തൊടുപുഴ: ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ ഒന്നര വര്‍ഷത്തോളം പീഡനത്തിനിരയാക്കിയത് കുട്ടിയുടെ അമ്മയുടെയും മുത്തശ്ശിയുടെയും അറിവോടെയെന്ന് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. ഇരുവര്‍ക്കുമെതിരെ കേസെടുക്കാനും കമ്മിറ്റി ചെയര്മാന് ജോസഫ് അഗസ്റ്റിന് പോലീസിന് കത്ത് നല്കി.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ 2020ല്‍ അമ്മ രാജാക്കാട് സ്വദേശിക്ക് വിവാഹം കഴിച്ചു നല്‍കിയിരുന്നു. അന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും പോലീസും ചേര്‍ന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയുടെ സംരക്ഷണം മുത്തശ്ശിയെ ഏല്‍പ്പിച്ചു. 2020 അവസാനത്തോടെയാണ് ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് കുമാരമംഗലം മംഗലത്ത് രഘു(ബേബി-51) കുട്ടിയുടെ കുടുംബത്തെ സമീപിക്കുന്നത്. ഇതു വിശ്വസിച്ചാണ് പെണ്‍കുട്ടി രഘുവിനൊപ്പം രാമപുരം കുറിഞ്ഞി മണിയാടുംപാറ കൊട്ടൂര്‍ തങ്കച്ചനെ(56) പരിചയപ്പെടാനെത്തിയത്. ഇയാളാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. തുടര്‍ന്ന് വന്‍ തുക വാങ്ങി പലരുടെയും അടുത്ത് എത്തിക്കുകയായിരുന്നു.
രണ്ട് മാസം മുമ്പ് വരെ പീഡനം തുടര്‍ന്നു. രഘുവില്‍ നിന്ന് അമ്മയും മുത്തശ്ശിയും പണം കൈപ്പറ്റിയിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരവും ഇരുവരും മറച്ചുവച്ചു. വയറുവേദന കലശലായപ്പോഴാണ് ആശുപത്രിയില്‍ പോയത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് ഇവര്‍ ഡോക്ടറോട് പറഞ്ഞത്. ഡോക്ടര്‍ക്ക് സംശയം തോന്നിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ട് കുട്ടിയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയാണ്. ഇരുപതോളം പേര് പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇവരില്‍ ആറ് പേരെ കഴിഞ്ഞ ദിവസം തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാക്കിയുള്ളവരുടെ അറസ്റ്റിലാകുമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: