തിരുവനന്തപുരം : പാര്‍ട്ടി അച്ചടക്കം എല്ലാവര്ക്കും ബാധകമാണ്. വിലക്ക് ലംഘിച്ച് പ്രൊഫസര്‍ കെ.വിതോമസ് സെമിനാറില്‍ പങ്കെടുത്താല്‍ നടപടി സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് അറിയിച്ചു.
പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധ നിലപാട് സ്വീകരിക്കുന്നതിന് കെ. വി. തോമസിന് അഹിതമായി ഒന്നും ചെയ്തിട്ടില്ല. തീരുമാനത്തില്‍ നിന്നും അദ്ദേഹം പിന്മാറട്ടെ. തീരുമാനം തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ. സുധാകരന് അറിയിച്ചു. നാളെ വൈകിട്ട് നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ അദ്ദേഹം പെങ്കെടുത്താല്‍ അച്ചടക്ക നടപടിയുണ്ടാകും. അതിനായി എഐസിസിയോട് ശുപാര്‍ശ ചെയ്യും. അദ്ദേഹത്തിന് വീണ്ടു വിചാരത്തിന് സമയം നല്‍കുമെന്നും കെ. സുധാകരന് പ്രതികരിച്ചു.
കെ.വി. തോമസ് കോണ്‍ഗ്രസ്സില്‍ നിന്നും പുറത്തുപോയാല്‍ നഷ്ടം പാര്‍ട്ടിക്കാണ്. പക്ഷേ പ്രവര്‍ത്തകര്‍ പാര്‍ട്ടിക്ക് വിധേയനായിരിക്കണം. താന്‍ ഭീഷണിപ്പെടുത്തിയത് എന്തിനാണെന്ന് അദ്ദേഹം വ്യക്തമാക്കണം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞത് സ്വാഭാവിക പ്രതികരണമാണ്. കെ.വി. തോമസിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
അതേസമയം വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് എഐസിസി കെ.സി. വേണുഗോപാല്‍ അറിയിച്ചു. ഹൈക്കമാന്‍ഡ് വിശദാംശങ്ങള്‍ തേടി. എ.കെ. ആന്റണി നേതൃത്വത്തിലുള്ള സമിതി സംഭവം അന്വേഷിക്കും.
കെപിസിസിയുടെ വിലക്കുകള്‍ തള്ളി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള ദേശീയ സെമിനാറില്‍ പങ്കെടുക്കുമെന്നായിരുന്നു കെ.വി. തോമസ് ഇന്ന് നടത്തിയ പ്രഖ്യാപനം. സിപിഎം തന്നെ ക്ഷണിച്ചത് അവരുടെ പാര്‍ട്ടിയില്‍ ചേരാനല്ലെന്നും എം.കെ. സ്റ്റാലിനൊപ്പം സെമിനാറില്‍ പങ്കെടുക്കാനാണെന്നുമായിരുന്നു. ഒരു മനുഷ്യനെ അപമാനിക്കാവുന്നതിന്റെ പരമാവധി തന്നെ പാര്‍ട്ടി സംസ്ഥാന നേതൃത്വം അപമാനിച്ചു. ഇനിയും അതിനു നിന്നു കൊടുക്കാന്‍ വയ്യെന്നും കെ.വി. തോമസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എന്നാല്‍ പാര്‍ട്ടി അധ്യക്ഷയെ ധിക്കരിച്ച് പോകുന്നയാള്‍ കോണ്‍ഗ്രസുകാരനല്ല. കെ.വി. തോമസ് കാണിച്ചത് നന്ദികേടാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന് രൂക്ഷ വിമര്‍നം ഉയര്‍ത്തി. കിട്ടാവുന്ന എല്ലാ പദവികളും നേടിയ വ്യക്തിയാണ് അദ്ദേഹം. എന്താണ് കെ.വി. തോമസ് ഇനി ആഗ്രഹിക്കുന്നതെന്ന് അറിയില്ല. കഴിഞ്ഞ കുറെക്കാലമായി അദ്ദേഹത്തിന്റെ ശരീരം കോണ്‍ഗ്രസിലും മനസ് സിപിഎമ്മിലുമാണ്. സിപിഎം ചതിക്കുഴിയില്‍ തോമസ് വീണു. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസില്‍ ഇനി സ്ഥാനമില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.
സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന കെ.വി. തോമസിന്റെ തിരുമാനം സ്വാഗതം ചെയ്യുന്നതായി എന്‍സിപി അധ്യക്ഷന്‍ പി.സി. ചാക്കോ പ്രതികരിച്ചു. വിഷയം വിശാല അര്‍ത്ഥത്തില്‍ കാണണം. കോണ്‍ഗ്രസ് നേതൃത്വത്തിന്റേത് സങ്കുചിത കാഴ്ചപ്പാടാണ്. കോണ്‍ഗ്രസ് നേതൃത്വത്തിന് കമ്മ്യൂണിസ്റ്റ് വിരുദ്ധ ഫോബിയയാണ്. കെ.വി. തോമസിന്റേത് പോലെ ഒരു തീരുമാനം എടുക്കാന്‍ ശശി തരൂരിന് കഴിഞ്ഞില്ല. തോമസ് പറഞ്ഞ പല കാര്യങ്ങളില്‍ താന്‍ അനുഭവസ്ഥനാണെന്നും പി.സി. ചാക്കോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: