ന്യൂഡല്‍ഹി: ഇപ്പോഴത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അവസാനിക്കാറായി. ജൂലായില്‍ ഇന്ത്യ പുതിയ രാഷ്ട്രപതിയെ തെരഞ്ഞെടുക്കാന്‍ പോവുകയാണ്. രാജ്യത്തിന്റെ പരമാധികാരവും രാഷ്ട്രപതിയിലാണ് നിക്ഷിപ്തമായിരിക്കുന്നതെന്നതിനാല് രാഷ്ട്രീയപ്പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് ഏറെ പ്രധാനമാണ്.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അധികാരത്തിലെത്തിയതോടെ ബിജെപിയ്ക്ക് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഏറെ മുന്‍തൂക്കം ലഭിച്ചിരിക്കുകയാണ്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ രാഷ്ട്രപതിയെ ജനങ്ങള്‍ നേരിട്ടല്ല തെരഞ്ഞെടുക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പ് നടക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ?
ഇലക്ടറല്‍ കോളേജ്
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരും പാര്‍ലമെന്റിന്റെ രണ്ടു സഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട എംപിമാരും ചേരുന്ന ഇലക്ടറല്‍ കോളേജ് ആണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.
എല്ലാ ജനങ്ങളെയും പ്രതിനിധീകരിക്കുന്ന വോട്ടിങ് രീതി ആയിരിക്കണം എന്നതിനാല്‍ ഓരോ സംസ്ഥാനത്തെയും ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് വോട്ട് നിശ്ചയിക്കുന്നത്. ഇതനുസരിച്ച് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും ഒന്നിലധികം വോട്ട് ഉണ്ടാകും. ഒരു സംസ്ഥാനത്തെ മൊത്തം ജനസംഖ്യയെ അവിടുത്തെ തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ എണ്ണത്തെക്കൊണ്ട് ഹരിച്ച് കിട്ടുന്ന സംഖ്യയെ 1000കൊണ്ട് വീണ്ടും ഹരിച്ചാണ് ഒരു എംഎല്‍എയുടെ വോട്ട് കണക്കാക്കുന്നത്.
ഉദാഹരണത്തിന്, കേരളത്തിലെ ജനസംഖ്യ 30000000, തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ എണ്ണം 140 എന്നിങ്ങനെയാണെന്ന് കരുതുക.30000000/140×1000 = 214. ഒരു എംഎല്‍എയുടെ വോട്ടിന്റെ മൂല്യം 214 ആയിരിക്കും.
രാജ്യത്തെ എല്ലാ എംഎല്‍എമാരുടെയും വോട്ടിന്റെ മൂല്യം കൂട്ടിയശേഷം അതിനെ തെരഞ്ഞെടുക്കപ്പെട്ട മൊത്തം എംപിമാരുടെ (രാജ്യസഭയിലെയും ലോക്സഭയിലെയും) എണ്ണംകൊണ്ട് ഹരിച്ചാണ് ഒരു എംപിയുടെ വോട്ടിന്റെ മൂല്യം കണക്കാക്കുക.
നാമനിര്‍ദേശം
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ആദ്യം നാമനിര്‍ദേശപത്രിക തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമര്‍പ്പിക്കും. ഓരോ സ്ഥാനാര്‍ത്ഥികളെയും 50 പേര് നാമനിര്‍ദേശം ചെയ്ത് ഒപ്പിടണം. 50 പേര് ഇതിനെ ഒപ്പോടു കൂടി പിന്താങ്ങുകയും ചെയ്യും. ഇതും നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിക്കും.
ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുന്ന പതിവ് ബാലറ്റ് വോട്ടിങ് രീതിയില്‍നിന്ന് വ്യത്യസ്തമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ടിങ്. സ്ഥാനാര്‍ത്ഥികളെ വോട്ടര്‍മാര്‍ തങ്ങളുടെ പരിഗണന അനുസരിച്ച് ലിസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ഒരു പ്രത്യേക സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണം എന്നാവശ്യപ്പെട്ട് അംഗങ്ങള്‍ക്ക് വിപ്പ് നല്കാന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുമതിയില്ല.
വോട്ടിംഗ്
എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും വേറെ വേറെ നിറങ്ങളിലുള്ള ബാലറ്റ് പേപ്പറുകള്‍ നല്‍കും. എംഎല്‍എമാര്‍ക്ക് പിങ്ക് നിറത്തിലുള്ളതും എംപിമാര്‍ക്ക് പച്ചനിറത്തിലുള്ളതുമായിരിക്കും ബാലറ്റ്. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും മുന്‍ഗണനാക്രമത്തില്‍ വോട്ട് രേഖപ്പെടുത്തേണ്ടതില്ല. മുന്തിയ മുന്‍ഗണനയുള്ള സ്ഥാനാര്‍ത്ഥിക്ക് മാത്രം വോട്ട് രേഖപ്പെടുത്തിയാല്‍ മതിയാവും.
വോട്ടെണ്ണല്‍
ആദ്യം സംസ്ഥാനങ്ങളിലെ എംഎല്‍എമാരുടെ വോട്ടുകള്‍ എണ്ണും . പിന്നീട് കേന്ദ്രഭരണ പ്രദേശങ്ങളിലെ വോട്ടുകള്‍ എണ്ണും. ഏറ്റവുമൊടുവില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും വോട്ടുകള്‍ എണ്ണും.
വിജയി
എങ്കിലും, ഏറ്റവും കൂടുതല്‍ പ്രഥമ പരിഗണനാ വോട്ടുകള്‍ ലഭിക്കുന്നയാള്‍ ജയിക്കില്ല. കാരണം തെരഞ്ഞെടുക്കപ്പെടാന്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ട വോട്ടുകള്‍ എത്രയാണെന്ന് മറ്റൊരു രീതിയിലാണ് തീരുമാനിക്കുന്നത്. ഇതിന് വോട്ട് ക്വട്ട എന്നു പറയും. ആകെ സാധുവായ വോട്ടുകളെ സ്ഥാനാര്‍ത്ഥികളുടെ എണ്ണംകൊണ്ട് ഹരിച്ച് കിട്ടുന്ന സംഖ്യയോട് ഒന്ന് കൂട്ടിയാണ് വോട്ട് ക്വാട്ട നിശ്ചയിക്കുന്നത്.
സത്യപ്രതിജ്ഞ
ഇപ്പോഴത്തെ രാഷ്ട്രപതി സ്ഥാനമൊഴിയുന്നതിന്റെ പിറ്റേന്ന് പുതിയ രാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: