കൊല്ലം: ബീഡിയുണ്ടോ സഖാവെ തീപ്പെട്ടിയെടുക്കാന്‍ എന്ന വാക്യം ഇവിടെ എംഎല്‍എയുണ്ടോ പാര്‍ട്ടിക്കാരെ കല്ലുപാലം പൂര്‍ത്തിയാക്കാന്‍…. എന്നായി മാറി.
ഈ മാസം ആദ്യം ഉദ്ഘാടനം ചെയ്യണമെന്ന് അന്ത്യശാസനം നല്‍കിയ എംഎല്‍എയുടെ പൊടി പോലും സ്ഥലത്ത് കാണാനില്ല. കല്ലുപാലം എന്തായി എന്ന് മുകേഷ് എംഎല്‍എ കാണുന്നില്ലേ എന്നാണ് പ്രദേശവാസികളുടെ ചോദ്യം. ഒരു സമൂഹത്തെയാകെ യാത്രാദുരിതത്തിലേക്കും സാമ്പത്തിക പരാധീനതകളിലേക്കും തള്ളിവിട്ടാണ് പാലം പണി ഇഴഞ്ഞുനീങ്ങുന്നത്.
പൊളിച്ച് രണ്ടര വര്‍ഷം കഴിഞ്ഞു. നിര്‍മാണം ഇഴയുന്നതിനെ തുടര്‍ന്ന് നാട്ടുകാരും വ്യാപാരികളും രാഷ്‌ട്രീയപണ്ടാര്‍ട്ടികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പരാതിപ്രവാഹത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 9ന് കൊല്ലം റസ്റ്റ് ഹൗസില്‍ ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ കരാര്‍ കമ്പനി പ്രതിനിധികളുടെയും യോഗം എംഎല്‍എ വിളിച്ചുകൂട്ടി. കരാറുകാരന് നേരെ രൂക്ഷമായാണ് യോഗത്തില്‍ എംഎല്‍എ പ്രതികരിച്ചത്.
മാര്‍ച്ച് 20ന് മുമ്പ് ബീം നിര്‍മിച്ച് കോണ്‍ക്രീറ്റ്, കൈവരികള്‍ എന്നിവ പൂര്‍ത്തിയാക്കണമെന്നും പത്ത് ദിവസം കൊണ്ട് അപ്രോച്ച് റോഡുകളുടെ നിര്‍മാണം നടത്തി ഏപ്രില്‍ ആദ്യവാരമോ വിഷുവിനോ ഉദ്ഘാടനം ചെയ്യാന്‍ സജ്ജമാക്കണമെന്നും ആയിരുന്നു അന്ത്യശാസനം. ഉദ്ഘാടനം നടത്താന്‍ ഉദ്ദേശിച്ച ദിവസങ്ങളായിട്ടും കോണ്‍ക്രീറ്റ് പണിപ്പോലും പൂര്‍ത്തിയായിട്ടില്ല.
ഇപ്പോഴും കമ്പി കെട്ടുന്ന പണികള്‍ ഇഴഞ്ഞാണ് നടക്കുന്നത്. എന്ന് കോണ്‍ക്രീറ്റ് നടക്കുമെന്ന് തീരുമാനമില്ല. ഇങ്ങനെ പോയാല്‍ അടുത്ത മാസവും പാലം പണിപ്പൂര്‍ത്തിയാകാന്‍ സാധ്യതയില്ലെന്നതാണ് സ്ഥിതി. പുതിയ പാലം എന്ന് തുറന്ന് കൊടുക്കാന്‍ പറ്റുമെന്നും യാതൊരു ഉറപ്പുമില്ല. കരാറുകാരന്റെ ഉദാസീനതയാണ് പാലം പണി ഇഴയാനുള്ള കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. 2019 നവംബറിലാണ് പാലം പൊളിച്ചത്. 25 മീറ്റര്‍ നീളമുള്ള പാലം നിര്‍മിക്കാനാണ് രണ്ടര വര്‍ഷമായി കാത്തിരിക്കുന്നത്. ഹെതര്‍ ഇന്‍ഫ്രാസ്ട്രസ്‌കച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് അഞ്ചുകോടിക്ക് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഇതിനിടയില്‍ നഗരത്തില്‍ പ്രധാന റോഡുകളും ഇടറോഡുകളും വെട്ടിപ്പൊളിച്ച് പാലങ്ങള്‍ അറ്റകുറ്റപണികള്‍ക്കായി അടച്ചത് കാരണം നഗരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക