കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസ് നടന്നുകൊണ്ടിരിക്കെ ജില്ലയില്‍ പി. ജയരാജനെ വാഴ്ത്തി ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുന്നത് സിപിഎം നേതൃത്വത്തിന് തലവേദനയാകുന്നു. അച്യുതാനന്ദന് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സിപിഎം നേതാക്കളെയെല്ലാം വെട്ടിനിരത്തി പിണറായിയുടെ ചിത്രമുള്ള ബോര്‍ഡുകള്‍ മാത്രമാണ് സമ്മേളനത്തോടനുബന്ധിച്ച് നാടുനീളെ ഉയര്‍ന്നിരിക്കുന്നത്. ഇതിനിടയില്‍ പി.ജെ ബോര്‍ഡുകള്‍ പാര്‍ട്ടി വിലക്കുകള്‍ ലംഘിച്ച് പ്രത്യക്ഷപ്പെട്ടത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന കണ്ണൂരില്‍ പി. ജയരാജന് തന്നെയാണ് താരം. പാര്‍ട്ടിഗ്രാമങ്ങളില്‍ പി. ജയരാജന്റെ ഫ്ളക്സുകള്‍ ഉയര്‍ത്തുന്ന ആവേശത്തിലാണ് അണികള്‍. പ്രത്യക്ഷത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് വിളംബരം ചെയ്തു കൊണ്ടുള്ള ബോര്‍ഡുകള്‍ വയ്ക്കുന്നില്ലെങ്കിലും തെയ്യ പറമ്പുകളിലും മറ്റു ഉത്സവ-പൊതുപരിപാടികളിലും പി.ജയരാജനെ വാഴ്ത്തി കൊണ്ടുള്ള കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകളാണ് ഉയര്‍ന്നിട്ടുള്ളത്.
നേരത്തെ പി.ജെ.ആര്.മി, റെഡ് ആര്‍മി, ചുവപ്പന്‍ സഖാക്കള്‍ എന്നിങ്ങനെയുള്ള സൈബര്‍ ഗ്രൂപ്പുകളുടെ പേരിലാണ് ബോര്‍ഡ് വെച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പ്രാദേശിക കൂട്ടായ്മകളുടെ പേരിലാണ് പി. ജയരാജനെ സ്തുതിക്കുന്നത്. യഥാര്‍ത്ഥ കമ്യൂണിസ്റ്റ് പി.ജെയെന്നു ചുരുക്കപേരില്‍ തങ്ങള്‍ വിളിക്കുന്ന പി. ജയരാജന് തന്നെയാണെന്ന് ഇതിലെ വാചകങ്ങളിലെഴുതിയിട്ടുണ്ട്. പാര്‍ട്ടിഗ്രാമമായ കണ്ണൂര്‍ ചക്കരക്കല്‍ കക്കോത്ത് കക്കുന്നത്ത് ഒരു ക്ഷേത്രോത്സവ സ്ഥലത്താണ് കഴിഞ്ഞദിവസം പി. ജയരാജനെ പ്രകീര്‍ത്തിച്ചുകൊണ്ട് രണ്ട് ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നത്. അണികള്‍ക്കിടയില്‍ ചെഞ്ചോര പൊന്‍കതിരായി ജയരാജന് മാറിയിട്ടുണ്ടെന്നാകില് അതിനെ വിളിക്കേണ്ടത് ആരാധനയെന്നല്ല ജനകീയതയെന്നാണെന്ന് ഇതില്‍ പറയുന്നു. കണ്ണൂരിന്റെ കരുത്താണ് പി.ജയരാജനെന്നും റെഡ് യങ്സ് കക്കോത്ത് സ്ഥാപിച്ച ബോര്‍ഡില്‍ പറയുന്നു. മറ്റൊരു ബോര്‍ഡില്‍ തളര്‍ത്താന്‍ കഴിഞ്ഞില്ല പിന്നെയല്ലേ തകര്‍ക്കാന്‍ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കും നമ്മള് സഖാക്കള്‍ എന്ന സന്ദേശവുമുണ്ട്.
സിപിഎം സൈബര്‍ പോരാളിയായ അര്ജുന് ആയങ്കിയെന്ന പി. ജയരാജന് അനുകൂലിയായ യുവ സഖാവിനെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ചേര്‍ത്തതോടെ അന്നേവരെ സൈബര്‍ ഇടങ്ങളില്‍ ജയരാജന്റെ ചിത്രവുമായി പ്രവര്‍ത്തിച്ചിരുന്ന പി.ജെ ആര്‍മി സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം പിരിച്ചുവിട്ടിരുന്നു. ഇത്തരം സൈബര്‍ ഗ്രൂപ്പുകളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പി. ജയരാജന് തള്ളിപ്പറയേണ്ടിയും വന്നു. എന്നാല്‍ കഴിഞ്ഞ കൊച്ചിയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ പി. ജയരാജന് സംസ്ഥാന കമ്മറ്റി സ്ഥാനം നിലനിര്‍ത്തിയിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ അദ്ദേഹത്തിന് ഇരിപ്പിടം ലഭിച്ചില്ല. എഴുപതു പിന്നിട്ട സീനിയര്‍ നേതാവായ ജയരാജനെ തഴഞ്ഞ് യുവനേതാക്കള്‍ക്ക് അവസരം നല്‍കുകയായിരുന്നു പാര്‍ട്ടി സംസ്ഥാന നേതൃത്വം. വ്യക്തിയാരാധനയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന പരാതിയില്‍ നേരത്തെ സംസ്ഥാന നേതൃത്വത്തിന്റെ താക്കീതിന് ഇരയായിരുന്നു ജയരാജന്. വാഴ്ത്തുപാട്ടിന്റെ പേരിലും ഏറെ വിമര്‍ശനമുയര്‍ന്നിരുന്നു. വ്യക്തിപൂജയ്ക്ക് പിന്തുണ നല്‍കുന്നുവെന്നതായിരുന്നു ജയരാജന് നേരെയുള്ള ആരോപണം.
തുടര്‍ച്ചയായുള്ള അവഗണനയില്‍ ഒറ്റപ്പെട്ട പി. ജയരാജന് ഇപ്പോള്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായാണ് പ്രവര്‍ത്തിക്കുന്നത്. കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്ക് എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുമ്പോഴും മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട പി. ജയരാജന് പലപ്പോഴും കാഴ്ച്ചക്കാരന്റെ റോളിലാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: