തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കു ശേഷം മത്സ്യക്കൃഷി വീണ്ടും സജീവമാകുന്നു. വളര്‍ത്തു മത്സ്യ കൃഷിക്കായി കൂടുതല്‍ കര്‍ഷകര്‍ കേരളത്തില്‍ മുതല്‍മുടക്കുന്നെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. കരിമീന്‍, ചെമ്മീന്‍ എന്നിവയെ കൂടാതെ കയറ്റുമതി ലക്ഷ്യമിട്ട് തിരുത മത്സ്യക്കൃഷിക്കും പ്രിയമേറുകയാണ്. കൊച്ചിയിലും പരിസരപ്രദേശങ്ങളിലും സമൃദ്ധമായി കണ്ടുവരുന്ന തിരുത ഓരുജലത്തില്‍ വളര്‍ത്താന്‍ ഏറെ അനുയോജ്യമായ മത്സ്യമാണ് . വേഗത്തിലുള്ള വളര്‍ച്ച, മറ്റു മത്സ്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാനുള്ള കഴിവ്, മാംസത്തിന്റെ രുചി, ഉയര്‍ന്ന കമ്പോളവില എന്നിവയാണ് വളര്‍ത്തുമീനെന്ന നിലയില്‍ തിരുതയുടെ പ്രശസ്തിക്കു കാരണം.
ഓരുജല മത്സ്യമാണെങ്കിലും തിരുത ശുദ്ധജലത്തിലും നന്നായി വളരും. വലിപ്പം കൂടിയ കണ്ണുകളും കട്ടിയുള്ള കണ്‍പോളകളും തിരുതയുടെ സവിശേഷതകളാണ്. മീനിന്റെ അടിഭാഗത്തായി കാണുന്ന കറുപ്പും നീലയും കലര്‍ന്ന വലിയൊരു അടയാളവും വാലിനറ്റത്തായുള്ള കറുത്ത അടയാളവും തിരുതയുടെ മാത്രം പ്രത്യേകതയാണ്. ഓരുജലത്തില്‍ ചെമ്മീനുകളോടൊപ്പം വളര്‍ത്താന്‍ തിരുത അനുയോജ്യമാണ്. തിലാപ്പിയ, പൂമീന്‍, കണമ്പ്, കരിമീന്‍ എന്നിവയോടൊപ്പവും തിരുത വളര്‍ത്താം.
ശ്രീലങ്ക, പാകിസ്താന്‍, വിയറ്റ്‌നാം, ചൈന, ജപ്പാന്‍, ഫിലിപ്പീന്‍സ്, ആസ്‌ത്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് പ്രധാനമായും തിരുതമത്സ്യങ്ങളെ വളര്‍ത്തുന്നത്. തമിഴ്‌നാട്ടില്‍ കടല്‍ത്തീരങ്ങളില്‍ നിന്നു ശേഖരിക്കുന്ന തിരുതക്കുഞ്ഞുങ്ങളെ ശുദ്ധജലവുമായി പൊരുത്തപ്പെടുത്തിയശേഷം ഉള്‍നാടന്‍ ശുദ്ധജലാശയങ്ങളില്‍ വളര്‍ത്തിയാണ് കൂടുതലായും മത്സ്യകൃഷി നടത്തുന്നത്. പശ്ചിമബംഗാളില്‍ തടാകങ്ങളിലും നെല്‍വയലുകളിലും തിരുത മത്സ്യം കൃഷി ചെയ്യുന്നുണ്ട്.
കുളങ്ങളിലെ തിരുതക്കൃഷി കാര്‍പ്പുമത്സ്യക്കൃഷിക്ക് സമാനമാണ്. കുളം പൂര്‍ണമായി വറ്റിച്ചുണക്കുക, മണ്ണിന്റെ അമ്‌ള ക്ഷാര ഗുണം പരിശോധിച്ച് കുമ്മായപ്രയോഗം നടത്തുക എന്നിവയാണ് ആദ്യഘട്ടം. ചാണകം, കോഴിക്കാട്ടം എന്നീ ജൈവവളങ്ങളും യൂറിയ, ഫോസ്‌ഫേറ്റ് തുടങ്ങിയ രാസവളങ്ങളും ഉപയോഗിക്കാം. ആവശ്യത്തിന് പ്‌ളവക ഉല്‍പ്പാദനം ഉറപ്പാക്കിയശേഷം വിത്ത് നിക്ഷേപിക്കാം. വിത്തിന്റെ പൊരുത്തപ്പെടുത്തല്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
ത്വരിതവളര്‍ച്ചയ്‌ക്ക് കൃത്രിമ തീറ്റ നല്‍കണം. ഫാക്ടറി നിര്‍മിത തീറ്റകളോ കടലപ്പിണ്ണാക്ക്, തവിട് എന്നിവയുടെ മിശ്രതങ്ങളോ തീറ്റയായി നല്‍കാം. രാവിലെയും വൈകിട്ടും നിശ്ചിത സമയത്ത് തീറ്റ നല്‍കുന്നതാണ് ഉചിതം. 10 മുതല്‍ 12 മാസത്തിനകം വിളവെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: