പരവൂര്‍: പരവൂര്‍ റെയില്‍വേ സ്റ്റേഷന് ലഹരിസംഘത്തിന്റെ ഇടത്താവളമായി മാറുന്നു. പരവൂര്‍ റെയില്‍വേ സ്റ്റേഷന് കേന്ദ്രമാക്കി വന്‍തോതില്‍ മയക്കുമരുന്ന് കച്ചവടമാണ് ദിനംപ്രതി നടക്കുന്നത്. ട്രയിന്‍ വഴി പരവൂരില്‍ എത്തുന്ന മയക്കുമരുന്ന് വെളിയില്‍ കാത്ത് നില്ക്കുന്ന ഏജന്റുമാര്‍ക്ക് കൈമാറി അത് വന്‍കിട കച്ചവടക്കാരുടെ കൈകളിലേക്കും ചെറുകിടകച്ചവടക്കാര്‍ക്കും കൈമാറുകയാണ്.
വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ പോലിസും റെയില്‍വേ പോലീസും പരിശോധന കര്‍ശനമാക്കിയതോടെയാണ് സംഘങ്ങള്‍ തീരദേശ റെയില്‍വേ സ്റ്റേഷന് കേന്ദ്രീകരിച്ചു മയക്കുമരുന്ന് ശൃംഖല വിപുലമാക്കിയിരിക്കുന്നത്. സന്ധ്യയായി കഴിഞ്ഞാല്‍ ആളൊഴിഞ്ഞ പരവൂര്‍ റെയില്‍വേ സ്റ്റേഷന് യുവാക്കളുടെ വിഹാര കേന്ദ്രമാണ്. വൈകുന്നേരം ആകുന്നതോടെ മുന്തിയ ഇനം കാറുകളില്‍ വരുന്ന യുവാക്കള്‍ പരിസരത്ത് തമ്പടിക്കുകയാണ് ഇവര്‍ മയക്കുമരുന്നുമായാണ് മടക്കം. തീരദേശ മേഖലയില്‍ പോലീസിന്റെ പരിശോധനയില്ലാത്തതു മൂലം ഇത്തരം സംഘങ്ങള്‍ക്ക് അഴിഞ്ഞാടാന്‍ അനുകൂല സാഹചര്യമായി.
വര്‍ക്കല, കോവളം തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് തീരദേശം വഴി മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങള്‍ ഇപ്പോള്‍ പരവൂര്‍ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കേരള പോലീസിന്റെ ഇന്റലിജന്‍സ് വൃത്തങ്ങള്‍ പോലീസിനും എക്സൈസിനും റിപ്പോര്‍ട്ട് നല്‍കിയിട്ടും പോലിസും എക്സൈസും യാതൊരു പരിശോധനയും നടത്തിയിട്ടില്ല.
കൂടാതെ റെയില്‍വേ സ്റ്റേഷന് പരിസരത്തു തമ്പടിക്കുന്ന സാമൂഹ്യവിരുദ്ധരുടെ പരസ്യ മദ്യപാനവുമുണ്ട്. ഒഴിഞ്ഞ മദ്യക്കുപ്പികളും ഭക്ഷണ അവശിഷ്ടങ്ങളും സ്റ്റേഷന് പരിസരത്ത് ചിതറിക്കിടക്കുന്നു. മറ്റ് ലഹരി പദാര്‍ത്ഥങ്ങളുടെ ഒഴിഞ്ഞ പായ്ക്കറ്റുകളും സിറിഞ്ചുകളും നിരവധി കാണാം. പല ദിവസങ്ങളിലും ഇവിടെ നിന്നും വളരെ ഉച്ചത്തില്‍ ആക്രോശവും ബഹളവും കേള്‍ക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഭയമുള്ളതിനാല്‍ ഇടപെടാറില്ല. വരുന്നവരുടെ പക്കല്‍ മാരാകായുധങ്ങളുമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പോലീസില്‍ പലവട്ടം ഇത്തരം സംഘങ്ങളെ കുറിച്ച് നാട്ടുകാര്‍ സൂചനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: