ തള്ളിപ്പറയാനും ചൈനയെ പുകഴ്ത്താനും സമ്മേളനം മറന്നില്ല. കര്‍ഷകത്തൊഴിലാളികളുടേയും സ്ത്രീകളുടേയും പിന്നാക്ക ജനവിഭാഗങ്ങളുടേയും പാര്‍ട്ടി എന്ന് അവകാശപ്പെടുമ്പോഴും ഇവരെക്കുറിച്ച് ചര്‍ച്ചകളിലോ പ്രമേയങ്ങളിലോ പരാമര്ശങ്ങളില്ലായെന്നതും ശ്രദ്ധിക്കപ്പെട്ടു.
സെമിനാറില്‍ ഉന്നയിച്ച വിഷയത്തെക്കാള്‍ കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിന്റെ സാന്നിധ്യമാണ് ചര്‍ച്ചയായത്. തോമസിന്റെ പങ്കാളിത്തത്തിന് അമിതപ്രാധാന്യം നല്കി ചര്‍ച്ച വഴിതിരിച്ചുവിട്ടതിനെ ചൊല്ലി സിപിഎം നേതാക്കള്‍ക്കിടയില്‍ തന്നെ ഭിന്നതയും ഉടലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: