കോഴിക്കോട്: അധിക സമയത്തേക്ക് നീണ്ട വാശിയേറിയ പോരാട്ടത്തില്‍ കെഎസ്ഇബിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഗോള്‍ഡന്‍ ത്രെഡ്സ് കേരള പ്രീമിയര്‍ ലീഗില്‍ ചരിത്രത്തിലാദ്യമായി കിരീടമുയര്‍ത്തി. കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 109-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അജയ് അലക്സും 120-ാം മിനിറ്റില്‍ ഇസ്ഹാഖ് നുഹു സെയ്ദുവും നേടിയ ഗോളുകളാണ് കൊച്ചി ആസ്ഥാനമായ ഗോള്‍ഡന്‍ ത്രെഡ്സിന് കിരീടം നേടിക്കൊടുത്തത്. നിശ്ചിതസമയത്ത് ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചു. കെപിഎല്‍ വരുന്നതിന് മുമ്പ് 2012-ല്‍ സംസ്ഥാന ക്ലബ്ബ് ചാമ്പ്യന്മാരായിരുന്നു ത്രെഡ്സ്.
നിലവിലെ റണ്ണറപ്പുകളായ കെഎസ്ഇബി രണ്ടാം കിരീടം ലക്ഷ്യമിട്ടായിരുന്നു എത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ കെഎസ്ഇബിക്കായിരുന്നു ജയം. 12 ഗോളുമായി ത്രെഡ്സിന്റെ ഘാന സ്ട്രൈക്കര്‍ നുഹു സെയ്ദ് ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹനായി. അജയ് അലക്സ് ഫൈനലിലെ താരമായി.
ഫ്രീകിക്കില്‍ നിന്നായിരുന്നു ത്രെഡ്സ് ആദ്യ ഗോള്‍ നേടിയത്. ബോക്സിന് ഇടതുഭാഗത്ത് ആസിഫ് ഷഹീറിനെ വീഴ്ത്തിയതിനായിരുന്നു ത്രെഡ്സിന് ഫ്രീകിക്ക് ലഭിച്ചത്. കിക്കെടുത്ത അജയ് അലക്സിന് പിഴച്ചില്ല. അജയ് അലക്സിന്റ ഷോട്ട് കെഎസ്ഇബി ഗോളി ഹജ്മലിനെ കാഴ്ചക്കാരനാക്കി വലതുമൂലയില്‍ വിശ്രമിച്ചു. അവസാന മിനിറ്റില്‍ നുഹു രണ്ടാം ഗോളും നേടി. മൂന്ന് പ്രതിരോധക്കാരെ വെട്ടിച്ചുള്ള ഇടംകാലടി കെഎസ്ഇബി വലയില്‍ കയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: