തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആനകളെ ഉത്സവത്തിനിറക്കാത്തത് നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി. മറയാക്കുന്നത് നാട്ടാനപരിപാലന ചട്ടവും. പിന്നില്‍ പാപ്പാന്മാരും ചില ആനമുതലാളിമാരും ഉദ്യോഗസ്ഥരും ചേര്‍ന്ന സംഘം. ആനപരിപാലനചട്ടത്തിലെ പരാമര്‍ശങ്ങളും നിര്‍ദേശങ്ങളും മറയാക്കിയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ആനകളെ ഉത്സവകാലത്ത് തളച്ചിടുന്നത്. തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണറുടെ കീഴിലെ ശാര്‍ക്കര ദേവീക്ഷേത്രത്തിലെ ചന്ദ്രശേഖരനെ ഉത്സവത്തിന് ഒഴിവാക്കിയത് നിസാരമായ മുറിവ് ഉണ്ടെന്ന പേരിലാണ്. മദപ്പാടിനുശേഷം ആന ശാരീരികമായി ക്ഷമതയിലാണെന്ന് വെറ്ററിനറി ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയശേഷമാണ് ചന്ദ്രശേഖരനെ ശാര്‍ക്കര ദേവീക്ഷേത്രത്തിലെ ഉത്സവത്തിനായി അഴിച്ചത്. എന്നാല്‍ പാപ്പാനെ തട്ടിയിട്ടുവെന്ന് അറിയിച്ചതോടെ മൃഗഡോക്ടര്‍ സ്ഥലത്തെത്തി. പരിശോധിച്ചപ്പോള്‍ ആനയുടെ ദേഹത്ത് ചെറിയ മുറിവ് കണ്ടെത്തി. തുടര്‍ന്ന് തളയ്ക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ കാലങ്ങളായുള്ള മുറിവില്‍ പാപ്പാന് കുത്തിയതാണ് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ പ്രശ്നം ഉണ്ടാക്കുമെന്ന് വന്നതോടെ പകരം ദേവസ്വത്തിന്റെ തന്നെ തൃക്കടവൂര്‍ ശിവരാജുവിനെ എത്തിച്ചുനല്‍കിയാണ് പ്രശ്നം പരിഹരിച്ചത്.
തിരുവനന്തപുരം വലിയശാല ക്ഷേത്രത്തില്‍ മൂന്ന് ആനകളാണ് തിടമ്പേറ്റുന്നത്. ഇതിനായി ശ്രീകണ്ഠേശ്വരം ശിവകുമാര്‍, മലയിന്‍കീഴ് ശ്രീവല്ലഭന്, നാവായിക്കുളം ദേവനാരായണന് എന്നീ ദേവസ്വം ആനകളെ എത്തിച്ചു. ദേവനാരായണന് മദപ്പാട് ആണെന്ന് പറഞ്ഞ് ആദ്യദിനം തളച്ചു. അന്ന് കമ്മിറ്റിക്കാര് സ്വകാര്യ ആനയെ എത്തിച്ചു. അവസാന ദിവസം ശ്രീവല്ലഭന് രണ്ടാം പാപ്പാനെ ആക്രമിച്ചു എന്ന് പ്രശ്നം ഉണ്ടാക്കി. ഇതോടെ ആനയെ ഇറക്കാനാകില്ലെന്ന് വെറ്ററിനറി ഡോക്ടറും നിലപാട് എടുത്തു. അന്നും സ്വകാര്യ ആനയെ എത്തിച്ചാണ് ഉത്സവം നടത്തിയത്.
ദേവസ്വം ആനകളെ 15 ദിവസം കൂടുമ്പോള്‍ വെറ്ററിനറി ഡോക്ടര്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കണം. മദപ്പാട് ലക്ഷണം തുടങ്ങുംമുന്നേ തന്നെ പാപ്പാനും പരിശോധിക്കുന്ന ഡോക്ടര്‍ക്കും ആനയുടെ ചേഷ്ടകളില്‍ വ്യത്യാസം വരുന്നതില്‍ നിന്നും മദപ്പാടാണോ എന്ന് അറിയാനാകുമെന്ന് വിദഗ്ധര്‍ പറയുന്നു. മാത്രമല്ല ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച ആനകളായതിനാലും ഡേറ്റാ രജിസ്റ്റര്‍ ഉള്ളതിനാലും ആനയുടെ എല്ലാ വിവരങ്ങളും അറിയാനാകും. അതില്‍ മദപ്പാട് കാലം രേഖപ്പെടുത്തിയിട്ടുണ്ടാകും. അങ്ങനെ എങ്കില്‍ മദപ്പാട് കാലം രേഖപ്പെടുത്തിയ ദേവനാരായണന് എന്ന ആനയെ വലിയശാല ക്ഷേത്രത്തിലെ ഉത്സവത്തിന് എങ്ങിനെ എത്തിക്കാനാകുമെന്ന് വിദഗ്ധര്‍ ചോദിക്കുന്നു.
ചിലയിടങ്ങളില്‍ വെറ്ററിനറി ഡോക്ടര്‍മാരും ആനയെ ഇറക്കാതിരിക്കാന്‍ കൂട്ടുനില്‍ക്കുന്നുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്. ഇതിനായി ചില സ്വകാര്യ ആന മുതലാളിമാര്‍ വന്‍തുകകള്‍ ഉദ്യോഗസ്ഥര്‍ക്കും പാപ്പാന്മാര്ക്കും നല്‍കുന്നുണ്ടെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: