ഗുവാഹത്തി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ അസമിലെ വിമാനത്തില്‍ നിന്നിറങ്ങും വഴി തടഞ്ഞ് നിര്‍ത്തി ഇന്ധനവില വര്‍ധനയെക്കുറിച്ച് ചോദിച്ച് നാടകം സൃഷ്ടിച്ച മഹിളാ കോണ്‍ഗ്രസ് നേതാവിനെ അസാധാരണമായ സംയമനത്തോടെ നേരിട്ട കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് അഭിനന്ദനപ്രവാഹം.
മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനായിരുന്നു മഹിളാ കോണ്‍ഗ്രസ് ആക്ടിങ്ങ് പ്രസിഡന്‍റ് നെറ്റ ഡിസൂസ കേന്ദ്രമന്ത്രിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഗ്യാസിനും പെട്രോളിനും സംഭവിച്ച വിലക്കയറ്റത്തെക്കുറിച്ച് ചോദിച്ച് ശല്ല്യപ്പെടുത്തിയത്. റഷ്യ- ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് അന്താരാഷ്‌ട്ര വിപണി തന്നെ താളം തെറ്റിയ സ്ഥിതിവിശേഷത്തില്‍ ഇന്ധനവില കുതിച്ചുയരുമ്പോള്‍ അതില്‍ നിന്നെല്ലാം പ്രശ്നത്തെ അടര്‍ത്തി മാറ്റി മോദി സര്‍ക്കാരാണ് കുറ്റക്കാര്‍ എന്ന പ്രതീതി ജനങ്ങളില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് ഗൂഢാലോചനയുടെ ഭാഗമാണ് നെറ്റ ഡിസൂസയുടെ ഗുവാഹതി വിമാനത്താവളത്തിലെ പെരുമാറ്റമെന്നും വിലയിരുത്തപ്പെടുന്നു.
ഈ അനിഷ്ടസംഭവത്തിന്റെ വീഡിയോ സ്മൃതി ഇറാനിയും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെങ്കിലും അവര്‍ ഇതുവരെ സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ പങ്കുവെച്ചിട്ടില്ല. തന്റെ അനുവാദമില്ലാതെയാണ് നെറ്റ ഡിസൂസ മൊബൈലില്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് മാത്രമാണ് സ്മൃതി ഇറാനി പ്രതികരിച്ചത്.
ഈ അസാധാരണമായ അന്തരീക്ഷത്തെ അങ്ങേയറ്റം മനസംയമനത്തോടെയാണ് സ്മൃതി ഇറാനി കൈകാര്യം ചെയ്തതെന്ന് ബിജെപിയുടെ ആന്ധ്രപ്രദേശ് ജനറല്‍ സെക്രട്ടറി വിഷ്ണു വര്‍ധന്‍ റെഡ്ഡി പറഞ്ഞു. അവരുടെ ചോദ്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ സ്മൃതി ശ്രമിച്ചില്ല. ഇത്തരത്തില്‍ വിമാനത്തില്‍ വെച്ചുള്ള പൊതുകയ്യേറ്റം അങ്ങേയറ്റം അപകടകരമാണെന്നും വിഷ്ണു വര്‍ധന്‍ റെഡ്ഡി ട്വീറ്റ് ചെയ്തു.
രാഹുല്‍ഗാന്ധിയുടെ പ്രവര്‍ത്തകയുടെ പെരുമാറ്റം സ്വീകാര്യമല്ലെന്ന് ബിജെപിയുവനേതാവ് തേജസ്വി സൂര്യ പറഞ്ഞു. ‘തെറ്റായ ഒരു കാര്യത്തെ അങ്ങേയറ്റത്തെ ക്ഷമയോടെ, അന്തസ്സോടെ സ്മൃതി ഇറാനി കൈകാര്യം ചെയ്തു. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും വ്യത്യസ്ത സംസ്‌കാരത്തിന്റെ വ്യക്തമായ സൂചനയാണ് ഈ സംഭവം’- തേജസ്വി സൂര്യ ട്വീറ്റ് ചെയ്തു.
‘ഈ വീഡിയോ ഒരൊറ്റ കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്. തെമ്മാടിത്തം നിറഞ്ഞ രാഹുല്‍ ശിഷ്യയുടെ പെരുമാറ്റത്തിനെതിരായ സ്മൃതി ഇറാനിയുടെ അങ്ങേയറ്റത്തെ അന്തസ്സ് നിറഞ്ഞ പെരുമാറ്റം. രാഹുല്‍ ഗാന്ധിയെ സങ്കല്‍പിച്ചുനോക്കൂ. സ്വന്തം തട്ടകത്തില്‍ തോറ്റുപോയ രാഹുല്‍ ഗാന്ധി. അതിന്റെ പേരില്‍ ഓടിപ്പോകാന്‍ കാരണമായി’- ബ്ലൂ ക്രാഫ്റ്റ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ സിഇഒ അഖിലേഷ് മിശ്ര ട്വീറ്റില്‍ പറഞ്ഞു.
‘ഒരു മന്ത്രിയായതുകൊണ്ട് മാത്രം സ്മൃതി ഇറാനിക്ക് സമാധാനത്തോടെ യാത്ര ചെയ്യാനാകില്ലേ? നെറ്റ ഡിസൂസ അങ്ങേയറ്റം പരുഷവും ആക്രമണോത്സുകയും ആയിരുന്നു. അന്തസ്സോടെ ഇരുന്നതിനും, സംയമനം നഷ്ടപ്പെടാതെ മറുപടികള്‍ നല്‍കിയതിനും സ്മൃതി ഇറാനിയ്‌ക്ക് അംഗീകാരം നല്‍കുന്നു. ഇത്തരം ചോദ്യങ്ങള്‍ നെറ്റ ഡിസൂസ കോണ്‍ഗ്രസ് ബോസിനോട് ചോദിക്കുമോ?’- എഴുത്തുകാരിയും വിമര്‍ശകയുമായ ഷെഫാലി വൈദ്യ ട്വിറ്ററില്‍ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: