ക്രൈസ്റ്റ്ചര്‍ച്ച്: അപൂര്‍വമായിരുന്നു ആ നേട്ടം, ആധികാരികവും. ക്രിക്കറ്റ് ലോകകപ്പില്‍ ഇത്രമേല്‍ ആധികാരികമായി അവര്‍ ചരിത്ര നേട്ടത്തിലേക്കെത്തുമെന്ന് ആരും പ്രതീക്ഷിച്ച് കാണില്ല. തോല്‍വി അറിയാതെ, ഏഴാം ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടി ഓസ്ട്രേലിയയുടെ പെണ്‍വസന്തം ആറാടുകയാണ്.
ഫൈനലില്‍ ചാമ്പ്യന്മാരുടെ പോരാട്ടമാണ് ഓസ്ട്രേലിയ നടത്തിയത്. ബാറ്റ് കൊണ്ട് എതിരാളികളെ നിഷ്പ്രഭമാക്കി. പന്ത് കൊണ്ട് പൊരുതി നിന്നു. എതിരാളികള്‍ക്ക് ഒരിക്കല്‍ പോലും ആ കിരീടത്തിലേക്ക് എത്തി നോക്കാന്‍ അവസരം നല്‍കിയില്ല. അലീസ ഹീലിയെ ഇതിഹാസമെന്ന് എത്ര തവണ വിളിക്കണമെന്നായിരുന്നു ഓസ്ട്രേലിയന്‍ കമന്ററി. അത്രമേല്‍ ഐതിഹാസിക പ്രകടനമാണ് ഫൈനല്‍ വേദിയില്‍ നടത്തിയത്. റെക്കോഡുകള്‍ പലത് കടപുഴകിയ ഫൈനലില്‍ ഓസ്ട്രേലിയന്‍ ജയം 71 റണ്‍സിന്.
സ്കോര്‍: ഓസ്ട്രേലിയ: 356-5, ഇംഗ്ലണ്ട്: 285 (43.4)
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് മോഹിപ്പിക്കുന്ന തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റ് നൂറും കടന്ന് 160ല്‍. രണ്ടാം വിക്കറ്റ് മൂന്നൂറ് കടന്നു. മുന്‍ നിര അടിച്ചു തകര്‍ത്ത മത്സരത്തില്‍ അലീസ ഹീലി (170), റേച്ചല്‍ ഹെയ്ന്‍സ് (68), ബെത്ത് ബൂണി (62) എന്നിവര്‍ കത്തിക്കയറി. ഹീലിയുടെ സെഞ്ച്വറിയാണ് ഓസ്ട്രേലിയയെ വലിയ സ്കോറിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിനായി അന്യ ശ്രുബ്സോള്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി മധ്യനിര പോരാട്ടം നടത്തിയെങ്കിലും കൃത്യമായി വിക്കറ്റുകള്‍ വീണത് തിരിച്ചടിയായി. നാറ്റ് സീവര്‍ സെഞ്ച്വറിയോടെ പൊരുതിയെങ്കിലും പിന്തുണ ലഭിച്ചില്ല. സീവര്‍ 148 റണ്‍സുമായി പുറത്താകാതെ നിന്നു. ടാമി ബീമോണ്ട് (27), ഡാനി വ്യാട്ട് (നാല്), ഹെതര്‍ നൈറ്റ് (26), എമി ജോണ്‍സ് (20), സോഫി ഡങ്ക്ളി (22) എന്നിവര്‍ പെട്ടെന്ന് പുറത്തായി. ഓസ്ട്രേലിയക്കായി അലാന കിങ്, ജെസ് ജൊനാസെന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: