തൊടുപുഴ: ഏറെക്കാലമായി ഉദ്ഘാടനം കാത്ത് കിടന്നിരുന്ന കെഎസ്ആര്‍ടിസി തൊടുപുഴ ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് മന്ത്രി ആന്റണി രാജു നിര്‍വ്വഹിക്കും. പി.ജെ. ജോസഫ് എംഎല്‍എ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥിയായിരിക്കും.
മുനിസിപ്പല്‍ ചെയര്മാന് സനീഷ് ജോര്‍ജ്, കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഐഎഎസ്, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ജോസഫ് ജോണ്‍, കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി.പി.പ്രദീപ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് എസ്. രമേശ്, കെ.ഐ. സലിം (കെഎസ്ആര്‍ടിസിഇഎ), സിജി ജോസഫ് (ടിഡിഎഫ്), എസ്. അരവിന്ദ് (കെഎസ്ടിഇഎസ്), ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എ. അജിത് എന്നിവര്‍ പങ്കെടുക്കും.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണം ആരംഭിച്ച കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് ഇതു വരെ പതിനെട്ട് കോടിയോളം ചെലവഴിച്ചിട്ടുണ്ട്. നിര്‍മ്മാണത്തിന് 14.5 കോടിയാണ് ആദ്യം അനുവദിച്ചത്. പിന്നീട് എംഎല്‍എ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ കൂടി അനുവദിച്ചു. ഇപ്പോള്‍ രണ്ട് കോടി കൂടി അനുവദിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഡിറ്റിഒ ഓഫീസ്, ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള വിശാലമായ സ്ഥലം, വര്‍ക്ക് ഷോപ്പ്, വാഹനങ്ങള്‍ കഴുകുന്നതിനുള്ള സൗകര്യം, പൊതുജനങ്ങള്‍ക്ക് നില്‍ക്കാനുള്ള സൗകര്യം, കടമുറികള്‍ തുടങ്ങിയവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി.
കെഎസ്ആര്‍ടിസിയില്‍ നിന്ന് ഇപ്പോള്‍ അറുപതോളം സര്‍വ്വീസുകളാണ് ഉള്ളത്. മുനിസിപ്പല്‍ ലോറി സ്റ്റാന്‍ഡില്‍ ബസ് സ്റ്റേഷന് പ്രവര്‍ത്തിച്ച് വരുകയായിരുന്നു. തൊടുപുഴയില്‍ നിന്ന് കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: