തൃശൂര്‍: സിഐടിയു തൊഴിലാളി ആത്മഹത്യ ചെയ്തത് സിപിഎം വധഭീഷണിയെ തുടര്‍ന്നെന്ന് വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പ് പുറത്ത്. സിപിഎം നേതാക്കള്‍ക്കെതിരെ കുറിപ്പെഴുതി വെച്ചാണ് ചുമട്ടു തൊഴിലാളി ആത്മഹത്യ ചെയ്തത്. തൃശൂര്‍ പീച്ചി സ്വദേശി കെ ജി സജി (49)യാണ് ജീവനൊടുക്കിയത്. സിഐടിയു വിട്ട സജി സ്വതന്ത്രമായി ജോലി ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് സജി ജീവനൊടുക്കിയത്. അവിവാഹിതനാണ്. സിപിഎം നേതാക്കളുടെ വധഭീഷണിയുള്ളതിനാല്‍ ജീവനൊടുക്കുന്നു എന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. സംഭവത്തില്‍ പീച്ചി പൊലീസ് അന്വേഷണം ആരംഭിച്ചു.
സിപിഎം ലോക്കല്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി സജിയുടെ സഹോദരന് ബിജു വ്യക്തമാക്കി. പാലം പണി അടക്കമുള്ളതിന് സിപിഎം പ്രാദേശിക നേതാക്കള്‍ പണം വാങ്ങിയിരുന്നതായും ഇത് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് വധഭീഷണിയുണ്ടായിരുന്നതായും ബിജു പറഞ്ഞു. ആത്മഹത്യാ കുറിപ്പില്‍ സിപിഎമ്മിലെ പ്രാദേശിക നേതാക്കള്‍ക്കളില്‍നിന്നും വധഭീഷണി ഉണ്ടെന്നും ബ്രാഞ്ച് സെക്രട്ടറി ഗംഗാധരനും പീച്ചി ലോക്കല്‍ കമ്മിറ്റിയുമാണ് തന്റെ മരണത്തിന് ഉത്തരവാദികള്‍ എന്നും അതുകൊണ്ടാണ് താന്‍ ആത്മഹത്യചെയ്യുന്നത് എന്ന് പരാമര്‍ശം ഉണ്ടെന്ന് വന്നതോടെ സജിയുടെ സുഹൃത്തുക്കള്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരേ തിരിഞ്ഞു. ഇതേത്തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.
പാര്‍ട്ടിയുടെ കൊടിതോരണങ്ങളും പീച്ചി സെന്ററിലെ സിപിഎമ്മിന്റെ മണ്ഡപവും അടിച്ചുതകര്‍ത്തു. ബ്രാഞ്ച് സെക്രട്ടറി പി ജി ഗംഗാധരനെയും പാര്‍ട്ടി അംഗങ്ങളായ വര്‍ഗീസ് അറക്കല്‍, പ്രിന്‍സ് തച്ചില്‍ എന്നിവര്‍ക്കും ആക്രമണത്തില്‍ മര്‍ദനമേറ്റു. സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ജനലിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ശിലാഫലകം വികൃതമാക്കുകയും ചെയ്തു.
ഏറെക്കാലമായി പീച്ചിയിലെ സിഐടിയു യൂണിറ്റില്‍ ഭിന്നതകള്‍ നിലനിന്നിരുന്നു. പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന ആളെ യൂണിയന് ഭാരവാഹിത്വത്തില്‍ നിന്നും മറ്റു സ്ഥാനങ്ങളില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു പ്രവര്‍ത്തകര്‍ യൂണിയന് വസ്ത്രവും ബഹിഷ്കരിച്ചിരുന്നു. സിഐടിയു ഓഫീസ് വെളുത്ത പെയിന്റ് അടിച്ചു സ്വതന്ത്ര ചുമട്ടുതൊഴിലാളി യൂണിയന് എന്ന ബോര്‍ഡും സ്ഥാപിച്ചു. പലതരത്തില്‍ പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും തൊഴിലാളികള്‍ വഴങ്ങിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: