ന്യൂദല്‍ഹി: രാജ്യത്തെ പാവപ്പെട്ടവര്‍ക്കിടയിലെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും പോഷകക്കുറവ് പരിഹരിക്കാന്‍ വന്‍ പദ്ധതിയുമായി കേന്ദ്രം. പോഷകങ്ങള്‍ ചേര്‍ത്ത അരി പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കാനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ ഇന്നലെ അനുമതി നല്കി. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതിയാണ് നടപ്പാക്കിത്തുടങ്ങുന്നത്. അരിയില്‍ പോഷകങ്ങള്‍ ചേര്‍ക്കാന്‍ പ്രതിവര്‍ഷം 2700 കോടി രൂപയാണ് ചെലവു വരുന്നതെന്നും അത് പൂര്‍ണമായും കേന്ദ്രം വഹിക്കുമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പോഷകങ്ങള്‍ ചേര്‍ത്ത 85.65 ലക്ഷം മെട്രിക് ടണ്‍ അരി ഫുഡ് കോര്പ്പറേഷന് സംഭരിച്ചു കഴിഞ്ഞു.
ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം, സംയോജിത ശിശു വികസന പദ്ധതി, പ്രധാനമന്ത്രി പോഷന്‍ ശക്തി നിര്മാണ്, ഉച്ച ഭക്ഷണ പദ്ധതി തുടങ്ങിയവ പ്രകാരം ഇനി ഇത്തരം അരിയാകും വിതരണം ചെയ്യുക.
2024 ജൂണ്‍ വരെ മൂന്നു ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. സംയോജിത ശിശു വികസന പദ്ധതി, പ്രധാനമന്ത്രി പോഷന്‍ ശക്തി നിര്മാണ് എന്നിവ വഴി ഇപ്പോള്‍ ഇത്തരം അരിയാണ് നല്കി വരുന്നത്. രണ്ടാം ഘട്ടത്തില്‍ ഇപ്പോള്‍ നല്കുന്നതിനു പുറമേ പൊതുവിതരണ സംവിധാനത്തിലും ഇതര ക്ഷേമ പദ്ധതികള്‍ വഴിയും പോഷക അരി നല്‍കും. മൂന്നാം ഘട്ടത്തോടെ 2024 ജൂണ്‍ വരെയായി രാജ്യമൊട്ടാകെ പോഷക അരി നല്‍കിക്കഴിയും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ബന്ധപ്പെട്ട മറ്റ് ഏജന്‍സികളും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. 2019ലും 2020ലും പൈലറ്റ് പദ്ധതിയായി 11 സംസ്ഥാനങ്ങളില്‍ ഇതു നടപ്പാക്കിത്തുടങ്ങിയിരുന്നു.
അടല്‍ ഇന്നൊവേഷന് മിഷന് നീട്ടി
കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കാനും സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രചോദനം നല്‍കാനുമുള്ള അടല്‍ ഇന്നൊവേഷന് മിഷന് 2023 മാര്‍ച്ചുവരെ തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. വിദ്യാലയങ്ങളില്‍ 10,000 അടല്‍ ടിങ്കറിങ് ലാബുകളും 101 അടല്‍ ഇന്‍ക്യൂബേഷന്‍ സെന്ററുകളും 50 അടല്‍ കമ്യൂണിറ്റി ഇന്നൊവേഷന് സെന്ററുകളും സ്ഥാപിക്കുക, 200 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്‍കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍. രണ്ടായിരം കോടിയിലേറെ രൂപ ഇതിന് ചെലവു വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: