ചങ്ങനാശേരി: ചങ്ങനാശേരി-ആലപ്പുഴ-കുട്ടനാട് പ്രദേശങ്ങളിലേക്കുള്ള ജലഗതാഗത യാത്ര പോളമൂലം താറുമാറാകുന്നു. യാത്രാബോട്ടുകളില്‍ ഒരെണ്ണം ആലപ്പുഴയിലേക്ക് കൊണ്ടുപോയിട്ട് ഒന്നരവര്‍ഷം. ആഘോഷമായി എത്തിച്ച വാട്ടര്‍ ടാക്സിയും തിരികെ കൊണ്ടുപോകാന്‍ ഒരുങ്ങുന്നു. പോള നിറഞ്ഞതോടെ യാത്രാബോട്ടും, വാട്ടര്‍ ടാക്സിയും നിലച്ചു.
ആലപ്പുഴ-ചങ്ങനാശേരി ജലപാതയില്‍ ചങ്ങനാശേരി ബോട്ടുജെട്ടി ഭാഗത്തെ പോളശല്യം യാത്രാബോട്ടുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. പോളനിറഞ്ഞുകിടക്കുന്നതുമൂലം വേസ്റ്റുകള്കൊണ്ടുവന്നു നിക്ഷേപിക്കുന്നതും ഇവിടെയാണ്. പോളയും മാലിന്യവും പ്രൊപ്പല്ലറില്‍ കുരുങ്ങി.
ബോട്ടുകളുടെ എഞ്ചിന് തകരാറുകള്‍ സംഭവിക്കുന്നു. രണ്ടു യാത്രാബോട്ടുകളാണ് ചങ്ങനാശേരിയില്‍നിന്നും സര്‍വീസ് നടത്തിയിരുന്നത്. അറ്റകുറ്റപണികള്‍ക്കായി അതിലൊരെണ്ണം ആലപ്പുഴയിലേക്ക് കൊണ്ടുപോയത് കൊവിഡ് കാലത്തിന്റെ തുടക്കത്തിലാണ്. വെള്ളപ്പൊക്ക സമയത്ത് ചങ്ങനാശേരിയില്‍ വീണ്ടും രണ്ടു ബോട്ടുകള്‍കൂടി അനുവദിച്ചെങ്കിലും ആഴ്ചകള്‍ കഴിഞ്ഞതോടെ ഒരെണ്ണം വീണ്ടും തിരിച്ചുകൊണ്ടുപോയി.
സ്കൂളുകള്‍ തുറക്കുമ്പോള്‍ ബോട്ട് തിരികെ ചങ്ങനാശേരിക്ക് എത്തിക്കുമെന്നു കരുതിയെങ്കിലും ഇതുവരെ എത്തിയില്ല. ശരാശരി മൂവായിരം രൂപയാണ് ചങ്ങനാശേരിയില്‍ നിന്നും സര്‍വീസ് നടത്തുന്ന ബോട്ടില്‍നിന്നുള്ള വരുമാനം. ജില്ലയില്‍ ജലഗതാഗതവകുപ്പിന്റെ ആദ്യത്തേത് എന്നു പേരുമായി കഴിഞ്ഞ ആഗസ്തിലാണ് വാട്ടര്‍ടാക്സി എത്തിയത്.
സപ്തംബറില്‍ ഒരുലക്ഷം രൂപയായിരുന്നു വരുമാനം. പിന്നീട് യാത്രക്കാരുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ മാസം ഇരുപതിനായിരം രൂപയില്‍ താഴെയായിരുന്നു വരുമാനം. കനാലില്‍ പോള നിറഞ്ഞതും യാത്രയെ സാരമായി ബാധിച്ചു. 15 മിനിറ്റ് മിനിമം നാനൂറ് രൂപയാണ് വാട്ടര്‍ ടാക്സിക്ക് നല്‍കേണ്ടത്. എന്നാല്‍ പോള നിറഞ്ഞുകിടക്കുന്നതുകാരണം അധികം മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് വാട്ടര്‍ ടാക്സി മുഹമ്മയിലേക്ക് കൊണ്ടുപോകാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. മുഹമ്മ- പാതിരാമണല്‍ റൂട്ടില്‍ വാട്ടര്‍ ടാക്സി സര്‍വീസ് ആരംഭിച്ചാല്‍ ഫലപ്രദമാകുമെന്നാണ് ജലഗതാഗതവകുപ്പിന്റെ കണക്കുകൂട്ടല്‍.
വര്‍ഷാവര്‍ഷം പോളനീക്കംചെയ്യുന്നതിന് ലക്ഷങ്ങളാണ് മുടക്കുന്നത്. ഇങ്ങനെ മുടക്കിയതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നും ഇറിഗേഷന്‍ വകുപ്പിന്റെ വിലയിരുത്തല്‍. വാരിമാറ്റുന്ന പോള സംസ്കരിക്കുന്നതിനുള്ള പദ്ധതികളാണ് ആദ്യം നടപ്പിലാക്കേണ്ടത്. അതേസമയം അടുത്ത സാമ്പത്തികവര്‍ഷത്തില്‍ പോള വാരുന്നതിനുള്ള ഫണ്ട് അനുവദിക്കുമെന്ന് ജലഗതാഗതവകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: