ത്രേതായുഗത്തിലെ രാമാവതാരകഥ മാത്രമല്ല രാമായണം. സമൂഹജീവിയായ മനുഷ്യന്, മനുഷ്യത്വത്തിന്, മനുഷ്യകുലത്തിന് ആദികവി സമ്മാനിച്ച മാര്‍ഗദീപമായിരുന്നു. കാലാതിവര്‍ത്തിയായ മനുഷ്യഗാഥ. ജീവിക്കാനും സഹജീവിയെ അതിന് അനുവദിക്കാനുമുള്ള നീതിസാരമായി നിറയുകയാണ് രാമനിലൂടെ രാമായണം. .
ശ്രീരാമന് മാത്രമല്ല അയോധ്യയിലെ രാജകുടുംബാംഗങ്ങളോരുത്തരും അനവദ്യമായ ജീവിതത്ത്വങ്ങളാണ് പകര്‍ത്തി വയ്ക്കുന്നത്. വായിച്ചു വളരുന്ന തലമുറയ്ക്ക് ദിശാബോധം നല്കുന്നവയായി രാമായണ പാഠങ്ങള്‍ മാറുന്നതും അതുകൊണ്ടാണ്.
ധര്‍മത്തിന്റെ, ജീവിത മൂല്യങ്ങളുടെയെല്ലാം അനേകം സന്ദര്‍ഭങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നവയാണ് രാമായണത്തിന്റെ കഥാനുഗതി.
കുടുംബബന്ധങ്ങളുടെ പ്രാധാന്യം
നാലുമക്കളില്‍ മൂത്തവനായ രാമന്റെ പട്ടാഭിഷേകത്തിന് ഒരുങ്ങുകയാണ് അയോധ്യ. സ്നേഹനിധിയായ ഇളയമ്മ, കൈകേയി അതിനു തടയിടുന്നത് പൊടുന്നനെയാണ്. പക്ഷേ രാമന് അതില്‍ ആരോടും നീരസമോ പരിഭവമോ ഇല്ല. കൈകേയിയോടു പോലും. അച്ഛന് കൊടുത്ത വാക്കു പാലിക്കാനാണ് രാമന് കൊട്ടാരം വിട്ടിറങ്ങുന്നത്. അച്ഛന്റെ അഭിമാനം മകന്റേതു കൂടിയായി മാറുകയാണ് അവിടെ. നന്മയുടെ ഈയൊരു ബന്ധനം കുടുംബാംഗങ്ങള്‍ക്കെല്ലാം ഇടയിലുണ്ട്. കഥാന്ത്യത്തില്‍ രാമന് അയോധ്യയിലേക്ക് എത്തിച്ചേരുന്നതും ഈയൊരു ബന്ധനത്താലാണ്.
പ്രലോഭനങ്ങളെ കരുതിയിരിക്കുക
വനവാസകാലത്ത് എത്ര മധുരമായാണ് സീതാരാമലക്ഷ്മണന്മാര് പ്രകൃതിയോട് ഇണങ്ങിച്ചേരുന്നത്! സുഖദമായ ആ ജീവിതത്തലേക്ക് ദുരിതപര്‍വമായെത്തുകയാണ് രാവണനും സ്വര്‍ണമാനായി വേഷം മാറിയ മാരീചനും. മാനിനെ കണ്ടു കൊതിച്ച സീതയ്ക്കു വേണ്ടി രാമന് അതിനെ പിടിക്കാന്‍ പോവുകയാണ്. പ്രലോഭനങ്ങള്‍ക്കു വഴങ്ങരുതെന്നും അതിനു നല്‍കേണ്ടി വരുന്ന വില താങ്ങാനാവില്ലെന്നും സാന്ദര്‍ഭികമായി ഓര്‍മ്മിപ്പിക്കുകയാണ് വാല്മീകി. ഉള്ളതെന്തോ അതില്‍ തൃപ്തരാവണമെന്നും.
നിര്‍ദേശങ്ങള്‍ പാലിക്കാം ലംഘിക്കുന്നത് ആപത്ത്
സീതയെ നോക്കാന്‍ ലക്ഷ്മണനെ ഏല്‍പ്പിച്ചാണ് രാമന് മാനിനു പിറകേ പോകുന്നത്. മാരീചന് രാമന്റെ ശബ്ദമനുകരിച്ച് രക്ഷയ്ക്കായ് കേണപ്പോള്‍ ലക്ഷ്മണനെ നിര്‍ബന്ധപൂര്‍വം അങ്ങോട്ട് അയയ്ക്കുകയാണ് സീത. സീതയ്ക്കു മുമ്പിലൊരു രേഖ വരച്ച് അതു മറികടക്കരുതെന്ന താക്കീതു നല്കി ലക്ഷ്ണന്‍ പോകുന്നു. ആ സമയത്ത് സംന്യാസിയുടെ രൂപത്തിലെത്തുന്ന രാവണന് ഭിക്ഷ നല്‍കാനായി സീത ലക്ഷ്മണരേഖ ഭേദിക്കുന്നു. ഇത് സീതാപഹരണത്തിന് ഹേതുവാകുന്നു. നല്ലതിനായുള്ള ലക്ഷ്മണ രേഖകള്‍ ഭേദിക്കരുതെന്ന നല്ലപാഠമാണ് അവിടെ വരച്ചിടുന്നത്.
അണ്ണാറക്കണ്ണനും തന്നാലായത്
ലങ്കയിലേക്ക് കടക്കാന്‍ വാനര സേന രാമസേതു ബന്ധനത്തിലേര്‍പ്പെട്ട നേരം. അതിലേക്ക് ചെറുതെങ്കിലും തന്റെ പങ്കു നല്‍കാനായി ഒരു അണ്ണാറക്കണ്ണനെത്തുന്നു. വെള്ളത്തില്‍ മുങ്ങിയെത്തി മണലില്‍ കിടന്നുരുണ്ട് തനിക്കാവുന്നത്രയും മണല്‍ നല്കി സഹായിച്ച അണ്ണാന്റെ മുതുകില്‍ സ്നേഹപൂര്‍വം തലോടി ഭഗവാന് മൂന്നു വരകള്‍ സമ്മാനിച്ചെന്ന കഥ, ആരും നിസ്സാരരല്ലെന്ന ഓര്‍മ്മപ്പെടുത്തലാകുന്നു.
ശത്രുവിനേയും മാനിക്കുക
അധര്‍മ്മിയായ രാവണനെ വധിക്കുന്നത് രാമന്റെ ധര്‍മബോധം. പക്ഷേ രാവണന്റെ ഭൗതികദേഹത്തെ വെറുതേയുപേക്ഷിച്ചു പോയിച്ചില്ല രാമന്. ഉപചാരപൂര്‍വം, ആദരപൂര്‍വമായിരുന്നു രാവണന്റെ സംസ്ക്കാരച്ചടങ്ങുകള്‍ രാമന് നടത്തിയത്. മരണത്തിന് ശത്രുതയില്ല. ഉണ്ടാവരുതെന്ന ബോധ്യപ്പെടുത്തലിന് ഇതൊരു ഉദാഹരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: