കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കാവ്യാ മാധവന് ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ല. കാവ്യയില്‍ നിന്നും കേസിലെ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് ആലുവയിലെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്യാമെന്നും കാവ്യ മറുപടി നല്കി.
നിലവില്‍ സാക്ഷി ആയാണ് കാവ്യ. സാക്ഷിയായ സ്ത്രീകളെ പോലിസ് സ്റ്റേഷനില്‍ വിളിപ്പിക്കരുതെന്നാണ് ചട്ടം. ഈ സാഹചര്യത്തില്‍ ആണ് കാവ്യയുടെ സൗകര്യാര്‍ത്ഥം ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. തിങ്കളാഴ്ച ചോദ്യം ചെയ്യാമെന്നാണ് ആദ്യം ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. കേസിലെ ഗൂഢാലോചനയെക്കുറിച്ച് കാവ്യയ്ക്ക് അറിയാമെന്നാണ് സംവിധായകന് ബാലചന്ദ്ര കുമാര്‍ മൊഴി നല്‍കിയത്.
അതിനിടെ കേസുമായി ബന്ധപ്പെട്ട ദിലീപിന്റെ ശബ്ദരേഖയും പുറത്തുവന്നു. നടന് ദിലീപും സുഹൃത്ത് ബൈജു ചെങ്ങാമനാടും തമ്മില്‍ നടന്നതെന്ന് കരുതപ്പെടുന്ന ഒരു ഫോണ്‍ സംഭാഷണവും, ദിലീപിന് വേണ്ടി സാക്ഷിയെ സ്വാധീനിക്കുന്ന സഹോദരീഭര്‍ത്താവിന്റെ ഫോണ്‍ സംബാഷണവുമാണ് പുറത്തുവന്നത്.
കേസിലെ തെളിവ് നശിപ്പിച്ചെന്ന ആരോപണത്തില്‍ ദിലീപിന്റെ മൂന്ന് അഭിഭാഷകര്‍ക്ക് കേരള ബാര്‍ കൗസില്‍ നോട്ടീസ് നല്കി. നടി നല്കി പരാതിയിലാണ് നടപടി. സീനിയര്‍ അഭിഭാഷകനായ ബി രാമന് പിള്ള, ഫിലിപ് ടി. വര്‍ഗീസ്, സുജേഷ് മോനോന് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. നടിയുടെ ആരോപണത്തില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുള്ളത്. വിചാരണ നടക്കുന്ന കേസില്‍ 20 സാക്ഷികളെ അഭിഭാഷകന് ഇടപെട്ട് കൂറ് മാറ്റിയെന്നും കോടതിയെ സഹായിക്കണ്ട അഭിഭാഷകനില്‍ നിന്ന് നീതി തടയുന്ന പ്രവര്‍ത്തിയാണുണ്ടായതെന്നും നടിയുടെ പരാതിയിലുണ്ട്.
കേസില്‍ ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച സംഭവത്തില്‍ അഭിഭാഷകര്‍ക്ക് പങ്കുണ്ടെന്ന സംശയത്തില്‍ ഫിലിപ് ടി. വര്‍ഗീസ്, സുജേഷ് മോനോന് എന്നിവരേയും അന്വേഷണ സംഘം ചോദ്യം ചെയ്യും. സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അഭിഭാഷകകര്‍ക്ക് നോട്ടീസ് നല്‍കും. ദിലീപിന്റെ ഫോണിലെ തെളിവ് നീക്കാന്‍ ആവശ്യപ്പെട്ടത് ഫിലിപ്പ് ടി. വര്‍ഗീസ് ആണെന്ന് സായ് ശങ്കര്‍ വെളിപ്പെടുത്തിയിരുന്നു. കൂടാതെ തെളിവ് നശിപ്പിക്കാന്‍ ഉപയോഗിച്ച ലാപ്ടോപ്പും അഡ്വ. ഫിലിപ്പ് അഭിഭാഷകന്റെ ഓഫീസിലേക്ക് കൊണ്ടുപോയെന്നും, താന്‍ പിടിക്കപ്പെട്ടാല്‍ ഇത് അന്വേഷണ സംഘത്തിന്റെ കയ്യിലെത്തിയാല്‍ തെളിവാകുമെന്ന് ഫിലിപ്പ് പറഞ്ഞതായും സായി പറഞ്ഞു.
തെളിവ് നശിപ്പിക്കാന്‍ തന്റെ ഭാര്യയുടെ ഐ മാക്കും ഉപയോഗിച്ചിരുന്നു. അതാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ പക്കല്‍ ഉള്ളതെന്നും സായിയുടെ മൊഴിയില്‍ പറയുന്നുണ്ട്. എന്നാല്‍ ഫോണില്‍ നിന്നും നീക്കിയത് കേസിലെ സുപ്രധാന രേഖകളാണെന്ന് അറിയില്ലായിരുന്നു. ദിലീപുമായി തനിക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നില്ല. രേഖകള്‍ നശിപ്പിക്കുമ്പോള്‍ ദിലീപ് കൂടെയുണ്ടായിരുന്നു. ദിലീപിന്റെ ഫോണുകള്‍ പരിശോധിച്ചത് താനാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയെ സമീപിച്ചിട്ടില്ലെന്നും സായിയുടെ മൊഴിയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: