വൈഷ്ണവി സി.എസ്
തിരുവല്ല: സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പ്രധാനമന്ത്രി പോഷണ്‍ അഭിയാന് പദ്ധതിക്ക് കീഴില്‍ ജോലി ചെയ്യുന്ന കോ-ഓര്‍ഡിനേറ്റര്‍മാരുടെയും അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരുടെയും ശമ്പളം മുടങ്ങി.
കേന്ദ്രം അനുവദിച്ച തുകയുടെ വിനിയോഗം സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ യഥാസമയം കൈമാറാത്തതും ജീവനക്കാരുടെ കരാര്‍ കാലാവധി നീട്ടിയത് കേന്ദ്രത്തെ അറിയിക്കാന്‍ വൈകിയതുമാണ് കാരണം. ജനുവരി മുതലുള്ള ശമ്പളമാണ് മുടങ്ങിയത്. മുന്‍പും ശമ്പളം വൈകിയിട്ടുണ്ടെങ്കിലും ഇത്രയും വൈകുന്നത് ആദ്യമായാണെന്ന് ഉദ്യോഗസ്ഥരും പറയുന്നു. അതേ സമയം നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് വനിത-ശിശുക്ഷേമ വകുപ്പ് അധികൃതര്‍ വിശദീകരിച്ചു.
പോഷണ്‍ അഭിയാന് പദ്ധതി പ്രകാരം സംസ്ഥാനത്താകെ മൂന്നൂറ്റിഅന്പതില് പരം കോ-ഓര്‍ഡിനേറ്ററും അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരും ഉണ്ട്. ഒരോ ജില്ലയിലും രണ്ട് പേര് വീതവും 152 ബ്ലോക്കുകളിലായി ഓരോ ബ്ലോക്കിലും രണ്ട് പേര് വീതവുമാണ് ഉള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിച്ച വ്യാഴാഴ്ചയോടെ ശമ്പളം ലഭിക്കുമെന്നായിരുന്നു ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം. എന്നാല്‍ അന്നും ലഭ്യമായില്ല. 2019 മുതല്‍ നിയമനം
ലഭിച്ച ഇവരുടെ കരാര്‍ കാലാവധി അവസാനിച്ചപ്പോള്‍ നീട്ടിക്കൊടുത്തിരുന്നു. എന്നാല്‍ ഇക്കാര്യം യഥാസമയം കേന്ദ്രത്തില്‍ അറിയിച്ചില്ല. അതേ സമയം ഇവരെ ഒഴിവാക്കി തങ്ങള്‍ക്ക് താത്പര്യമുള്ളവരെ നിയമിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ നടത്തിയ നീക്കത്തിന്റെ ഭാഗമാണെന്നും ആക്ഷേപമുണ്ട്. നിലവില്‍ ജോലി ചെയ്യുന്നവരെല്ലാം യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവരാണ്.
ജില്ലാ തലത്തില്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് 30,000 രൂപയും അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ക്ക് 18,000 രൂപയും ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ക്ക് 20,000 രൂപയും അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ക്ക് 15,000 രൂപയുമാണ് വേതനം. പോഷണ്‍ അഭിയാന് പദ്ധതി പ്രകാരം അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന മൊബൈല്‍ ഫോണിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ സംസ്ഥാനതലത്തില്‍ ക്രോഡീകരിക്കുന്ന ജോലിയാണ് കോ-ഓര്ഡിനേറ്റര്മാര്ക്കുള്ളത്. ഇതിന് അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് ഇന്‍സെന്റീവ് ആയി പ്രത്യേക തുകയും ബ്ലോക്ക്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് നിശ്ചിത തുകയും കേന്ദ്രം അനുവദിച്ചിട്ടുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: