തക്കല/തിരുവനന്തപുരം: തിരുവിതാംകൂര്‍ ദിവാനും സ്വാതന്ത്ര്യ പോരാളിയുമായ വേലുത്തമ്പി ദളവയുടെ വീരാഹുതി ദിനം ആചരിച്ച് ഹിന്ദു ധര്‍മ പരിഷദ്. വേലുത്തമ്പിയുടെ ജന്മഗൃഹം സ്ഥിതി ചെയ്യുന്ന തമിഴ്നാട്, കന്യാകുമാരി ജില്ലയിലെ തലക്കുളത്ത് നടന്ന ചടങ്ങ് നാഗര്‍കോവില്‍ എംഎല്‍എ എംആര്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ വേളയില്‍ വേലുത്തമ്പിയുടെ അനുസ്മരണത്തിന് വേദിയൊരുക്കിയതില്‍ സന്തോഷം പ്രകടിപ്പിക്കുന്നതായി പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് എംഎല്‍എ എംആര്‍ ഗാന്ധി പറഞ്ഞു. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പോരാടി സ്വയം മൃത്യുവരിച്ച അദേഹത്തിന്റെ ചരിത്രത്തില്‍ വേണ്ടത്ര പരിഗണ ലഭിക്കുന്നില്ലായെന്ന് ചൂണ്ടിക്കാട്ടിയ എംഎല്‍എ, ഇത്തരത്തില്‍ ഒരു ചടങ്ങ് സംഘടിപ്പിച്ച ഹിന്ദു ധര്‍മ പരിഷദിനും അനന്തപുരി ഹിന്ദുമഹാ സമ്മേളന സംഘാടക സമിതിയ്ക്കും നന്ദി അറിയിച്ചു.
കൊളച്ചല്‍ യുദ്ധ സ്മാരകത്തില്‍ നിന്നും തെളിയിച്ച ദീപം വേദിയില്‍ എത്തിച്ചാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. സുരക്ഷാ ഭീഷണിയുണ്ടായിരുന്നതിനാല് വന്‍ പോലീസ് സന്നാഹത്തിലാണ് ചടങ്ങഅ നടന്നത്. പ്രമുഖ അഭിഭാഷകന് കൃഷ്ണരാജ് യുദ്ധ സ്മാരകത്തില്‍ നിന്നും ദീപം ഏറ്റുവാങ്ങി. ഹിന്ദു ധര്‍മ്മ പരിഷദ് പ്രസിഡന്റ് എം. ഗോപാല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അനന്തപുരി ഹിന്ദുമഹാ സമ്മേളനം കണ്‍വീനര്‍ യുവരാജ് ഗോകുല്‍ ചടങ്ങില്‍ ആമുഖ പ്രഭാഷണം നടത്തി. ഹിന്ദു മക്കള്‍ കക്ഷി നാതാവ് അര്ജുന് സമ്പത്ത് മുഖ്യ പ്രഭാഷണം നടത്തി.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഭാഗമായാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. ഏപ്രില്‍ 27 മുതല്‍ മേയ് 01 വരെ തിരുവനന്തപുരം പ്രിയദര്‍ശിനി ഹാള്‍ കാംപസിലാണ് അനന്തപുരി ഹിന്ദു മഹാ സമ്മേളനം. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന യൂത്ത് കോണ്‍ക്ലേവില്‍ നാല് ദിവസങ്ങളിലായി പ്രമുഖര്‍ പങ്കെടുക്കുന്ന 16 സെമിനാറുകളും അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: