ന്യൂദല്‍ഹി: ഡ്രൈവര്‍മാരെ നിരന്തരം നിരീക്ഷിക്കാനും അവരുടെ അശ്രദ്ധയും വീഴ്ചയും തടയാനും അങ്ങനെ അപകടങ്ങള്‍ കുറയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ പുതിയ സംവിധാനം വികസിപ്പിച്ചു.
ഓണ്‍ബോര്‍ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് ആന്‍ഡ് വാണിങ് സിസ്റ്റം സി ഡാകും (സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് ഓഫ് അഡ്വാന്സ്ക് കമ്പ്യൂട്ടിങ്) മദ്രാസ് ഐഐടിയും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ചേര്‍ന്നാണ് ഇത് അടക്കം രണ്ടു സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചത്. റോഡപകടങ്ങളില്‍ 84 ശതമാനവും ഡ്രൈവര്‍മാരുടെ വീഴ്ച മൂലമാണെന്നാണ് കണ്ടെത്തല്‍. ഡ്രൈവര്‍മാരെയും അയാള്‍ ഓടിക്കുന്ന വാഹനവും സമീപത്തുള്ള വാഹനങ്ങളും കൃത്യമായി നിരീക്ഷിക്കാനുള്ള സെന്‍സറുകളാണ് ഈ സംവിധാനത്തില്‍. ഇവ ഡ്രൈവര്‍മാര്‍ക്ക് തുടര്‍ച്ചയായി മുന്നറിയിപ്പുകള്‍ നല്കിക്കൊണ്ടിരിക്കും.
സെന്‍സറുകളും വേവ് റഡാര്‍ സെന്‍സറുകളും മറ്റും അടങ്ങിയതാണ് സംവിധാനം. ഡ്രൈവര്‍ വീഴ്ചവരുത്തുമ്പോള്‍ ഇത് മുന്നറിയിപ്പ് നല്‍കും. അതുപോലെ ഇതര വാഹനങ്ങള്‍ അപകടകരമാം വിധം എത്തുമ്പോഴും മുന്നറിയിപ്പ് ലഭിക്കും. ഡ്രൈവര്‍ തെറ്റു ചെയ്യാന്‍ ശ്രമിക്കുമ്പോഴേ മുന്നറിയിപ്പ് മുഴക്കും. ഡ്രൈവര്‍ ഉറക്കം തൂങ്ങിയാലും അമിത വേഗത എടുത്താലും അപകടകരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്താലും എല്ലാം ഈ സെന്‍സറുകള്‍ കണ്ടെത്തി മുന്നറിയിപ്പ് നല്‍കും. മുന്പില് വാഹനങ്ങളോ യാത്രക്കാരോ പെട്ടാലും വാണിങ്ങ് മുഴങ്ങും.
ബസ് സിഗ്നല്‍ രണ്ടാമത്തെ കണ്ടെത്തലാണ് ബസ് സിഗ്നല്‍ പ്രയോറിറ്റി സംവിധാനം. സമയം അടക്കമുള്ള കാര്യങ്ങളില്‍ ഒരു തരത്തിലും നമുക്ക് ആശ്രയിക്കാന്‍ പറ്റാതെ വരുന്നതിനാലാണ് പൊതു ഗതാഗതത്തെ വിട്ട് ജനങ്ങള്‍ക്ക് സ്വന്തം വാഹനങ്ങളുമായി ഇറങ്ങേണ്ടിവരുന്നത്. ഈ പ്രശ്നം പരിഹരിച്ച് പൊതുഗതാഗതം സുഗമമാക്കാനുള്ള സംവിധാനമാണിത്. നിലവിലുള്ള സിഗ്നല്‍ സംവിധാനം മെച്ചപ്പെടുത്തുന്ന ഒന്നാണിത്. ബസുകള്‍ ഉള്‍പ്പെടുന്ന പൊതുവാഹനങ്ങള്‍ക്ക് മുന്‍ഗണന നല്കുന്ന സംവിധാനമാണിത്. പുതിയ സംവിധാനങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: