ന്യൂദല്‍ഹി: വളര്‍ന്നുവരുന്ന ഇന്ത്യ-നെതര്‍ലന്‍ഡ് ഉഭയകക്ഷി ബന്ധത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് നെതര്‍ലാന്‍ഡിലെ ഇന്ത്യന്‍ സമൂഹം. ഇന്ത്യക്കും നെതര്‍ലന്‍ഡിനും മാത്രമല്ല, ഇന്ത്യയ്ക്കും യൂറോപ്പിനുമിടയിലും ഒരു പാലമായി ഈ സമൂഹം വര്‍ത്തിക്കുന്നുവെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു.
നെതര്‍ലന്‍ഡ്സിലെ ഇന്ത്യന്‍ അംബാസഡര്‍ റീനത്ത് സന്ധു ഇന്നലെ വൈകുന്നേരം ആംസ്റ്റര്‍ഡാമില്‍ നല്കിയ സ്വീകരണത്തില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടുലക്ഷത്തിലധികം ഹിന്ദുസ്ഥാനി-സുരിനാമി സമുദായ അംഗങ്ങളും അറുപതിനായിരത്തിലധികം ഇന്ത്യന്‍ പ്രൊഫഷണലുകളും വിദ്യാര്‍ത്ഥികളും ഉള്ള നെതര്‍ലാന്‍ഡിലെ ഇന്ത്യന്‍ സമൂഹം യൂറോപ്പിലെ തന്നെ ഏറ്റവും വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
സംരംഭകര്‍, ഡോക്ടര്‍മാര്‍, ബാങ്കിങ് വിദഗ്ധര്‍ , സാങ്കേതിക വിദഗ്ധര്‍ എന്നീ നിലകളില്‍ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ ഡച്ച് സമൂഹത്തിനും സമ്പദ്വ്യവസ്ഥയ്ക്കും ആഗോള സമൂഹത്തിനും വലിയ സംഭാവന നല്‍കുന്നുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പരിവര്‍ത്തന യാത്രയില്‍ ചേരാനും അവരുടെതായ ആശയങ്ങളും വ്യാപാര മാതൃകകളും നിക്ഷേപവും സംഭാവന ചെയ്യാനും രാഷ്ട്രപതി ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏഴര പതിറ്റാണ്ടിനിടെ ഇന്ത്യയും നെതര്‍ലന്‍ഡും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും ശ്രദ്ധേയമായ രീതിയില്‍ വളര്‍ന്നതായി രാഷ്ട്രപതി പറഞ്ഞു. ഇപ്പോള്‍ ഇന്ത്യയിലെ മൂന്നാമത്തെ വലിയ നിക്ഷേപകരാണ് നെതര്‍ലന്‍ഡ്സ്. അതുപോലെ, നെതര്‍ലന്‍ഡിലെ ഏറ്റവും മികച്ച നിക്ഷേപകരില്‍ ഒന്നായി ഇന്ത്യയും ഉയര്‍ന്നുവരുന്നു. ജല പരിപാലനത്തിലും ശാസ്ത്രീയ അറിവിലും നെതര്‍ലാന്‍ഡ്സ് ഒരു മുന്‍നിര രാജ്യമാണ്. ഈ മേഖലയില്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ഇരുപക്ഷവും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. കൃഷി, ആരോഗ്യം, തുറമുഖം, കപ്പല്‍ ഗതാഗതം, ശാസ്ത്ര സാങ്കേതിക വിദ്യ, ഉന്നത വിദ്യാഭ്യാസം, നഗര വികസനം എന്നീ മേഖലകളില്‍ സഹകരിക്കാനും പദ്ധതിയുണ്ടെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: