ന്യൂദല്‍ഹി: മതതീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്ന് കാശ്മീരില്‍ നിന്ന് പാലായനം ചെയ്ത പണ്ഡിറ്റുകള്‍ ഉടന്‍ തന്നെ നാട്ടിലേക്ക് മടങ്ങിയെത്തണമെന്ന് ആര്.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത്. തിരികെ എത്തുന്ന പണ്ഡിറ്റുകളെ ആരും തടയില്ല. തൊണ്ണൂറുകളില്‍ സ്വന്തം നാട്ടില്‍ നിന്നു പോയവരെ എല്ലാം തിരികെ എത്തിക്കുമെന്നും നവ്രേഹ് ആഘോഷത്തിന്റെ ഭാഗമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ കശ്മീരി ഹിന്ദു സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോഹന്‍ ഭഗവത് വ്യക്തമാക്കി.
പണ്ഡിറ്റുകള്‍ അവരുടെ കാശ്മീരിലെ വീടുകളിലേക്ക് മടങ്ങുന്ന ദിവസം അടുത്തുകഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അതിനുവേണ്ടിയുള്ള എല്ലാ കാര്യങ്ങളും ചെയ്തു കഴിഞ്ഞു. സുരക്ഷയും ഉപജീവനവും ഉറപ്പുനല്‍കിയിട്ടുണ്ട്. പണ്ഡിറ്റുകള്‍ തീവ്രവാദികളുടെ ആക്രമണം ഭയന്നാണ് നാടുവിട്ടത്. നൂറ്റാണ്ടുകളായി പാലായനത്തിന്റെ പ്രയാസവുമായാണ് കശ്മീരി പണ്ഡിറ്റുകള്‍ ജീവിക്കുന്നത്. തോല്‍വി നേരിടാതെ വെല്ലുവിളികള്‍ നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയത് കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ യോഗത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: