കൊച്ചി: നിര്‍ണായക സ്വാധീനമുള്ള ലത്തീന്‍ കത്തോലിക്കാ സമുദായത്തെ ഒപ്പം നിര്‍ത്തുകയെന്നതാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രൊഫ. കെ.വി. തോമസിനെ അടര്‍ത്തിയെടുക്കുന്നതിലൂടെ സിപിഎം ലക്ഷ്യം വയ്‌ക്കുന്നത്. കഴിഞ്ഞകാല തെരഞ്ഞെടുപ്പില്‍ ലത്തീന്‍ സമുദായത്തില്‍നിന്ന് പലരെയും പരീക്ഷിച്ചെങ്കിലും സഭാ നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ നേടാന്‍ പാര്‍ട്ടിക്കായിരുന്നില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് കേരള റീജണല്‍ ലത്തീന്‍ കത്തോലിക്ക കൗണ്‍സില്‍ വൈസ് പ്രസിഡന്റായിരുന്ന ഷാജി ജോര്‍ജ് പ്രണതയെ മത്സരിപ്പിച്ചെങ്കിലും വിജയിപ്പിക്കാനായില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുറയ്‌ക്കാന്‍ പോലും ഷാജിക്കായില്ല.
വിവിധ തിരഞ്ഞെടുപ്പുകളില്‍ ലത്തീന്‍ സമുദായവുമായി ബന്ധമുള്ള വിവിധ നേതാക്കളെ സിപിഎം പയറ്റിയെങ്കിലും പരാജയമായിരുന്നു ഫലം. സേവ്യര്‍ അറയ്‌ക്കല്‍, സെബാസ്റ്റ്യന്‍ പോള്‍ തുടങ്ങിയവരെക്കൊണ്ട് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളില്‍ സിപിഎമ്മിനു തൃപ്തിപ്പെടേണ്ടി വന്നു.
ഈ സാഹചര്യത്തിലാണ്, എറണാകുളത്ത് ഒട്ടേറെ വിജയങ്ങള്‍ സ്വന്തം പേരില്‍ എഴുതിയിട്ടുള്ള കെ.വി. തോമസിനെ സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ സിപിഎം ശ്രമിക്കുന്നത്. ലത്തീന്‍ സഭയോടുള്ള അടുത്ത ബന്ധവും തെരഞ്ഞെടുപ്പ് മാനേജ്‌മെന്റില്‍ മികച്ച പാടവവുമുള്ള തോമസിന് അനുകൂലഫലം കൊണ്ടുവരാന്‍ കഴിയുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. ലത്തീന്‍ സമുദായത്തില്‍ നിര്‍ണായക സ്വാധീനമുള്ള ഹൈബി ഈഡനെ എതിര്‍ക്കാനുള്ള തുരുപ്പുചീട്ടായാണ് തോമസിനെ സിപിഎം കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: