കാസര്‍കോട്: നോമ്പു കാലത്തിനു ഒപ്പം കടുത്ത വേനലും എത്തിയതോടെ സംസ്ഥാനത്ത് പഴം വിപണിയില്‍ വില കുതിച്ചുയരുന്നു. 10 മുതല്‍ 30 രൂപവരെയാണ് വില വര്‍ധിപ്പിച്ചിട്ടുള്ളത്. നോമ്പു കാലം തുടങ്ങുന്നതിനു മുമ്പ് ഒരു കിലോ നാരങ്ങയ്‌ക്ക് 80 രൂപയായിരുന്നുവെങ്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇപ്പോള്‍ 110 രൂപ വരെ ഈടാക്കുന്നു. 50 രൂപ ഉണ്ടായിരുന്ന കറുത്ത മുന്തിരിക്കു രണ്ടു ദിവസം കൊണ്ട് 70 രൂപയായി.
എണ്‍പതു രൂപ ഉണ്ടായിരുന്ന അനാറിനു 130 രൂപയും. 170 രൂപ ഉണ്ടായിരുന്ന ആപ്പിളിനു 200 മുതല്‍ 210 രൂപവരെയുമായി. നോമ്പു കാലത്തിനു ഒപ്പം കടുത്ത വേനല്‍ക്കാലവും പഴവര്‍ഗ്ഗങ്ങളുടെ വിലക്കയറ്റത്തിനു ഇടയാക്കുന്നതായി വ്യാപാരികള്‍ പറയുന്നു. പഴവര്‍ഗ്ഗങ്ങളുടെ ലഭ്യതക്കുറവും വിലക്കയറ്റത്തിനു ഇടയാക്കുന്നതായി കൂട്ടിച്ചേര്‍ത്തു.
റമദാനോടനുബന്ധിച്ച് തമിഴ്നാട്ടിൽനിന്നുള്ള സിന്ദൂരം, ആന്ധ്രയിൽനിന്നുള്ള ബംഗനപ്പള്ളി മാങ്ങകൾ വിപണിയിൽ എത്തിയിട്ടുണ്ട്. ഇവക്ക് രണ്ടിനും കിലോക്ക് 90 രൂപയാണ് വില. മൂവാണ്ടന് 80 രൂപയുമാണ്. ഓറഞ്ചിന് 80ഉം ബുർത്തുകാലിന് 110ഉം ആപ്പിളിന് 160 രൂപയുമാണ് വില. ഗ്രീൻ ആപ്പിളിന് 200ന് മുകളിലുമാണ്. കഴിഞ്ഞ ആഴ്ചയിലെ വിലയേക്കാൾ 10-30 വരെ വില കൂടിയിട്ടുണ്ട്. ജ്യൂസ് മുന്തിരിക്ക് 60, കറുത്ത കുരുവില്ലാത്ത മുന്തിരിക്ക് 120, പച്ചമുന്തിരിക്ക് 80 രൂപ എന്നിങ്ങനെയാണ് വില.
നേന്ത്രപ്പഴത്തിന് വില കുതിച്ചുയരുകയാണ്. 40-50 രൂപ വിലയുണ്ടായിരുന്ന നേന്ത്രപ്പഴം 65ൽ എത്തിയിരിക്കുകയാണ്. റമദാനിലെ പ്രധാന ഫലവർഗമായ തണ്ണിമത്തന് 20 രൂപയും ഇറാനി തണ്ണിമത്തന് 18 രൂപയുമാണ് വില. കഴിഞ്ഞയാഴ്ചയിലെ വിലയേക്കാൾ മൂന്ന് മുതൽ അഞ്ചുരൂപ വരെ വർധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: