കെ.എസ്. പുരുഷോത്തമന്‍
രാജാക്കാട്: ചിന്നക്കനാലില്‍ വനവാസികള്‍ക്ക് വിതരണം ചെയ്ത ഭൂമിയില്‍ സ്ഥിരതാമസമില്ലാത്തവരുടെ പട്ടയം റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് റവന്യൂ വകുപ്പ് തുടക്കം കുറിച്ചു. ഇപ്പോള്‍ ഇത്തരത്തിലുള്ള ഭൂമിയുടെ കരം സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
ഭൂമിയില്‍ കൃഷി ചെയ്തില്ലെങ്കില്‍ പട്ടയം റദ്ദാക്കുമെന്നറിയിച്ച് കൊണ്ട് റവന്യൂ വകുപ്പ് കത്തയച്ചിരിക്കുകയാണ്. കാട്ടാന ശല്യം രൂക്ഷമായപ്പോള്‍ 301 കോളനിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാറിപ്പോയവരില്‍ പലരും ഇപ്പോള്‍ തിരികെ വരാന്‍ തുടങ്ങിയിട്ടുണ്ട്.
പുതിയതായി നിര്‍മ്മിച്ച ഷെഡ്ഡുകള്‍ക്ക് നേരെയും ആനയുടെ ആക്രമണമുണ്ടായി. 2003ലാണ് ചിന്നക്കനാലിലെ വിവിധ മേഖലകളിലായി വനവാസികളുടെ പുനരധിവാസത്തിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒരേക്കര്‍ വീതം 301 പേര്‍ക്ക് പതിച്ചു നല്‍കിയ സ്ഥലമാണ് 301 കോളനി എന്ന പേരിലറിയപ്പെടുന്നത്. കാട്ടാന ശല്യമോ മറ്റ് പാരിസ്ഥിതിക പ്രശ്‌നങ്ങളോ പഠിക്കാതെ അന്നത്തെ സര്‍ക്കാര്‍ ചെയ്ത നടപടികളാണ് പാളിയത്. കാട്ടാന ശല്യത്തെ തുടര്‍ന്ന് ഭൂരിഭാഗം കുടുംബങ്ങളും ഇവിടെ നിന്നും പാലായനം ചെയ്തിരുന്നു. നിലവില്‍ 50ല്‍ താഴെ കുടുംബങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. താമസമില്ലാത്തവരുടെ പട്ടയം റദ്ദ് ചെയ്യുമെന്ന സ്ഥിതിയിലെത്തിയപ്പോള്‍ പലരും മറ്റ് ജില്ലകളില്‍ നിന്ന് ഇപ്പോള്‍ തിരികെയെത്തി തുടങ്ങിയിട്ടുണ്ട്.
ഇങ്ങനെ 17 പേര്‍ ഇപ്പോള്‍ തന്നെ എത്തിക്കഴിഞ്ഞു. ഇനിയും പലരുമെത്തുമെന്നാണറിയുന്നത്. ഇതില്‍ പലരുടെയും ഭൂമി പാട്ടവ്യവസ്ഥയില്‍ മറ്റ് ചിലര്‍ കൈവശം വെച്ചിട്ടുള്ളതായും സൂചനകള്‍ പുറത്ത് വരുന്നുണ്ട്. അടുത്ത ദിവസം തന്നെ റവന്യൂ- വനം വകുപ്പ് ഉദ്യോഗസ്ഥര്‍ 301 കോളനിയിലെ യഥാര്‍ത്ഥ പട്ടയ ഉടമകളായ ആദിവാസികളുമായി കൂടിക്കാഴ്ചക്കു വേണ്ടി തീരൂമാനിച്ചിട്ടുണ്ട്. ചിന്നക്കനാലിലെ ഭൂ മാഫിയകളുടെയഥാര്‍ത്ഥ ചിത്രം വരും ദിവസങ്ങളില്‍ വെളിച്ചത്തുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: