തൊടുപുഴ: കോലാനിക്ക് സമീപം പെട്രോള്‍ പമ്പിലെ എയര്‍പൈപ്പിലും സമീപത്തെ പറമ്പില്‍ നിന്ന തെങ്ങിനും ഇടിമിന്നലേറ്റത് ആശങ്കയ്ക്കിടയാക്കി. ഇന്നലെ വൈകിട്ട് നാല് മണിയോടെ വെങ്ങല്ലൂര്‍- കോലാനി ബൈപ്പാസിലെ പെട്രോള്‍ പമ്പിലായിരുന്നു സംഭവം.
പമ്പിലെ ഡീസല്‍ ടാങ്കിന്റെ എയര്‍പമ്പിനാണ് ഇടിമിന്നലേറ്റത്. ഇതോടൊപ്പം സമീപത്തെ കുഞ്ചറക്കാട്ട് ആന്റണി ജോസഫിന്റെ പറമ്പില്‍ നിന്ന തെങ്ങിനും മിന്നലില്‍ തീപ്പിടിച്ചു. പെട്രോള്‍ പമ്പിലെ ജീവനക്കാരാണ് ഡീസല്‍ ടാങ്കില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. തുടര്‍ന്ന് തൊടുപുഴ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ തൊടുപുഴയിലുള്ള ഫയര്‍ഫോഴ്സ് മേത്തോട്ടിയില് നാശനഷ്ടമുണ്ടായ മേഖലയിലായതിനാല്‍ കല്ലൂര്‍ക്കാട് സ്റ്റേഷനില്‍ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളാണ് സ്ഥലത്തെത്തിയത്. പിന്നലെ തൊടുപുഴ ഫയര്‍ഫോഴ്സും എത്തി.
സംഘം ഫോംടിന്‍ ടാങ്കിലേക്കടിച്ച് പുകയും തീപ്പിടിക്കാനുള്ള സാദ്ധ്യതയും ഇല്ലാതാക്കി. 1500 ലിറ്റര്‍ ഡീസല്‍ ടാങ്കിനുള്ളിലുണ്ടായിരുന്നു. തെങ്ങില്‍ നിന്ന് തീപൊരി പറന്ന് പമ്പിന് സമീപത്ത് വരെ എത്തിയത് ഏറെ ആശങ്ക പരത്തി. ഇതിനിടെ മഴ ശക്തമായതോടെ തെങ്ങിലെ തീ അണഞ്ഞു. കല്ലൂര്‍ക്കാട് ഫയര്‍സ്റ്റേഷനില്‍ നിന്ന് ബെല്‍ജി വര്‍ഗീസിന്റെയും തൊടുപുഴയില്‍ നിന്ന് പി.വി. രാജന്റെയും നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: