ന്യൂദല്‍ഹി: കരസേനകള്‍ തമ്മിലുള്ള യുദ്ധം കിഴക്കന്‍ ലഡാക്കില്‍ മരവിച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്കെതിരെ സൈബര്‍ യുദ്ധമുഖം തുറന്ന് ചൈന. ജമ്മു കശ്മീരിലെ ലഡാക്കില്‍ വൈദ്യുതി വിതരണശൃംഖല തകിടം മറിയ്ക്കാനുള്ള ചൈനീസ് ഹാക്കര്‍മാരുടെ ശ്രമം ഇന്ത്യ തകര്‍ത്തു. കഴിഞ്ഞ എട്ടുമാസമായി ചൈനീസ് ഹാക്കര്‍മാര്‍ ലഡാക്കിലെ വൈദ്യുതിവിതരണ ശൃംഖലയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചുവരികയായിരുന്നു എന്നത് ഞെട്ടപ്പിക്കുന്ന കണ്ടെത്തലാണ്. അതില്‍ വിജയിച്ചിരുന്നെങ്കില്‍ അത് ഇന്ത്യയ്ക്ക് വലിയ നാശനഷ്ടങ്ങള്‍ വരുത്തുമായിരുന്നു.
രണ്ട് തവണയാണ് ലഡാക്കിലെ വൈദ്യുതി വിതരണം തടയാന്‍ ചൈനീസ് ഹാക്കര്‍മാര്‍ ശ്രമം നടത്തിയത്. രണ്ട് തവണയും ഇന്ത്യ അവരുടെ ശ്രമം അട്ടിമറിച്ചു. കേന്ദ്ര ഊര്‍ജ്ജ, പുനരുപയോഗ ഊര്‍ജ്ജ മന്ത്രി ആര്.കെ. സിംഗാണ് ചൈനീസ് ഹാക്കര്‍മാരെ ഇന്ത്യ ഫലപ്രദമായി തടഞ്ഞ വിവരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
ലഡാക്കിനടുത്തുള്ള പവര്‍ ഗ്രിഡില്‍ 2021 ആഗസ്തിനും 2022 മാര്‍ച്ചിനും ഇടയിലുള്ള എട്ട് മാസങ്ങളിലാണ് രണ്ട് സൈബര്‍ ആക്രമണശ്രമങ്ങള്‍ ഉണ്ടായത്. ‘പക്ഷെ അവരുടെ രണ്ട് ശ്രമങ്ങളും തകര്‍ത്തു’- കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വൈദ്യുതി ഗ്രിഡുകളിലേക്ക് നുഴഞ്ഞിറങ്ങാന്‍ അതീവരഹസ്യമായി സ്ഥാപിച്ച ക്യാമറകള്‍ വഴിയാണ് ചൈന ശ്രമിക്കുന്നത്.
മാത്രമല്ല, ഇത്തരം സൈബര്‍ ആക്രമണങ്ങളെ തകര്‍ക്കാനുള്ള പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എട്ട് മാസമായി കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ ചൈനീസ് സര്‍ക്കാര്‍ നിയോഗിച്ച ഹാക്കര്‍മാരാണ് രണ്ട് തവണ ആക്രമണം നടത്തിയത്.
യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ രഹസ്യാന്വേഷണ സ്ഥാപനമായ റെക്കോര്‍ഡഡ് ഫ്യൂച്ചറും ഇക്കാര്യം സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷങ്ങളില്ലാത്ത ജാഗ്രതയിലാണെങ്കിലും ഇതോടെ ഇന്ത്യയും ചൈനയും തമ്മില്‍ പുതിയൊരു യുദ്ധമേഖല തുറക്കുകയാണ്. കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ-ചൈന തര്‍ക്കം നിലനില്‍ക്കുന്ന അതിര്‍ത്തിപ്രദേശത്തിനടുത്ത് സ്ഥിതിചെയ്യുന്ന സ്റ്റേറ്റ് ലോഡ് ഡിസ്പാച്ച് കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നതെന്നും റെക്കോര്‍ഡഡ് ഫ്യച്ചര്‍ പറയുന്നു.
ഇത്തരത്തിലുള്ള ഏഴോളം സ്റ്റേറ്റ് ലോഡ് ഡിസ്പാച്ച് കേന്ദ്രങ്ങളിലാണ് ആക്രമണശ്രമം നടന്നത്. വടക്കേ ഇന്ത്യയില്‍ വൈദ്യുതിവിതരണം കേന്ദ്രങ്ങളാണിവ. നിര്‍ണ്ണായക പ്രാധാന്യമുള്ള അടിസ്ഥാനസൗകര്യ സംവിധാനങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുകയാണ് ചൈനീസ് ഹാക്കര്‍മാര്‍. ഇത് വന്‍ അട്ടിമറിക്കുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് കരുതുന്നു.
അതേ സമയം വൈദ്യുതി വിതരണശൃംഖല അട്ടിമറിച്ച് മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസ്സപ്പെടുത്തുന്ന ബ്ലാക്കൗട്ട് സൃഷ്ടിക്കാനായിരുന്നു ചൈനയുടെ ശ്രമം എന്ന് റിപ്പോര്‍ട്ട് പറയുന്നില്ല. റഷ്യയുടെ സൈബര്‍ ക്രിമിനലുകള്‍ 2015ല്‍ ഉക്രൈനില്‍ മണിക്കൂറുകളോളം ബ്ലാക്ക് ഔട്ട് സൃഷ്ടിച്ചിരുന്നു. എന്നാല്‍ ചൈനീസ് ഹാക്കര്‍മാരുടെ ശ്രമം വൈദ്യുതി വിതരണ ശൃംഖലയുടെ രഹസ്യമായ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുക എന്നതാണ്. അതുപയോഗിച്ച് ഭാവിയില്‍ വലിയ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുക എന്നതായിരുന്നു ലക്ഷ്യമെന്ന് റെക്കോര്‍ഡഡ് ഫ്യൂച്ചര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: