ലഖ്നൗ: രാഹുല്‍ ഗാന്ധി നുണയനാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കുകയാണെന്ന് ബിഎസ്പി നേതാവ് മായാവതി. ബിജെപിയെ തോല്പിക്കാന് കോണ്‍ഗ്രസുമായി ബിഎസ്പി സഖ്യം ആഗ്രഹിച്ചുവെന്നും കോണ്‍ഗ്രസ് തനിക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തുവെന്നുമുള്ള രാഹുലിന്റെ പ്രസ്താവന വെറും വീമ്പിളക്കലാണെന്ന് അവര്‍ പരിഹസിച്ചു.
ദളിതുകളോടും പിന്നാക്ക വിഭാഗങ്ങളോടും ബിഎസ്പിയോടും കേന്ദ്രത്തില്‍ ഭരണത്തിലിരുന്ന കാലത്തൊക്കെ കോണ്‍ഗ്രസ് ദ്രോഹമാണ് ചെയ്തിട്ടുള്ളത്. സംവരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നീതിക്ക് പുറത്താണ് ഈ സമുദായങ്ങളെ കോണ്‍ഗ്രസ് നിര്‍ത്തിയത്. രാഹുല്‍ ആദ്യം സ്വന്തം വീട് നന്നാക്കിയിട്ട് വരട്ടെ. അനാവശ്യമായി ബിഎസ്പിയുടെ കാര്യത്തില്‍ തലയിടേണ്ടതില്ല, മായാവതി പറഞ്ഞു.
ബിഎസ്പിയുടെ സ്ഥാപകനായ കാന്‍ഷിറാമിനെ സിഐഎ ഏജന്റെന്ന് അധിക്ഷേപിച്ചത് രാഹുലിന്റെ അച്ഛന് രാജീവ് ഗാന്ധിയാണെന്ന് മായാവതി ഓര്‍മ്മിപ്പിച്ചു. യുപി നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് എല്ലാ പാര്‍ട്ടികളും ആത്മപരിശോധന നടത്തണം, മറ്റ് പാര്‍ട്ടികളെ അധിക്ഷേപിക്കുന്നത് ഒഴിവാക്കണം. ബിഎസ്പിയെ കുറിച്ച് അഭിപ്രായം പറയുന്നതിന് മുമ്പ് കോണ്‍ഗ്രസ് ബിജെപിക്കെതിരായ സ്വന്തം ട്രാക്ക് റിക്കാര്‍ഡിനെക്കുറിച്ച് 100 തവണ ചിന്തിക്കണം, മായാവതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: