രാമേശ്വരം: കടുത്ത ദാരിദ്ര്യത്തിലേക്ക് അതിവേഗം നീങ്ങുന്ന ശ്രീലങ്കയില്‍ നിന്ന് കൂടുതല്‍ അഭയാര്‍ഥികള്‍ ഇന്ത്യയിലേക്ക്. നാലംഗ കുടുംബമാണ് ഇന്നലെ ബോട്ടില്‍ ധനുഷ്കോടിക്കടുത്ത് അരിച്ചാല്മുനൈയില് എത്തിയത്. അച്ഛനും അമ്മയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം ശ്രീലങ്കയിലെ മാന്നാറില്‍ നിന്നാണ് അഭയം തേടി ഇന്ത്യയിലെത്തിയത്. കൊടുംപട്ടിണിയാണ് എങ്ങനെയും ഇന്ത്യയിലെത്താന്‍ പ്രേരിപ്പിച്ചതെന്ന് അവര്‍ പറഞ്ഞു. ലങ്കയിലെ തമിഴരാണ് ഇവര്‍.
തീരത്തുനിന്ന് മറൈന്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്തതിനു ശേഷം മണ്ഡപം ക്യാമ്പിലാക്കി. രണ്ടാഴ്ച മുമ്പു രണ്ടു തവണയായി 16 പേര് ലങ്കയില്‍ നിന്ന് രാമേശ്വരത്തെത്തിയിരുന്നു. അവരെയും മണ്ഡപം ക്യാമ്പില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ലങ്കന്‍ പ്രതിസന്ധി രൂക്ഷമായ ശേഷം ഇതുവരെ ഇരുപതോളം പേരാണ് തമിഴ്നാട്ടില്‍ അഭയാര്‍ഥികളായി എത്തിയത്. വരും ദിവസങ്ങളില്‍ അഭയാര്‍ഥി പ്രവാഹം ശക്തമാകുമെന്നാണ് ആശങ്ക. ലങ്കയില്‍ ജീവിക്കുക അസാധ്യമാകുകയാണെന്ന് ഇന്നലെ ധനുഷ്കോടിയില്‍ എത്തിയവര്‍ പറഞ്ഞു. അവിടെയുള്ള ബന്ധുക്കളെപ്പറ്റി ആശങ്കയുണ്ടെന്നും അവര്‍ തുടര്‍ന്നു.
ശ്രീലങ്കയ്ക്ക് ഇന്ത്യ ഇതിനകം 18,500 കോടി രൂപയുടെ സഹായം നല്‍കിക്കഴിഞ്ഞതായി ഹൈക്കമ്മിഷണര്‍ ഗോപാല്‍ ബാഗ്ലെ പറഞ്ഞു. വരും ദിവസങ്ങളില്‍ ലങ്കയിലെ അടിസ്ഥാന മേഖലകളില്‍ ഇന്ത്യ നിക്ഷേപം നടത്തുമെന്നും ഹൈക്കമ്മിഷണര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: