ലക്നൗ: സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത് ‘ന്യൂസ് മിനിട്ട്’ പോർട്ടലിനു നൽകിയ അഭിമുഖം കാപ്പന്റെ ജാമ്യാപേക്ഷയ്ക്കു പാരയായി. സിദ്ദിഖ് കാപ്പന്റെ ഭാര്യയും സംഘവും യുഎപിഎ കേസിലെ സാക്ഷികളെ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയാണെന്നും കാപ്പനു ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നും യുപി പോലീസ് ലക്നൗ ഹൈക്കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ വാദിച്ചു.
പോലീസിന്റെ എതിർസത്യവാങ്മൂലത്തിനു മറുപടി നൽകാൻ മാർച്ച് 28 വരെ കാപ്പന്റെ അഭിഭാഷകനു സമയം നൽകിയെങ്കിലും മറുപടി സമർപ്പിച്ചില്ല. ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി മറുപടിയൊന്നുമില്ലേയെന്നു കാപ്പന്റെ അഭിഭാഷകൻ ഇഷാൻ ബാഗേലിനോടു ചോദിച്ചു. യുഎപിഎ കേസിൽ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതു ഗുരുതര കുറ്റകൃത്യമാണെന്ന് യുപി പോലീസ് അഭിഭാഷകൻ കോടതിയിൽ വാദിച്ചപ്പോൾ കാപ്പന്റെ അഭിഭാഷകന് ഉത്തരംമുട്ടി. കേസിൽ സാക്ഷിയായ മനോരമ ലേഖകൻ വി.വി.ബിനുവിനെ ഭീഷണിപ്പെടുത്തുന്ന തരത്തിലായിരുന്നു റെയ്ഹാനത്തിന്റെ അഭിമുഖമെന്നു യുപി പോലീസ് തെളിവു സഹിതം ചൂണ്ടിക്കാട്ടി.
യുപി പോലീസിന്റെ എതിർ സത്യവാങ്മൂലത്തിൽ കാപ്പന്റെ അഭിഭാഷകൻ മറുപടി സമർപ്പിക്കാത്ത സാഹചര്യത്തിൽ ജാമ്യാപേക്ഷ ഏപ്രിൽ 20നു വിധി പറയാൻ മാറ്റി വച്ചു. സിദ്ദിഖ് കാപ്പൻ പ്രതിയായ യുഎപിഎ കേസിൽ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഗൗരവത്തിലെടുത്തിട്ടുണ്ട്. സാക്ഷികൾക്കു ഭീഷണിയാകുന്ന തരത്തിൽ വാർത്ത നൽകിയ ന്യൂസ് മിനിട്ട്, ന്യൂസ് ലോൺട്രി പോർട്ടലുകളുടെ ക്രൗഡ് ഫണ്ടിങ് പരിശോധിക്കാൻ ആഭ്യന്തര മന്ത്രാലയം അന്വേഷണ ഏജൻസികൾക്കു നിർദേശം നൽകി.
ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശാനുസരണം ന്യൂസ് ലൗൺട്രി, ന്യൂസ് മിനിട് പോർട്ടലുകൾക്കെതിരെ പ്രസ് കൗൺസിൽ കേസും രജിസ്റ്റർ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: