ന്യൂദല്‍ഹി: ചൂടുള്ള വാദപ്രതിവാദങ്ങള്‍ക്ക് ശേഷം ക്രിമിനല്‍ നടപടിക്രമ (തിരിച്ചറിയല്‍) ബില്‍ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി.അറസ്റ്റിലാകുന്നവരുടെയും വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളുടെയും രക്തസാമ്പിളുകള്‍, ബയോമെട്രിക് രേഖകള്‍ എന്നിവയടക്കം ശേഖരിക്കാന്‍ പൊലീസിന് അധികാരം നല്‍കുന്നതാണ് ഈ ബില്‍.
ബില്ലിനെക്കുറിച്ച് ആശങ്കകള്‍ വേണ്ടെന്നും ആധുനികകാലത്തെ കുറ്റകൃത്യങ്ങളെ പഴഞ്ചന്‍ തന്ത്രങ്ങള്‍ കൊണ്ടു നേരിടാനാകില്ലെന്നും പഴയ നിമയത്തിലെ പഴുതടയ്ക്കുന്നതാണ് പുതിയ നിയമമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. നിയമം പാലിച്ചു ജീവിക്കുന്നവരുടെ മനുഷ്യാവകാശങ്ങളും പാലിക്കപ്പെടണം. പുതിയ പരിഷ്കരണത്തോടെ കുറ്റവാളികളെക്കാള്‍ രണ്ടടി മുന്‍പെ പൊലീസിന് നീങ്ങാനാകും.- ബില്‍ മനുഷ്യാവകാശങ്ങളെ ഹനിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങളെ ഖണ്ഡിച്ച് അമിത് ഷാ പറഞ്ഞു.
ബില്‍ മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണെന്നും പാര്‍ലമെന്റ് സമിതിയുടെ പരിശോധനയ്ക്ക് വിടണമെന്നും പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് അപമാനകരമാണ് ബില്ലെന്ന് എന്‍.കെ. പ്രേമചന്ദ്രന് പറഞ്ഞു. സ്വാതന്ത്ര്യസമരത്തെ ഇല്ലാതാക്കാന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന നിയമമാണ് പരിഷകരിച്ചു നടപ്പിലാക്കുന്നതെന്ന് കോണ്‍ഗ്രസ് അംഗം മനീഷ് തിവാരി പറഞ്ഞു.
ക്രിമിനല്‍ കേസുകളില്‍ പ്രതിയാക്കപ്പെട്ടവരുടെയും കുറ്റവാളികളുടെയും ശാരീരിക- ബയോമെട്രിക് സാമ്പിളുകള്‍ ശേഖരിക്കാന്‍ പൊലീസിന് അധികാരം നല്‍കുന്നതാണ് ഈ നിയമം. ബില്ലിലെ വ്യവസ്ഥപ്രകാരം ഒരു സ്റ്റേഷനിലെ ഹെഡ്കോണ്‍സ്റ്റബിളിന് ക്രിമിനല്‍ കേസുകളില്‍ കുറ്റവാളികളുടെയും ശാരീരിക-ജൈവ തെളിവുകള്‍ ശേഖരിക്കാം. ജയിലിലാണെങ്കില്‍ വാര്ഡന് തെളിവെടുക്കാന്‍ അധികാരം ഉണ്ടാകും. തെളിവ് ശേഖരണത്തില്‍ ആധുനിക വിദ്യകള്‍ ഉപയോഗിക്കാന്‍ അവസരമൊരുക്കുന്നതാണ് നിയമം.
1920 മുതലുള്ള ഇപ്പോഴത്തെ നിയമപ്രകാരം വിരലടയാളം, കാലടയാളം തുടങ്ങിയ മാത്രമേ ശേഖരിക്കാന്‍ പാടൂ. എന്നാല്‍ നിയമാനുസൃതമായ അളവുകള്‍ക്കുള്ള സാധ്യത വികസിപ്പിക്കാനും അതുവഴി അന്വേഷണ ഏജന്സിള്ക്ക് കേസുകളില്‍ വേഗത്തില്‍ തീര്‍പ്പാക്കാനും വേണ്ടിയാണ് നിയമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: