കൊച്ചി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നടത്തിപ്പില്‍ അധ്യാപികമാര്‍ക്ക് കുടുല്‍ പ്രാതിനിധ്യം നല്‍കണമെന്ന് ജെഎന്‍യു വൈസ് ചാന്‍സലര്‍ പ്രൊഫ. ശാന്തിശ്രീ ധുലുപുടി പണ്ഡിറ്റ് അഭിപ്രായപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ അധ്യാപകസംഘം സംസ്ഥാന സമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ദേശീയ താത്പര്യങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവരെ തെരഞ്ഞുപിടിച്ച് അപകീര്‍ത്തിപ്പെടുത്തുകയെന്നതാണ് ഇടതുപക്ഷത്തിന്റെ പൊതുസ്വഭാവം. മാധ്യമങ്ങളുടെ സഹായത്തോടെ ഹിന്ദുത്വവാദത്തിന്റെ പേരുപറഞ്ഞ് ദേശീയ വിദ്യാഭ്യാസ നയത്തെ ഇവര്‍ എതിര്‍ക്കുകയാണ്.
എന്നാല്‍ പരിവര്‍ത്തനത്തിനും പരിഷ്കരണത്തിനും പ്രാപ്തമായ സമൂഹത്തെ സൃഷ്ടിക്കാന്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനു സാധിക്കുമെന്ന് അവര്‍ പറഞ്ഞു. ഇടത് അധ്യാപക സംഘടനകള്‍ സംഘടിച്ച് ഇതിനെ എതിര്‍ക്കാനും ദേശീയ വിദ്യാഭ്യാസ നയത്തെ അനുകുലിക്കുന്നവരെ ഒറ്റപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. ഭാരതത്തിന്റെ പൈതൃകം സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കം തുല്യ പ്രാധാന്യം നല്കുന്നു. ഒറ്റപ്പെടുത്തലുകളില്‍ നിന്ന് നമ്മുടെ ദേശീയ താല്പര്യങ്ങളെ സംരക്ഷിക്കാന്‍ സ്ത്രീകള്‍ കൂടുതല്‍ മുന്നോട്ടു വരണം.
ജെഎന്‍യുവില്‍ കാലാകാലങ്ങളില്‍ ഇടതുസംഘടനകളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള നിയമനങ്ങളും വിദ്യാഭ്യാസ രീതികളുമാണ് നടന്നിട്ടുള്ളത്. ആദ്യകാലങ്ങളില്‍ നിയമിക്കപ്പെട്ട 40 ശതമാനം അധ്യാപകരുടെ ഭാര്യമാര്‍ റഷ്യന്‍ ചാരവനിതകള്‍ ആയിരുന്നു.
ഇന്ന് ജെഎന്‍യു മാറ്റത്തിന്റെ പാതയിലാണ്. ഇതുവരെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പഠിപ്പിച്ചുകൊണ്ടിരുന്നത് അന്ധമായി അനുകരിക്കാന്‍ മാത്രമായിരുന്നു. സ്വതന്ത്ര ഭാരതത്തില്‍ ആദ്യമായി ഹിന്ദിമേഖലയ്ക്കു പുറത്തുനിന്ന് ഒരു വനിത ജെഎന്‍യുവിന്റെ വൈസ് ചാന്‍സലറായി നിയമിക്കപ്പെട്ടത് താനാണെന്നും കൂടുതല്‍ വനിതകള്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നടത്തിപ്പിലേക്ക് നിയോഗിക്കപ്പെടണമെന്നും അവര്‍ പറഞ്ഞു.
സമ്മേളനത്തില്‍ അധ്യാപകസംഘം സംസ്ഥാന പ്രസിഡന്റ് ഡോ.കെ. ശിവപ്രസാദ് അധ്യക്ഷനായി. ബിജെപി സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോള്‍, എബിആര്‍എസ്എം ദേശീയ സഹസംഘടനാ സെക്രട്ടറി ഗുന്ത ലക്ഷ്മണ, അധ്യാപക സംഘം സംസ്ഥാന സെക്രട്ടറി ഡോ. സി.പി. സതീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. രണ്ടു ദിവസമായി നടന്ന സമ്മേളനത്തിന്റെ സമാപനയോഗത്തില്‍ ആര്‍എസ്എസ് പ്രാന്തീയ സഹ കാര്യവാഹ് കെ.പി. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: