വയനാട് : ആത്മഹത്യ ചെയ്ത മാനന്തവാടി സബ് ആര്‍ടിഒ ഓഫീസിലെ സിന്ധുവിന് ഉദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനമുണ്ടായതായി സൂചന. സിന്ധുവിന്റെ ഡയറി കണ്ടെടുത്തതില്‍ നിന്നാണ് ഇതുസംബന്ധിച്ചുള്ള സൂചനകള്‍ ലഭിച്ചത്
23 പേജുള്ള ചില സഹപ്രവര്‍ത്തകരുടെ പേരുകള്‍ ഡയറിയിലുണ്ട്. ഓഫീസില്‍ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്നും സിന്ധു ഡയറിയില്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ ഈ കാര്യങ്ങളാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്ന് പോലീസ് ഉറപ്പിച്ചിട്ടില്ല. അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ സംഭവത്തില്‍ അന്വേഷണം നടത്തും. സിന്ധുവിന്റെ മുറിയില്‍ നിന്നും മൊബൈല്‍ ഫോണും ലാപ്ടോപ്പും കണ്ടെടുത്തിട്ടുണ്ട്. ഇതും വിശദമായി പരിശോധിക്കും.
ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഓഫീസില്‍ ചേരി തിരിവാണെന്നും സിന്ധു വയനാട് ആര്‍ടിഒ മോഹന്‍ദാസിനെ കണ്ട് പരാതി നല്‍കിയിരുന്നു. സിന്ധുവിനൊപ്പം രണ്ട് ജീവനക്കാര്‍ കൂടി ആര്‍ടിഒയെ കണ്ട് പരാതി നല്‍കിയിരുന്നു. ഓഫീസില്‍ സുഖമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ സിന്ധുവിന്റെ രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു ആര്‍ടിഒയുടെ മറുപടി.
ബുധാഴ്ചയാണ് എള്ളുമന്ദത്തെ വീട്ടില്‍ സിന്ധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനന്തവാടി സബ് ആര്‍ടിഒ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്കായിരുന്നു അവര്‍. കൈക്കൂലി വാങ്ങാന്‍ കൂട്ടുനില്‍ക്കാത്തതിനെ തുടര്‍ന്ന് മേലുദ്യോഗസ്ഥന് മാനസികമായി പീഡിപ്പിക്കുന്നതായും ഒഫീസില്‍ ഒറ്റപ്പെടുത്തുന്നതായും സിന്ധു പല തവണ പറഞ്ഞതായി സഹോദരന് നോബിള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായി ജോയിന്റ് ആര്‍ടിഒയെ വിനോദ് കൃഷ്ണയെ വിളിച്ച് വരുത്തും. ഓഫീസിലെ അവസ്ഥയെ കുറിച്ച് സിന്ധുവിന്റെ നേരിട്ടുള്ള പരാതി ലഭിച്ചിരുന്നുവെന്ന് വയനാട് ആര്‍ടിഒ ഇ. മോഹന്‍ ദാസ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് ജോയിന്റ് ആര്‍ടിഒയെ വിളിച്ച് വരുത്താന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: