ചണ്ഡീഗഢ്: പഞ്ചാബില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ പേരില്‍ വിവാദങ്ങളും ആരോപണങ്ങലും വാചാടോപങ്ങളും സൃഷ്ടിച്ച നവജോത് സിങ്ങ് സിദ്ദു ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഞായറാഴ്ച തകര്‍ന്നടിഞ്ഞു. പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ അമരീന്ദര്‍ സിങ്ങ് ബ്രാറിനെ (രാജ വാറിംഗ്) തെരഞ്ഞെടുത്തതോടെയാണിത്.
ഇതോടെ കോണ്‍ഗ്രസ് പരീക്ഷണത്തിന്റെയും ദളിത് മുന്നേറ്റത്തിന്റെയും മുഖമായി അവതരിപ്പിച്ച ചരണ്‍ജിത് സിങ്ങ് ഛന്നിയും മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായ നവജോത് സിങ്ങും കോണ്‍ഗ്രസിലെ അരികിലേക്ക് തള്ളപ്പെട്ടു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം പുതിയൊരു തിരിച്ചുവരവിന്റെ ഭാഗമായാണ് അമരീന്ദർ സിംഗ് ബ്രാറിനെ പഞ്ചാബ് അധ്യക്ഷനായി കോൺഗ്രസ് നിയമിച്ചിരിക്കുന്നത്. .
നേരത്തെ നിയമസഭാ തോൽവിക്ക് പിന്നാലെ പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നവ്ജ്യോത് സിങ്ങ് സിദ്ദുവിനെ മാറ്റിയിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല മുഖ്യമന്ത്രിയായിരുന്ന ചരണ്‍ജിത് സിങ്ങ് ഛന്നി രണ്ട് സീറ്റുകളിലും പരാജയപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന നവജോത് സിങ്ങ് സിദ്ദു അമൃതസര്‍ ഈസ്റ്റ് മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതോടെ സിദ്ദുവിന്റെ പ്രസക്തി കോണ്‍ഗ്രസില്‍ നഷ്ടമായി.
അതുവരെ പിന്തുണച്ചിരുന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍റ് സിദ്ദുവിനെ കൈവിടുകയായിരുന്നു. സിദ്ദുവിന്റെ കലാപം കാരണമാണ് ക്യാപ്റ്റന്‍ അമരീന്ദര്‍സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഹൈക്കമാന്റ് നീക്കിയത്. ഇത് തെറ്റായ തീരുമാനമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ വിലയിരുത്തുന്നത്. മാത്രമല്ല, പഞ്ചാബ് കോണ്‍ഗ്രസിന്റെ തലപ്പത്ത് എത്തിയ സിദ്ദു തന്റെ അധീശത്വം നിലനിര്‍ത്താന്‍ മാത്രമാണ് ശ്രമിച്ചത്. ഛന്നിയെ തോല്‍പിച്ചതിന് പിന്നിലും സിദ്ദുവിന്റെ കരങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍റ് വിശ്വസിക്കുന്നു. എന്തായാലും രാഷ്‌ട്രീയത്തില്‍ പ്രസക്തിയില്ലാത്ത ഒരു വ്യക്തിത്വമായി അധപതിച്ച സിദ്ദുവിന് ഇനിയൊരു തിരിച്ചുവരവുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: