ന്യൂദല്‍ഹി: കേന്ദ്ര വാണിജ്യവ്യവസായ, ഉപഭോക്തൃകാര്യ, ഭക്ഷ്യപൊതുവിതരണ, ടെക്സ്റ്റൈല്‍സ് മന്ത്രി പിയൂഷ് ഗോയല്‍, അഞ്ച് ദിവസത്തെ ഓസ്ട്രേലിയ സന്ദര്‍ശനത്തിനായി ഇന്ന് ന്യൂ ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. ഏപ്രില്‍ രണ്ടിന് ഇന്ത്യയും ഓസ്ട്രേലിയയും സാമ്പത്തിക സഹകരണവും വ്യാപാര കരാറും (IndAus ECTA) ഒപ്പുവെച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം.
സന്ദര്‍ശനത്തിന്റെ ഭാഗമായി ഗോയല്‍ ഓസ്ട്രേലിയയുടെ വ്യാപാര, വിനോദ സഞ്ചാര, നിക്ഷേപ മന്ത്രി ഡാന്‍ ടെഹനുമായി ഇ.സി.ടി.എ മുന്നോട്ട് കൊണ്ടുപോകുന്നത് സംബന്ധിച്ച് വിപുലമായ ചര്‍ച്ചകള്‍ നടത്തും.ഒരു ദശാബ്ദത്തിനിപ്പുറം, ഒരു വികസിത രാജ്യവുമായുള്ള ഇന്ത്യയുടെ ആദ്യത്തെ വ്യാപാര കരാറാണ് ഇസിടിഎ. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു വ്യവസ്ഥാപിത സംവിധാനം ഇത് ഉറപ്പുനല്‍കുന്നു.
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക വാണിജ്യ പ്രതിനിധി ടോണി ആബട്ട്, നിരവധി മന്ത്രിമാര്‍ എന്നിവരുമായും മന്ത്രി പിയൂഷ് ഗോയല്‍ ചര്‍ച്ച നടത്തും. ഇന്ത്യയുടെ 17ാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഓസ്ട്രേലിയ. അതേസമയം, ഓസ്ട്രേലിയയുടെ ഒമ്പതാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഭാരതം.
ഇസിടിഎ കരാര്‍ വഴി അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഉഭയകക്ഷി വ്യാപാരം 27.5 ബില്യണ്‍ ഡോളറില്‍ നിന്ന് (2021) 45 മുതല്‍ 50 ബില്യണ്‍ ഡോളര്‍ വരെ, ഏകദേശം ഇരട്ടിയായി വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇസിടിഎ, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ജീവിത നിലവാരം ഉയര്‍ത്തുകയും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പത്തുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും എന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: