അപ്രതീക്ഷിതമായി ഒരു രാത്രിയാത്രയില്‍ ഉണ്ടാവുന്ന അനിശ്ചിതത്തവും, തുടര്‍ന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമായി, പ്രേക്ഷകര്‍ക്ക് ഞെട്ടിക്കുന്ന അനുഭവങ്ങള്‍ പകര്‍ന്നു നല്കുന്ന അതേഴ്സ് എന്ന സിനിമ, അവസാനഘട്ട ജോലികളും കഴിഞ്ഞ്, റിലീസിന് തയ്യാറെടുക്കുന്നു. വൈഡ് സ്ക്രീനിന്റെ ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദന് നിര്‍മിക്കുന്ന ഈ ചിത്രം, നടനും, മോഡലുമായ ശ്രീകാന്ത് ശ്രീധരന് കഥ, തിരക്കഥ, സംവിധാനവും നിര്‍വ്വഹിക്കുന്നു.
ട്രാന്സ്ജന്ഡര് കമ്മ്യുണിറ്റിക്കെതിരെ ഇനിയും ഉറക്കം നടിക്കുന്ന നമ്മുടെ സമൂഹത്തിന് നേരെയുള്ള ഒട്ടനവധി ചോദ്യങ്ങളും, അതിലുപരി അതിനൊക്കെയുള്ള ഉത്തരങ്ങളും നല്‍കുകയാണ് അതേഴ്സ് എന്ന സിനിമയിലെ ഇതിവൃത്തത്തിലൂടെ സംവിധായകന് ശ്രീകാന്ത് ശ്രീധരന്.
സവര്‍ണ്ണ മുതലാളിത്ത, യാഥാസ്ഥിതിക ജീവിതരീതി അനുസരിച്ച് ജീവിക്കുന്ന അക്ഷയ് മേനോന് എന്ന യുവ ഡോക്ടറുടെ ഒരു രാത്രിയാത്രയില്‍, തികച്ചും യാദൃശ്ചികമായി ഉണ്ടാകുന്ന സംഭവ വികാസങ്ങളും, അതില്‍ ഭാഗവാക്കാവുന്ന ഇന്നത്തെ സമൂഹത്തിന്റെയും കഥയാണ് ചിത്രത്തില്‍ കടന്നു വരുന്നത്.
ഡോക്ടറാവാന്‍ പഠിച്ചിരുന്ന അക്ഷയും നേഴ്സിങ് പഠിച്ചിരുന്ന പൂജയും നീണ്ട കാലത്തെ പ്രണയത്തിന് ശേഷം പരസ്പരം വിവാഹിതരായി. വെറും എംബിബിഎസ് കാരനായ അക്ഷയ് മേനോന്, തുടര്‍ന്ന് പഠിക്കാനുള്ള ആവശ്യങ്ങള്‍ക്കായി ഭാര്യ പൂജയെ നേഴ്സിങ് ജോലിക്കായി വിദേശത്തേക്ക് പറഞ്ഞയക്കുന്നു.തന്റെ ഉയര്‍ന്ന ഡിഗ്രി പഠനത്തിന് ശേഷം, ഭാഗ്യം കൂടി കൂട്ടിനെത്തിയപ്പോള്‍ ഡോക്ടര്‍ അക്ഷയ് മേനോന് നഗരത്തിലെ അറിയപ്പെടുന്ന ഡോക്ടറായി മാറി. അതോടെ തന്റെ ഭാര്യ നേഴ്സിംഗ് ജോലി ചെയ്യുന്നതില്‍ അതൃപ്തി തോന്നി തുടങ്ങിയ അക്ഷയ്, ഭാര്യയോട് അവിടത്തെ ജോലി മതിയാക്കി നാട്ടില്‍ വരാന്‍ പറയുന്നു. പക്ഷേ, സ്വന്തം കാലില്‍ ഉറച്ചു നില്ക്കാന് ആഗ്രഹിക്കുന്ന പൂജക്ക് ഇത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റുന്ന കാര്യമായിരുന്നില്ല.അവര്‍ അക്ഷയിനോട് തന്നോടൊപ്പം വിദേശത്തേക്ക് പോരാന്‍ ആവശ്യപ്പെടുകയും ചെയ്തു.
നാട്ടില്‍ വെക്കേഷനെത്തിയ ഭാര്യയോട് അക്ഷയ് വീണ്ടും തന്റെ ആവശ്യം ആവര്‍ത്തിക്കുന്നു. ഇതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ഇതെല്ലാം അവഗണിച്ച്, പൂജ വീണ്ടും വിദേശത്തേക്ക് മടങ്ങാന്‍ തീരുമാനിച്ചു. മനസില്ലാമനസ്സോടെ ഭാര്യയെ എയര്‍പ്പോര്‍ട്ടില്‍ യാത്രയാക്കിയ ശേഷം അക്ഷയ് തന്റെ ഫ്ലാറ്റിലേക്ക് മടങ്ങുമ്പോഴാണ് രാത്രിയിരുട്ടില്‍ നില്ക്കുന്ന സുന്ദരിയായ സ്ത്രീയെ കാണുന്നത്. തനിച്ച് നില്ക്കുന്ന പെണ്ണിനെ കണ്ടപ്പോള്‍ ആണധികാരത്തിന്റെ കാമ ചിന്ത അക്ഷയില്‍ മുളപൊട്ടുകയും വണ്ടി യുവതിയുടെ അടുത്ത് അടുപ്പിക്കുകയും, ഏത് വഴിയാണ് പോകേണ്ടത് എന്ന് അന്വേഷിക്കുകയും രാത്രി ഇവിടം സുരക്ഷിതമല്ല എന്ന് പറയുകയും ചെയ്യുന്നു.
അവള്‍ക്ക് പോകേണ്ട വഴി അല്ല അയാള്‍ക്ക് പോകേണ്ടത് എങ്കിലും താനും ആ വഴിയാണെന്ന് നുണ പറഞ്ഞ് അവളെ തന്റെ വണ്ടിയില്‍ കയറ്റുന്നു. അവരുടെ രാത്രി യാത്ര തുടങ്ങുന്നു. പണത്തിന്റെയും സ്വാധീനത്തിന്റെയും ഹുങ്ക്, ഒരു ചില്ല് കൊട്ടാരം പോലെ തകര്‍ന്ന് വീഴുന്ന നാളുകളാണ് വരാന്‍ പോകുന്നതെന്ന്, ആ യാത്ര തുടങ്ങുമ്പോള്‍ ഡോ അക്ഷയ് മേനോന് അറിഞ്ഞിരുന്നില്ല!
ഇതുവരെ മലയാള സിനിമ അവതരിപ്പിക്കാത്ത അതിശക്തമായ ട്രാന്സ്ജന്ഡര് കമ്യൂണിറ്റിയുടെ രാഷ്ട്രീയം പറയുന്ന ഈ സിനിമയില്‍, അഞ്ചോളം ട്രാന്‍സ്ജന്‍ഡേഴ്സ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. പ്രശസ്ത സംവിധായകന് ജയരാജിന്റെ അവള് എന്ന ചിത്രമുള്‍പ്പടെ ആറോളം സിനിമകള്‍ നിര്‍മ്മിച്ച ഡോ.മനോജ് ഗോവിന്ദന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച ചിത്രമാണ് അതേഴ്സ്.
വൈഡ് സ്ക്രീനിന്റെ ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദന് നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം- ശ്രീകാന്ത് ശ്രീധരന് നിര്‍വ്വഹിക്കുന്നു. ക്യാമറ- വിപിന്‍ ചന്ദ്രന്, സംഗീതം- നിഖില്‍ രാജന്, എഡിറ്റര്‍- നോബിന് തോമസ്, ഗാനരചന- ഹേമന്ത് രവീന്ദ്രന്, പിആര്‍ഒ- അയ്മനം സാജന്.
അനില്‍ ആന്റോ, റിയ ഇഷ, നിഷ മാത്യു, കെസിയ, ആര്.ജെ.രഘു, ഗോപു പട വീടന്, ആനന്ദ് ബാല്‍ എന്നിവരോടൊപ്പം മുന്‍ കോഴിക്കോട് കലക്ടര്‍ പ്രശാന്ത് ബ്രോയും, ട്രാന്‍സ്ജെന്റേഴ്സും അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: