തൃശ്ശൂര്‍: കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തൃശ്ശൂര്‍ പൂരം മികച്ച നിലയില്‍ ആഘോഷിക്കാന്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്, റവന്യൂ മന്ത്രി കെ. രാജന് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. വെടിക്കെട്ടിന് ആവശ്യമായ ലൈസന്‍സുകളും മറ്റും സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കാനും യോഗം നിര്‍ദ്ദേശിച്ചു.
വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് ചുറ്റുമുള്ള ബാരിക്കേഡ് നിര്‍മ്മാണം മെയ് 6ന് മുന്‍പായി പൂര്‍ത്തീകരിക്കാനും നിര്‍ദേശമുണ്ട്. വിവിധ വകുപ്പുകള്‍ പൂരത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കേണ്ട കാര്യങ്ങളും അനുമതിയും സമയബന്ധിതമായി നേടി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഈ മാസം പകുതിയോടെ മന്ത്രിതലയോഗം ചേര്‍ന്ന് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.
പെസോ നിര്‍ദ്ദേശ പ്രകാരമുള്ള നിശ്ചിത അകലം പാലിച്ച് മാത്രമേ പൊതുജനങ്ങളെ പൂരത്തിന് അനുവദിക്കൂ. ഘടക പൂരങ്ങള്‍ക്ക് തടസമാകുന്ന ഇലക്ട്രിക് ലൈനുകള്‍ സംബന്ധിച്ച് തൃശൂര്‍ നഗരസഭ, കെഎസ്ഇബി, ദേവസ്വങ്ങള്‍ എന്നിവര്‍ സംയുക്ത പരിശോധന നടത്തി മാറ്റി സ്ഥാപിക്കേണ്ടവ മാര്‍ക്ക് ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി. പൂരത്തില്‍ പങ്കെടുക്കുന്ന ആനകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട അധികാരികളില്‍ നിന്നും പൂരത്തിന് തലേ ദിവസം തന്നെ ഉറപ്പാക്കും.
വെടിക്കെട്ട് സ്ഥലത്തിന് ചുറ്റുമുള്ള ബാരിക്കേഡ് നിര്‍മ്മാണം, ഭക്ഷണ വിതരണം, ആവശ്യമായ സിസിടിവി സര്‍വൈലന്‍സ്, പൂരപ്പറമ്പിലെ അനൗണ്‍സ്മെന്റ് എന്നീ ചുമതലകള്‍ ദേവസ്വങ്ങള്‍ വഹിക്കും. സുരക്ഷയുടെ ഭാഗമായി വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിന് ചുറ്റുമുള്ള ഫയര്‍ ഹൈഡ്രാന്റ് ലൈന്‍ 24 മണിക്കൂറും ചാര്‍ജ്ജ് ചെയ്യാനുള്ള നടപടി സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പി. ബാലചന്ദ്രന് എംഎല്‍എ, മേയര്‍ എം.കെ. വര്‍ഗീസ്, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക്, ദേവസ്വം പ്രിന്‍സിപ്പല്‍ സെകട്ടറി കെ.ആര്. ജ്യോതിലാല്‍, ഡിഐജി എ. അക്ബര്‍, കളക്ടര്‍ ഹരിത വി കുമാര്‍, കമ്മീഷണര്‍ ആര്. ആദിത്യ, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കാലങ്ങളായി തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ച് നടത്തുന്ന പൂര പ്രദര്‍ശനത്തിന് സമാന്തരമായി മറ്റൊരു പ്രദര്‍ശനം നടത്താനുള്ള സര്‍ക്കാര്‍ നീക്കം തൃശ്ശൂര്‍ പൂരത്തെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ഹിന്ദുഐക്യവേദി ജില്ലാ കമ്മിറ്റി. പൂര പ്രദര്‍ശനത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് തൃശ്ശൂര്‍ പൂരം ഭംഗിയായി നടത്തുന്നത്. അതില്‍ കുറവുണ്ടായാല്‍ അത് ഘടകപൂരങ്ങളുടെ സുഗമമായ നടത്തിപ്പിനെ വരെ ബാധിക്കും. സമാന്തര പ്രദര്‍ശനം നടത്താന്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് വടക്കുന്നാഥ ക്ഷേത്ര മൈതാനം വിട്ടുകൊടുക്കരുത്. എല്ലാ വര്‍ഷവും പൂര സമയത്ത് ഓരോ വിവാദങ്ങള്‍ ഉയര്‍ന്നു വരുന്നത് പൂരത്തിന്റെ മാറ്റു കുറയ്ക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൂരത്തെ അട്ടിമറിക്കാനുള്ള ഈ ശ്രമത്തിനെതിരെ മുഴുവന്‍ പൂര പ്രേമികളും രംഗത്ത് വരണം.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബാലന് പണിക്കശ്ശേരി അധ്യക്ഷനായി. ജില്ലാ ജന. സെക്രട്ടറിമാരായ പ്രസാദ് കാക്കശേരി, പി.എന്‍. അശോകന്, വര്‍ക്കിങ് പ്രസിഡന്റ് എ.എ. ഹരിദാസ്, ട്രഷറര്‍ വി. മുരളീധരന്, സെക്രട്ടറിമാരായ ഹരി മുള്ളൂര്‍, സി.ബി. പ്രദീപ്, ജോ. ട്രഷറര്‍ രാജന് കുറ്റുമുക്ക് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: