കൊവിഡ് മഹാമാരിയും ചില സംഘടനകള്‍ നടത്തിയ ‘കര്‍ഷക സമരവും’ കടന്ന് ഭാരതത്തിന്റെ കാര്‍ഷികരംഗം വളര്‍ച്ചയുടെ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. 2021-22 വര്‍ഷത്തെ കാര്‍ഷിക കയറ്റുമതിയിലുണ്ടായിരിക്കുന്ന വന്‍കുതിപ്പ് ഇതിന് തെളിവാണ്. കാര്‍ഷികോല്‍പ്പന്ന കയറ്റുമതിയില്‍ 20 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത് ചരിത്രപരമാണ്. അരി, ഗോതമ്പ്, പഞ്ചസാര എന്നിങ്ങനെയുള്ള ഭക്ഷ്യധാന്യങ്ങളുടെ കയറ്റുമതിയില്‍ രാജ്യം റിക്കോര്‍ഡ് നേട്ടം കൈവരിച്ചു. അതില്‍ തന്നെ ഗോതമ്പ് കയറ്റുമതിയില്‍ നാലിരട്ടി വര്‍ധനയുണ്ടാവുകയും, ആഗോള അരിവിപണിയുടെ 50 ശതമാനം ഭാരതം പിടിച്ചെടുക്കുകയും ചെയ്തിരിക്കുന്നു എന്നത് അഭൂതപൂര്‍വമായ ഒരു നേട്ടമാണ്. കാര്‍ഷികോല്‍പ്പന്ന കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്ന കുതിപ്പ് രാജ്യത്തെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമ്പോള്‍, സമുദ്രോല്‍പ്പന്ന കയറ്റുമതിയിലുണ്ടായിരിക്കുന്ന വര്‍ധന കേരളം പോലുള്ള തീരദേശ സംസ്ഥാനങ്ങളുടെ വരുമാനം ഉയര്‍ത്തുകയും ചെയ്യും. ചരിത്രത്തിലാദ്യമായി 100 കോടി ഡോളറിന്റെ കാപ്പി കയറ്റുമതിയുണ്ടായത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കാപ്പി കര്‍ഷകര്‍ക്ക് വലിയ നേട്ടമാകും. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ രാജ്യത്തിന്റെ ആകെ കയറ്റുമതി മുന്‍ വര്‍ഷത്തെക്കാള്‍ ഇരട്ടിയോളം വര്‍ധിച്ച് 30 ലക്ഷം കോടി പിന്നിട്ടിരിക്കുന്നു എന്നത് അഭിമാനകരമാണ്.
കാര്‍ഷികോല്‍പ്പന്ന കയറ്റുമതിയിലുണ്ടായിരിക്കുന്ന ഈ വര്‍ധന നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിമര്‍ശകരുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. മോദി സര്‍ക്കാരിന്റെ നയങ്ങള്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും, സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ അന്ത്യംകുറിക്കുമെന്നും പ്രചരിപ്പിച്ച് ദല്‍ഹി അതിര്‍ത്തിയിലും മറ്റും ചിലര്‍ നടത്തിയ അക്രമാസക്തമായ സമരം തെറ്റും അനാവശ്യവുമായിരുന്നു എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. ഒരു വര്‍ഷം നീണ്ട ഈ ‘കര്‍ഷക സമരം’ അത് നടത്തിയവര്‍ അവകാശപ്പെട്ടതുപോലെ കാര്ഷികോല്പ്പാദനത്തില് യാതൊരു കുറവും വരുത്തിയിട്ടില്ലെന്നാണ് കാര്‍ഷികോല്‍പ്പന്ന കയറ്റുമതിയിലെ വര്‍ധന കാണിക്കുന്നത്. സമരക്കാരുടെ ആവശ്യപ്രകാരം സുപ്രീംകോടതി നിയോഗിച്ച അശോക് ഗുലാത്തി സമിതിയുടെ റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്തെ 86 ശതമാനം കര്‍ഷകരും കാര്‍ഷിക നിയമങ്ങള്‍ക്ക് അനുകൂലമായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ ചില വിഘടനവാദ സംഘടനകള്‍ നേതൃത്വം നല്കിയ കര്‍ഷക സമരം രാഷ്ട്രീയപ്രേരിതമാണെന്ന വിമര്‍ശനം സമരം നടക്കുമ്പോള്‍ തന്നെ ഉയരുകയുണ്ടായി. ഉത്തര്‍പ്രദേശ് അടക്കം അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വന്‍ വിജയം നേടിയ ബിജെപിക്ക് കര്‍ഷകര്‍ നല്കിയ പിന്തുണ ഇത് ശരിവച്ചു. ഇടനിലക്കാരുടെ സാമ്പത്തിക താല്‍പ്പര്യം സംരക്ഷിക്കാന്‍ കര്‍ഷകരെ മറയാക്കിയ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടിയാണ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കര്‍ഷകര്‍ നല്‍കിയത്.
നരേന്ദ്ര മോദിയുടെ സാമ്പത്തിക നയങ്ങള്‍ ശരിയായ ദിശയിലുള്ളതാണെന്നും, കൊവിഡ് മഹാമാരിയുണ്ടാക്കിയ പ്രത്യാഘാതങ്ങളില്‍നിന്ന് സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിജയം കാണുന്നു എന്നുമാണ് കാര്‍ഷികോല്‍പ്പന്ന കയറ്റുമതിയിലുണ്ടായ വര്‍ധനയില്‍നിന്ന് തെളിയുന്നത്. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം. എന്നാല്‍ ഇക്കാര്യത്തില്‍ ഐക്യരാഷ്ട്ര സഭയുടെയും ലോകരാജ്യങ്ങളുടെയും പ്രശംസയാണ് സര്‍ക്കാരിന് ലഭിച്ചത്. ഇതോടെ പ്രതിപക്ഷം അടവുമാറ്റി. സമ്പദ്വ്യവസ്ഥ തകരാറിലായെന്നും, കരകയറാന്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്നും പ്രചാരണം നടത്തി. ഇതൊന്നും വകവയ്ക്കാതെ ദീര്‍ഘവീക്ഷണത്തോടെ ക്ഷേമ-വികസന പദ്ധതികള്‍ ആവിഷ്കരിച്ച് കാര്യക്ഷമതയോടെ നടപ്പാക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധിച്ചത്. ഇത് സമ്പദ്വ്യവസ്ഥയ്ക്ക് പുത്തനുണര്‍വ് പ്രദാനം ചെയ്തു. 2021-22 സാമ്പത്തിക വര്‍ഷം 30 ലക്ഷം കോടി രൂപയുടെ വാണിജ്യ കയറ്റുമതിയാണ് നടന്നത്. ഈ നേട്ടത്തില്‍ കര്‍ഷകരെയും നെയ്ത്തുകാരെയും സൂക്ഷ്മ ചെറുകിട സംരംഭകരെയും മറ്റ് നിര്‍മാതാക്കളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുകയുണ്ടായി. ആത്മനിര്‍ഭര ഭാരതത്തിലേക്കുള്ള യാത്രയില്‍ സുപ്രധാനമായ നാഴികക്കല്ലാണിതെന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. കൊവിഡ് മഹാമാരി, റഷ്യ-ഉക്രൈന് യുദ്ധം തുടങ്ങിയ പ്രതിസന്ധികള്‍ക്കിടയില്‍ ഇത്തരം നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുന്നത് വളരെ അഭിമാനകരമാണ്. ബിജെപിയുടെ ഭരണത്തിനു കീഴില്‍ രാഷ്ട്രത്തിന്റെ ഭാവി സുരക്ഷിതമാണെന്ന ഉറപ്പാണ് ഇത് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: