അഞ്ചാലുംമൂട്: വേനല്‍ചൂട് അതിരൂക്ഷമായതോടെ വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് ക്ഷീരകര്‍ഷകര്‍. വേനല്‍ചൂട് കടുത്തതോടെ പശുക്കളുടെ പാലിന്റെ അളവും കുറഞ്ഞു. ശരാശരി രണ്ട് ലിറ്റര്‍ പാലിന്റെ കുറവാണ് ഒരോ കറവ പശുക്കളിലും കാണുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.
വേനല്‍ക്കാലത്ത് കൂടുതല്‍ പാല് ലഭിക്കുന്ന വിദേശ സങ്കരയിനം പശുക്കളുടെ ക്ഷീണവും അസുഖങ്ങളും തണുപ്പ് കാലത്തെ അപേക്ഷിച്ച് കൂടുതലായെന്നാണ് സൂചന. തീറ്റ ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ മില്‍മ സൊസൈറ്റികള്‍ വഴി എടുക്കുന്ന പാലിന് വിലയും കുറവാണെന്നാണ് കര്‍ഷകരുടെ സങ്കടം. ഈ രീതി തുടര്‍ന്നാല്‍ ഈ സംരംഭം തുടരാന്‍ പോലും പറ്റാത്ത ഗതികേടിലാണ് ക്ഷീര കര്‍ഷകര്‍ ഇന്നുള്ളത്. ഇത് പൂര്‍ണ്ണമായും നിര്‍ത്തിയാല്‍ പിന്നെ എന്താണ് അടുത്തമാര്‍ഗ്ഗം എന്ന് അറിയാത്തതൊന്നുകൊണ്ടു മാത്രമാണ് ഈ മേഖലയില്‍ പലരും തുടരുന്നത്.
സാധാരണ കൊടുത്ത് കൊണ്ടിരിക്കുന്ന തീറ്റയില്‍ എന്തെങ്കിലും കുറവ് സംഭവിച്ചാല്‍ പാലിന്റെ അളവ് വീണ്ടും ഗണ്യമായ രീതിയില്‍ കുറയും. പച്ചപുല്ലിന്റെ കുറവ് ഈ സമയത്ത് കര്‍ഷകരെ നല്ല രീതിയില്‍ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ കുറവ് പരിഹരിക്കാന്‍ ധാരാളം കൈതീറ്റകള്‍ കൊടുക്കുകയാണ്. ഇതും അധിക ചെലവാണ് കര്‍ഷകര്‍ക്ക് വരുത്തുന്നത്.
പച്ചപ്പുല്ലുകളുടെ ലഭ്യത കുറഞ്ഞത് കാരണം അധിക വില നല്‍കി തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവരുന്ന കച്ചി നല്‍കേണ്ടി വരുന്നു. ഇതും വേനല്‍ക്കാലത്ത് കര്‍ഷകരെ സംബന്ധിച്ച് ഭാരിച്ച ചെലവു തന്നെ. സര്‍ക്കാര്‍ അടിയന്തിരമായി ഈ മേഖലയില്‍ ഇടപെട്ടില്ലെങ്കില്‍ പ്രതിസന്ധികളില്‍ നിന്ന് കരകയറാനാവാതെ കര്‍ഷകര്‍ കടുത്ത നിലപാടിലേക്ക് പോകുമെന്നാണ് മുന്നറിയിപ്പ്.
വേനല്‍ക്കാലത്ത് എങ്കിലും തീറ്റപ്പുല്ലും തീറ്റകളും സബ്‌സിഡി ഇനത്തില്‍ പാല് സംഭരിക്കുന്ന സൊസൈറ്റികള്‍ വഴി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ആവശ്യം. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ ഇതല്ലാതെ ഒരു മാര്‍ഗ്ഗവുമില്ലെന്ന് സാധാരണകര്‍ഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: