ന്യൂദല്‍ഹി: ഉക്രൈനും റഷ്യയും തമ്മില്‍ സമാധാനത്തിന്റെ പാത വെട്ടിത്തുറന്നില്ലെങ്കില്‍ ലോകത്തിന്റെ സമാധാനം നഷ്ടപ്പെടുന്ന സ്ഥിതിവിശേഷമാണിപ്പോള്‍. പക്ഷെ ഈ സമാധാനദൗത്യം ഏറ്റെടുക്കേണ്ട മധ്യസ്ഥന്‍ ആരാണ്? രണ്ട് മധ്യസ്ഥചര്‍ച്ചകള്‍ നടന്നു. ആദ്യത്തേത് ബെലാറൂസിലും രണ്ടാമത്തേത് തുര്‍ക്കിയിലെ ഇസ്താംബൂളിലും. പക്ഷെ രണ്ടു ചര്‍ച്ചകളും പരാജയമായിരുന്നു. സമാധാനചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന മധ്യസ്ഥന്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ട രണ്ടു ശക്തികള്‍ക്കും ഒരു പോലെ വിശ്വസ്തന്‍ ആയിരിക്കണം. എങ്കിലേ വിട്ടുവീഴ്ചകളും സമവായങ്ങളും കൊണ്ടുവരാന്‍ കഴിയൂ. ഇന്ന് ഈ മധ്യസ്ഥന്റെ റോള്‍ ഏറ്റെടുക്കാന്‍ ഒരാള്‍ക്കേ കഴിയൂ. അത് ഇന്ത്യയ്‌ക്കും അതിന്റെ തലവന്‍ നരേന്ദ്രമോദിയ്‌ക്കുമാണ്. ഉക്രൈനിലേക്കുള്ള സമാധാന പാത ദല്‍ഹി വഴി ഒരുക്കാനുള്ള നയതന്ത്രത്തിന്റെ സുവര്‍ണ്ണ നിമിഷം ഇന്ത്യയ്‌ക്ക് സമാഗതമായിരിക്കുകയാണ്.
ഇതിന്റെ തെളിവാണ് ലോകരാഷ്‌ട്ര നേതാക്കള്‍ ഒന്നിനുപുറകെ ഒന്നായി ഇന്ത്യയില്‍ എത്തിച്ചേരുന്നത്. ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി ലിസ് ട്രസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ചൈനീസ് വിദേശകാര്യ മന്ത്രി വാങ്ങ് യി, യുഎസ് ഡപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്….അങ്ങിനെ ഒരു പിടി നേതാക്കള്‍ ഇന്ത്യയില്‍ എത്തി. വൈകാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ദല്‍ഹിയിലെത്തും. ഇവരെല്ലാം ഇന്ത്യയെ ഒരു മധ്യസ്ഥന്റെ റോളിന് നിര്‍ബന്ധിക്കുന്നുണ്ട്. കാരണം കടുത്ത ഉപരോധം കൊണ്ടുവന്നിട്ടും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ അടങ്ങുന്നില്ല.
പക്ഷെ യുദ്ധം അവസാനിച്ചേ മതിയാവൂ. എണ്ണയ്‌ക്കും ഗ്യാസിനും എന്നല്ല, ഒട്ടുമിക്ക ചരക്കുകള്‍ക്കും വന്‍തോതില്‍ വില കയറുകയാണ്. റഷ്യ ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കുതിക്കുന്നു. ഉക്രൈനാകട്ടെ ജീവകാരുണ്യത്തിന്റെ ആലിംഗനം അത്യാവശ്യമാണ്. ഇതെല്ലാം ഒരു വലിയ സമാധാനദൗത്യത്തിലേക്കാണ് റഷ്യയെയും ഉക്രൈനെയും മാടിവിളിക്കുന്നത്.
മധ്യസ്ഥതയ്‌ക്ക് മുതിര്‍ന്നാല്‍ ഒരു ആഗോളശക്തിയായി ഉയരാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യയ്‌ക്ക് കൈവരുന്നത്. ഇതോടെ ചൈനയുടെ ഭീഷണി ഒരു പക്ഷേ എന്നെന്നേയ്‌ക്കുമായി ഒഴിവാക്കാന്‍ ഇന്ത്യയ്‌ക്കാവും. കാരണം ലോകത്തിലേക്ക് സമാധാനത്തിന്റെ വാതില്‍ തുറന്നിട്ട മധ്യസ്ഥന്റെ പദവി ചൈനയേക്കാള്‍ എത്രയോ ഉയരത്തിലാകും. മാത്രമല്ല, യുഎസിനും യൂറോപ്പിനും ചൈനയെപ്പോലെ കുതിച്ചുയരുന്ന ആഗോളശക്തിയെ തളയ്‌ക്കാന്‍ ഇന്ത്യയെപ്പോലെ ഒരു തന്ത്രപ്രധാന പങ്കാളി അത്യാവശ്യമാണ്.
ഇതുവരെ യുദ്ധത്തില്‍ ഇന്ത്യ നിഷ്പക്ഷ നിലപാടാണ് പുലര്‍ത്തിയത്. യുഎന്നില്‍ റഷ്യയെ അപലപിക്കുന്ന പ്രമേയത്തിനുള്ള വോട്ടെടുപ്പില്‍ ഇന്ത്യ വിട്ടുനിന്നു. അതേ സമയം റഷ്യയെയും ഉക്രൈനെയും സമാധാനത്തിന്റെ പാതയിലേക്ക് വരാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇന്ത്യയിലെ 22000 വിദ്യാര്‍ത്ഥികളെ 90 വിമാനങ്ങളില്‍ രാജ്യത്തെത്തിക്കാനുള്ല ദൗത്യത്തില്‍ പ്രധാനമന്ത്രി മോദി ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കിയെയും റഷ്യന്‍ പ്രസിഡന്‍റ് പുടിനെയും ദീര്‍ഘനേരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതിന്റെ ഫലമായി ഉക്രൈനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചശേഷമാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചെടുത്തത്.
ക്രൈനിലെ ബുച്ചയില്‍ നടന്ന മൃഗീയമായ കൂട്ടക്കൊലയുടെ പേരില്‍ പുടിനെ യുദ്ധക്കുറ്റത്തിന്റെ പേരില്‍ വിചാരണ ചെയ്യണമെന്ന നിലപാടിലാണ് അമേരിക്ക. ഡൊണ്‍ബാസ് റഷ്യയുടെ സ്വന്തം പ്രദേശമാക്കി പ്രഖ്യാപിക്കുന്നതില്‍ നിന്നും പിന്നോട്ട് പോരാന്‍ റഷ്യ തയ്യാറല്ല. ഒപ്പം ഉക്രൈന്‍ നാറ്റോയില്‍ അംഗമായി ചേരാനുള്ള നിലപാട് പാടെ ഒഴിവാക്കണം. എന്നാല്‍ ഉക്രൈനാകട്ടെ റഷ്യയുടെ അധിനിവേശം 100 ശതമാനം ഒഴിവാക്കപ്പെടണം എന്ന കടുത്ത നിലപാടുണ്ട്. റഷ്യയ്‌ക്കെതിരായ ഉപരോധങ്ങള്‍ പിന്‍വലിക്കപ്പെടണം. അതുവഴി സാമ്പത്തികചക്രം പഴയതുപോലെ കറങ്ങണം. അതിന് അമേരിക്കയും യൂറോപ്പും വഴങ്ങുമോ? യുദ്ധക്കുറ്റത്തിന്റെ പേരില്‍ പുടിനെ വിചാരണചെയ്യണമെന്നും ഉക്രൈന് നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള ആവശ്യം യുഎസും യൂറോപ്പും മുന്നോട്ട് വെയ്‌ക്കുന്നു. സമാധാനത്തിന്റെ പാത അങ്ങേയറ്റം ഇടുങ്ങിയതും ദുഷ്കരവുമാണ്. പക്ഷെ അത് സാധ്യമായാല്‍ ലോകത്തിന്റെ മറ്റൊരു ചരിത്രനിമിഷമായി അത് മാറും.
ഇന്നിപ്പോള്‍ പാശ്ചാത്യ ശക്തികളെ സംബന്ധിച്ചിടത്തോളം പുടിനെ അനുനയിപ്പിക്കാനും സമാധാനത്തിലേക്ക് കൊണ്ടുവരാനും ഒരു ശക്തിക്കേ സാധിക്കൂ- അത് ഇന്ത്യയും മോദിയുമാണ്. ഈ സുവര്‍ണ്ണാവസരം വിജയിച്ചാല്‍ ഇന്ത്യ ലോകത്തിന്റെ വിശ്വഗുരുവായി കുതിച്ചുയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: