Categories: Kerala

നടിയെ ആക്രമിച്ച കേസ്: പ്രതികളുമായി ചേര്‍ന്ന് സാക്ഷികളെ സ്വാധീനിച്ച് കൂറ് മാറ്റി; ദിലീപിന്റെ അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ നോട്ടീസ്

കേസിലെ സാക്ഷിയായ ജിന്‍സനെ സ്വാധീനിക്കാന്‍ ക്രിമിനല്‍ കേസിലെ പ്രതിയുടെ സഹായത്തോടെ ബി രാമന്‍ പിള്ള 25 ലക്ഷം രൂപയും 5 സെന്റ് ഭൂമി വാഗ്ദാനം ചെയ്തു. ഇതില്‍ പോലീസ് കേസ് എടുത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബി രാമന്‍പിള്ളയ്ക്ക് നോട്ടീസ് നല്‍കിയിട്ടും ഹാജരായിട്ടില്ല.

Published by

കൊച്ചി :  നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്ക് നോട്ടീസ്. നടി നല്‍കിയ പരാതിയില്‍ ബാര്‍ കൗണ്‍സിലാണ് നോട്ടീസ് നല്‍കിയത്. ബി രാമന്‍ പിള്ള, സുജേഷ് മേനോന്‍, ഫിലിപ്പ് വര്‍ഗീസ് എന്നീ മൂന്ന് പേര്‍ക്കാണ് ബാര്‍ കൗണ്‍സില്‍ നോട്ടീസ് ലഭിച്ചത്. രണ്ടാഴ്ചക്കകം മറുപടി നല്‍കാനാണ് നിര്‍ദ്ദേശം.  

പ്രതികളുമായി ചേര്‍ന്ന് 20 ലേറെ സാക്ഷികളെ അഭിഭാഷകന്‍ കൂറുമാറ്റിയെന്നും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയ അഭിഭാഷകനെതിരെ നടപടി വേണെന്നും ആവശ്യപ്പെട്ടാണ് നടി ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയത്. കേസിലെ സാക്ഷിയായ ഡോക്ടറെ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് ബാര്‍ കൗണ്‍സില്‍ നോട്ടീസ് അയച്ചിരിക്കുന്നത്. സീനിയര്‍ അഭിഭാഷകനായ ബി. രാമന്‍പിള്ള, ഫിലിപ് ടി. വര്‍ഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷകവൃത്തി്ക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണെന്ന് പരാതിയില്‍ ആരോപിക്കുന്നുണ്ട്.  

കേസിലെ സാക്ഷിയായ ജിന്‍സനെ സ്വാധീനിക്കാന്‍ ക്രിമിനല്‍ കേസിലെ പ്രതിയുടെ സഹായത്തോടെ ബി രാമന്‍ പിള്ള 25 ലക്ഷം രൂപയും 5 സെന്റ് ഭൂമി വാഗ്ദാനം ചെയ്തു. ഇതില്‍ പോലീസ് കേസ് എടുത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബി രാമന്‍പിള്ളയ്‌ക്ക് നോട്ടീസ് നല്‍കിയിട്ടും ഹാജരായിട്ടില്ല. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ മുഖ്യ തെളിവായ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചു. സെബര്‍ വിദഗ്ധന്റെ സഹായത്തോടെ ബി. രാമന്‍ പിള്ളയുടെ ഓഫീസില്‍ വെച്ചാണ് തെളിവ് നശിപ്പിച്ചത്. പ്രതി പള്‍സര്‍സുനി ദിലീപിന് കൈമാറാന്‍ കൊടുത്ത കത്ത് സജിത് എന്നയാളെ സ്വാധീനിച്ച് രാമന്‍പിള്ള കൈക്കലാക്കി. പിന്നീട് ഈ കത്ത് ഇരിങ്ങാലക്കുടയിലെ ഹോട്ടലില്‍വെച്ച് തിരിച്ച് നല്‍കിയെന്നും നടിയുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്.  

അതേസമയം നടിയെ ആക്രമിച്ച കേസിലെ തെളിവായ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ച ലാപ്‌ടോപ്പും ഐ മാക്കും അഭിഭാഷകരുടെ കസ്റ്റഡിയിലെന്ന് സൈബര്‍ വിദഗ്ധന്‍ സായി ശങ്കര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. ഫോണിലെ തെളിവ് നശിപ്പിക്കുന്നതിനായി ഭാര്യയുടെ പേരിലുള്ള ഐമാക്കും ഉപയോഗിച്ചിട്ടുണ്ട്. ഇത് മാത്രമാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ പക്കലുള്ളത്. എന്നാല്‍ ഫോണിലെ തെളിവ് നശിപ്പിക്കാന്‍ ഉപയോഗിച്ച ലാപ്‌ടോപ്പ് താന്‍ ഒളിവിലായിരിക്കേ അഡ്വ. ഫിലിപ്പ് ഇത് വാങ്ങി രാമന്‍ പിള്ളയുടെ ഓഫീസിലേക്ക് കൊണ്ടുപോയെന്നും സായി ശങ്കറിന്റെ മോഴിയില്‍ പറയുന്നുണ്ട്.

കേസില്‍ താന്‍ പിടിക്കപ്പെട്ടാല്‍ ലാപ്‌ടോപ്പും ഐമാക്കും പോലീസിന് ലഭിക്കും. ഇത് കേസില്‍ ദിലീപിനെതിരെയുള്ള തെളിവുകളാകുമെന്ന് പറഞ്ഞ് അഡ്വ. ഫിലിപ്പ് ഇവ കൊണ്ടുപോവുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അഭിഭാഷകരുടെ കൈവശമുള്ളവ കസ്റ്റഡിയിലെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക