കൊല്ലം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 50,000 രൂപ നല്കുന്നതില് കൂടുതല്‍ വ്യക്തത വരുത്തി സര്‍ക്കാര്‍. അര്‍ഹതയുള്ള നിരവധി പേര്‍ക്ക് നിസ്സാര കാരണങ്ങളാല്‍ പോലും പണം നിധേഷിക്കുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ജില്ലാ കളക്ടര്‍മാര്‍ക്ക് പുതിയ സര്‍ക്കുലര്‍ അയച്ചത്.
ബാങ്ക് അക്കൗണ്ട് സമര്‍പ്പിക്കാത്തതിന്റെ പേരില്‍ തുക നല്കാന് കാലതാമസം ഉണ്ടാകരുതെന്നും ഇത്തരം കേസുകളില്‍ അവകാശിക്ക് തുക നേരിട്ട് നല്കാന് ക്രമീകരണം നടത്തണമെന്നും ഉത്തരവിലുണ്ട്. കിടപ്പു രോഗികള്‍ മുതലായ അവകാശികള്‍ക്ക് റവന്യു അധികാരികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവരെ പരിചരിക്കുന്ന ഏറ്റവും അടുത്ത ബന്ധുവിന് തുക നല്‍കണം.
വിദേശത്തു താമസിക്കുന്നവര്‍ അവരുടെ മതിയായ രേഖകള്‍ സഹിതം നാട്ടിലുള്ള ഒരാളെ ചുമതലപ്പെടുത്തിയാല്‍ അവര്‍ക്ക് തുക നല്‍കാം. അത്തരത്തില്‍ അപേക്ഷ നല്കാന് തയ്യാറല്ലാത്തതും ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തതുമായ കേസുകളുടെ പട്ടിക പ്രത്യേകം തയ്യാറാക്കണം.
മരിച്ച വ്യക്തിക്ക് ഒന്നില്‍ കൂടുതല്‍ അവകാശികള്‍ ഉണ്ടെങ്കില്‍ എല്ലാവരും ചേര്‍ന്ന് ഒരാളെ ചുമതലപ്പെടുത്തിയാല്‍ റവന്യു വകുപ്പിന്റെ അന്വേഷണത്തിന് ശേഷം തുക അയാള്‍ക്ക് നല്‍കണമെന്നും ഉത്തരവിലുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: