വടക്കഞ്ചേരി: സ്വകാര്യ ബസുകളില്‍ നിന്നും ടോള്‍ പിരിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ -പാലക്കാട്, തൃശൂര്‍ – ഗോവിന്ദാപുരം റൂട്ടിലെ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി. ഇന്നലെ രാവിലെ പത്ത് മണിയോടു കൂടിയാണ് സ്വകാര്യ ബസുകളില്‍ നിന്നും ടോള്‍ പിരിക്കാന്‍ കരാര്‍ കമ്പനി ആരംഭിച്ചത്. എന്നാല്‍ ടോള്‍ നല്കാന് ബസുടമകള്‍ തയ്യാറായില്ല. ബസുകള്‍ യാത്രക്കാരുമായി ടോള്‍ പ്ലാസയില്‍ നിര്‍ത്തിയിടുകയും ചെയ്തു.
യാത്രക്കാര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് പോലീസ് ഇടപെട്ട് തല്ക്കാലം ഒരു തവണ കടത്തിവിടാന്‍ അനുമതി നല്‍കുകയായിരുന്നു. ഇത്തരത്തില്‍ പകല്‍ പന്ത്രണ്ടര വരെ ബസുകള്‍ കടത്തിവിടാന്‍ കരാര്‍ കമ്പനി തയ്യാറായി. പിന്നീട് വന്ന ബസുകളില്‍ പലതിനെയും കടത്തിവിടാത്തതിനെ തുടര്‍ന്ന് ടോള്‍ പ്ലാസയില്‍ നിന്ന് തിരിച്ച് മറ്റ് റൂട്ടികളിലൂടെ പോയി. തുടര്‍ന്ന് സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവയ്ക്കുകയായിരുന്നു.
അമിതമായ ടോള്‍ നല്കി പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ ബസ് സര്‍വ്വീസ് നടത്താന്‍ കഴിയില്ലെന്നാണ് ബസ്സുടമകള്‍ പറയുന്നത്. ബുധനാഴ്ച മുതല്‍ പാലക്കാട് നിന്നും, ത്യശൂരില്‍ നിന്നും വരുന്ന ബസ്സുകള്‍ പന്നിയങ്കര ടോള്‍ പ്ലാസയുടെ ഇരുവവശം വരെയും സര്‍വ്വീസ് നടത്താനാണ് തീരുമാനം. യാത്രക്കാര്‍ ടോള്‍ പ്ലാസ്സ വഴി നടന്ന് മറുവശത്തെ ബസില്‍ കയറി യാത്ര തുടരണമെന്നാണ് ബസുടമകള്‍ പറയുന്നതെങ്കിലും, ഇത് എത്രമാത്രം പ്രായോഗികമാകുമെന്ന് കണ്ടറിയണം. ഇതിനിടെ ഇതുവഴി വന്ന കെഎസ്ആര്‍ടിസി ബസുകളില്‍ നിന്നും ടോള്‍ പിരിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ബസുകള്‍ നിര്‍ത്തിയിട്ടു.
ഭൂരിഭാഗം കെഎസ്ആര്‍ടിസി ബസുകളിലും ഫാസ്ടാഗ് സംവിധാനമുണ്ടെങ്കിലും തൃശൂര്‍ – പാലക്കാട് റൂട്ടിലെ പല ബസുകളിലും ഈ സംവിധാനമില്ല. ഉടന്‍ തന്നെ കെഎസ്ആര്‍ടിസി ബസുകളില്‍ ഫാസ് ടാഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ ട്രാന്‍സ് പോര്‍ട്ട് ഓഫീസര്‍ ടി.എ. ഉബൈദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: